ദുബായ്: തൊട്ടതെല്ലാം പിഴയ്ക്കുന്നു. ഭീതിയോടെയാകും ഇന്നലകളെ കോഹ്ലിയും സംഘവും വിലയിരുത്തുക. തോല്‍വിയുടെ പടുകുഴിയില്‍ ഇനിയൊരു വീഴ്ച കൂടി ഇന്ത്യക്ക് താങ്ങാനാകില്ല. സെമി സാധ്യത ഏറെക്കുറെ അവസാനിച്ചെങ്കിലും കണക്കിലെ കളി നിലനിര്‍ത്താന്‍ ഇന്ത്യക്കിന്ന് അഫ്ഗാനിസ്ഥാനെ കീഴടക്കിയേ മതിയാകൂ. അബുദാബിയില്‍ രാത്രി 7.30നാണ് നിര്‍ണായക മത്സരം.
തിരുത്തലുകള്‍ ഏറെയുണ്ട് ഇന്ത്യന്‍ നിരയില്‍ നടപ്പാക്കാന്‍. കളിക്കുന്ന പതിനൊന്ന് പേരും നിരാശപ്പെടുത്തുന്ന നിലയിലാണ് ടീം ഇന്ത്യ. എന്നാല്‍ മികച്ച ഫോമില്‍ പന്തെറിയുകയാണ് അഫ്ഗാന് സ്പിന്നര്‍മാര്‍. ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഒരിക്കല്‍കൂടി വട്ടം കറങ്ങിയാല്‍ കളി നഷ്ടപ്പെടുമെന്ന് തീര്‍ച്ച. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയങ്ങളുമായി രണ്ടാം സ്ഥാനത്താണ് അഫ്ഗാന്. പാകിസ്ഥാനോട് തോറ്റത് അവസാന ഓവറില്‍. സ്കോട്ട്ലന്‍ഡിനെ തോല്‍പ്പിച്ചത് 130 റണ്‍സിനും നമീബിയയെ തോല്‍പ്പിച്ചത് 62 റണ്‍സിനും. ഫോം വീണ്ടെടുത്തില്ലെങ്കില്‍ ഇന്ത്യക്ക് വീണ്ടുമൊരു തോല്‍വി ലോകകപ്പില്‍ നേരിടേണ്ടി വരും.
നായകന് വിരാട് കോഹ്ലിയും രോഹിത് ശര്‍മയും പക്വതയോടെ ബാറ്റ് ചെയ്യേണ്ടതുണ്ട്. മുന്‍നിര താരങ്ങള്‍ അവസാനം വരെ ബാറ്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഇംഗ്ലണ്ടിന്റെയും പാകിസ്ഥാന്റെയും മുന്നേറ്റം തെളിയിക്കുന്നു. കെ.എല്‍. രാഹുല്‍, ഇഷാന് കിഷന്, ഋഷഭ് പന്ത് എന്നിവര്‍ ഫോമിലേക്കെത്തണം. ഹാര്‍ദിക് പാണ്ഡ്യക്ക് പകരം സൂര്യകുമാര്‍ യാദവ് ടീമിലേക്ക് തിരിച്ചെത്തിയേക്കും. രവിചന്ദ്ര അശ്വിനെ പുറത്തിരുത്തുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്ന് കഴിഞ്ഞു. വരുണ്‍ ചക്രവര്‍ത്തിക്ക് പകരം അശ്വിനെ കളിപ്പിച്ചേക്കും. മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ ബൗളര്‍മാര്‍ക്കൊപ്പം ഷാര്‍ദുല്‍ ഠാക്കുര്‍ തുടരാനാണ് സാധ്യത.
മറുവശത്ത് ഹസ്രതുള്ള സസായ്, മുഹമ്മദ് ഷഹ്സാദ് എന്നീ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് അഫ്ഗാനിസ്ഥാന് നല്‍കുന്നത്. മധ്യനിരയില്‍ നായകന് മുഹമ്മദ് നബിയും ബാറ്റ് കൊണ്ട് തിളങ്ങുന്നു. റാഷിദ് ഖാന്റെ നേതൃത്വത്തിലുള്ള സ്പിന്‍ പട കരുത്തിലാണ്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ റാഷിദ് ഖാന്റെ പ്രകടനം അഫ്ഗാന് പ്രതീക്ഷയേകുന്നു. ടോസാകും ഇന്നും നിര്‍ണായകമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: