തിരുവനന്തപുരം : വികസനത്തിന്റെ പേരില്‍ നടക്കുന്ന അമിത വിഭവ ചൂഷണം അപകടം വരുത്തി വെയ്ക്കും. വികസന പദ്ധതികളുടെ പേരിലുള്ള അനധികൃത ഖനനമാണു കൂട്ടിക്കലില്‍ ഉണ്ടായ പോലുള്ള ഉരുള്‍പൊട്ടലിന് ഇടയാക്കുന്നത്. സംസ്ഥാന സര്ക്കാരിന്റെസില്വര് ലൈന്‍ അതിവേഗ റെയില്‍ പദ്ധതി കേരളത്തില്‍ വലിയ പ്രകൃതി ദുരന്തമായി മാറുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന് പ്രൊഫ. മാധവ് ഗാഡ്ഗില്‍.
അനിയന്ത്രിതമായ ചൂഷണമാണ് ഇന്ന് സംസ്ഥാനം അഭിമുഖീകരിക്കുന്ന പല പ്രകൃതി ദുരന്തങ്ങള്‍ക്കും കാരണം. പശ്ചിമഘട്ടത്തില്‍ സംഭവിച്ച അപകടം തിരിച്ചറിയണമെന്നും ഗാഡ്ഗില്‍ പറഞ്ഞു. കേരള സുസ്ഥിര വികസന സമിതി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന പദ്ധതികളുടെ പേരിലുള്ള അനധികൃത ഖനനങ്ങളാണ് പ്രകൃതി ദുരന്തങ്ങളിലേക്ക് വഴിവെയ്ക്കുന്നത്. സംസ്ഥാനത്തെ പല ദുരന്തങ്ങള്‍ക്കും കാരണമായി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ നടത്തിപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പങ്കാളിത്തമുണ്ട്. അവരും നേട്ടം കൊയ്യുന്നുണ്ട്.
സംസ്ഥാനത്തെ 90 ശതമാനം ക്വാറികളും നിയമവിരുദ്ധമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ അനുമതി ഇവയ്ക്കില്ല. അധികാരവികേന്ദ്രീകരണം നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇത്തരം നിയമവിരുദ്ധ ക്വാറികളുടെ പ്രവര്‍ത്തനം തടയാന്‍ കഴിയുന്നില്ല. ജനങ്ങളുടെ പ്രതിഷേധം ഫലം കാണുന്നില്ല.
പരിസ്ഥിതി നശിപ്പിച്ചു കൊണ്ടുള്ള വികസന പ്രവര്‍ത്തനം വന്‍ വിപത്തിലേക്കായിരിക്കും നീങ്ങുക. പ്രകൃതിക്ക് ഇണങ്ങിയ വികസന പദ്ധതികളാണ് നടപ്പാക്കേണ്ടത്. ഏതു വികസന പദ്ധതിയെക്കുറിച്ച് ചിന്തിക്കുമ്പോഴും ഇതേക്കുറിച്ച് ബോധ്യമുണ്ടായിരിക്കണമെന്നും ഗാഡ്ഗില്‍ കൂട്ടിച്ചേര്‍ത്തു. കേരള സുസ്ഥിര വികസന സമിതി ചെയര്മാന് ജോര്‍ജ് സെബാസ്റ്റ്യന്‍ മോഡറേറ്ററായി. ഡോ. എം.ജി.ശശിഭൂഷണ്‍, ആര്.വി.ജി.മേനോന്, ഡോ. എം.ജി.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: