കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ സൈനിക ഹോസ്പിറ്റലില്‍ ഉണ്ടായ അക്രമത്തില്‍ 19 പേര് മരിച്ചു. അമ്പതിലേറെ പേര്‍ക്ക് പരുക്ക്. ആശുപത്രിയുടെ മുന്‍വശത്തെ പ്രവേശന കവാടത്തിനു സമീപം രണ്ടു ബോംബ് സ്ഫോടനങ്ങളാണ് ആദ്യം ഉണ്ടായത്. പിന്നാലെ ആശുപത്രിക്കുള്ളില്‍ വെടിവയ്പ് ഉണ്ടായതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ഫോടനം സ്ഥിരീകരിച്ച താലിബാന്, കാബൂളിലെ വിവിധ ആശുപത്രികളില്‍ നൂറിലധികം പേരെ പ്രവേശിപ്പിച്ചതായും വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടു പറഞ്ഞു. താലിബാന് തീവ്രവാദികളെ ചികിത്സിക്കുന്ന ആശുപത്രിയിലാണ് സ്ഫോടനം ഉണ്ടായത്.
മുന്‍പു 2017ല്‍ ഇതേ ആശുപത്രിയില്‍ ഉണ്ടായ അക്രമത്തില്‍ 30 പേര് മരിച്ചിരുന്നു. താലിബാന് തീവ്രവാദികള്‍ ബലമായി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ സ്ഫോടനങ്ങള്‍ പതിവായിരിക്കുകയാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടയിലെ സ്ഫോടനത്തിനിടെ മുന്നൂറിലേറെ പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: