ഗ്ലാസ്ഗോവ്: 2070ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ ഇന്ത്യ പൂജ്യത്തിലെത്തിക്കുമെന്ന് (നെറ്റ് സീറോ) പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോവില്‍ നടക്കുന്ന സിഒപി 26 ആഗോള കാലാവസ്ഥ ഉച്ചകോടിയിലാണ് അദേഹം ഇത്തരമൊരു ധീരമായ പ്രതിജ്ഞയുമായി പ്രതിനിധികളെ അത്ഭുതപ്പെടുത്തിയത്. കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കുന്നതിന് ആദ്യമായാണ് ഇന്ത്യ ഒരു കാലാവധി പ്രഖ്യാപിക്കുന്നത്. ഇതുള്‍പ്പെടെ അഞ്ച് പ്രധാന പ്രഖ്യാപനങ്ങളാണ് അദേഹം നടത്തിയത്.
ജൈവാവശിഷ്ടങ്ങളില്‍ നിന്നല്ലാത്ത ഊര്ജ്ജോല്പാദനം 2030ല്‍ 500 ജിഗാവാട്ടാക്കും, 2030ല്‍ ഇന്ത്യ കാര്‍ബണ്‍ സാന്ദ്രത 45 ശതമാനത്തിലേക്ക് കൊണ്ടുവരും, 2030ല്‍ ഇന്ത്യയുടെ 50 ശതമാനം ഊര്‍ജ്ജാവശ്യങ്ങളും പുനരുപയോഗ ഊര്‍ജ്ജത്തില്‍ നിന്നാകും, 2030ല്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ഇന്ത്യ ഒരു ബില്ല്യണ്‍ ടണ്ണായി കുറയ്ക്കും എന്നിവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍.
കഴിഞ്ഞ ദിവസം റോമില്‍ നടന്ന ജി20 ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചകളില്‍ നിരാശാജനകമായ ഫലമാണുണ്ടായത്. എന്നാല്‍ അവയ്ക്ക് പുതു ജീവന് നല്‍കുന്നതാണ് ഈ പ്രഖ്യാപനം. ആഗോള കാര്‍ബണ്‍ പുറന്തള്ളലില്‍ മുന്‍ പന്തിയിലുള്ള ചൈനയുടെ പ്രസിഡന്റ് ഷി ജിന്‍ പിംഗ് സമ്മേളനത്തില്‍ നേരിട്ട പങ്കെടുത്തില്ല. മലിനീകരണം കുറയ്ക്കുന്നതിനുള്ള പദ്ധതികളൊന്നും തന്നെ വാഗ്ദാനവും ചെയ്തിട്ടില്ല. ഈയൊരു സാഹചര്യത്തില്‍ ഇന്ത്യയുടെ ഈ പ്രഖ്യാപനം ശ്രദ്ധേയമാണ്.
‘സിഒപി26 ഉച്ചകോടിക്ക് ഈ പ്രഖ്യാപനം വളരെ നിര്‍ണായകമാണ്. സാമ്പത്തിക വികസനവും കാലാവസ്ഥാ വ്യതിയാനവും ഒരു പോലെ കൈക്കൊള്ളാന്‍ ഇന്ത്യക്ക് കഴിയുമെന്ന് ലോകത്തിന് കാട്ടിക്കൊടുക്കാനുള്ള അവസരമാണിത്.’ – ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ കാലവസ്ഥാ വ്യതിയാനവും പരിസ്ഥിതിയും സംബന്ധിച്ച ഗ്രന്ഥാം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്മാന് നിക്കോളാസ് സ്റ്റേണ് പറഞ്ഞു.
ജീവിതരീതികള്‍ക്ക് കാലാവസ്ഥാ വ്യതിയാനത്തില്‍ വലിയ പങ്കുണ്ടെന്ന് സമ്മേളനത്തില്‍ മോദി പറഞ്ഞു. ജീവിതം എന്ന വാക്ക് നിങ്ങള്‍ക്ക് മുമ്പാകെ ഞാന്‍ വെക്കുകയാണ്. പ്രകൃതിക്ക് വേണ്ടിയുള്ള ജീവിതം എന്നാണ് അത് അര്‍ത്ഥമാക്കുന്നത്. ഇതിനെ ഒരു മുന്നേറ്റമാക്കി മാറ്റാന്‍ എല്ലാവരും തയാറാകണമെന്നും അദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി ഇന്ത്യ കഠിന പരിശ്രമം നടത്തുകയാണ്. വികസിത രാജ്യങ്ങള്‍ കാലാവസ്ഥാ പ്രതിജ്ഞകള്‍ നിറവേറ്റുന്നതിനായി കൂടുതല്‍ ധനസഹായം നല്‍കണം. കാലാവസ്ഥക്കുള്ള സഹായ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട രാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാത്ത് ഊര്‍ജ്ജ ഉപയോഗത്തിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിന് കൂടുതല്‍ പണം സ്വരൂപിച്ച് ദരിദ്ര രാജ്യങ്ങളെ സഹായിക്കാന്‍ സമ്പന്ന രാജ്യങ്ങള്‍ തയ്യാറാവണമെന്ന തന്റെ നിലപാട് അദേഹം ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: