മുംബൈ: എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്കിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര സാമൂഹ്യനീതി മന്ത്രി രാംദാസ് അത്താവലെ. നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെ ദളിത് സമൂഹത്തില്‍ നിന്നുള്ളയാളാണെന്നും അദ്ദേഹത്തിന്റെ അച്ഛന്റെ പേര് നവാബ് മാലിക്ക് ആരോപിക്കുന്നതുപോലെ ദാവൂദ് എന്നല്ലെന്നും അത്താവലെ തുറന്നടിച്ചു.
സത്യസന്ധനായ ഉദ്യോഗസ്ഥനെ അപകീര്‍ത്തിപ്പെടുത്താനാണ് നവാബ് മാലിക്ക് ശ്രമിക്കുന്നത്. സമീര്‍ വാങ്കെഡെയ്ക്കെതിരെ മാലിക്ക് നടത്തിയ ആരോപണങ്ങള്‍ മുഴുവന്‍ അടിസ്ഥാനമില്ലാത്തതാണെന്നും അത്താവലെ പറഞ്ഞു.
‘സമീര്‍ വാങ്കഡെ ദളിത് സമൂഹത്തില്‍ നിന്നും വരുന്ന അംബേദ്കര്വാദിയാണ്. തന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍പി ഐ-എ) സമീര്‍ വാങ്കഡെയ്ക്കൊപ്പം നില്ക്കും. വാങ്കഡെയ്ക്കും കുടുംബത്തിനും എതിരെ നടത്തുന്ന വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നവാബ് മാലിക്ക് അവസാനിപ്പിക്കണം.’- അത്താവലെ പറഞ്ഞു. സമീര്‍ വാങ്കഡെ മുസ്ലിമാണെന്നും ജോലി കിട്ടാന്‍ വ്യാജ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചുവെന്നുമാണ് സമീര്‍ വാങ്കഡെയ്ക്കെതിരെ നവാബ് മാലിക്ക് ആരോപിച്ചത്.
വാങ്കഡെയുടെ ഭാര്യ ക്രാന്തി രേദ്കറും സമീര്‍ വാങ്കഡെയുടെ അച്ഛന് ധ്യാന്‍ദേവ് കച്റു വാങ്കഡെയും സഹായമഭ്യര്‍ത്ഥിച്ച് അത്താവലയെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അത്താവലെയുടെ ഈ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: