ഡോ. എം.പി. മിത്ര
ഇന്ന് ആറാം ദേശീയ, ലോക ആയുര്‍വേദ ദിനം. 2016 ഒക്ടോബര്‍ 28 നാണ് കേന്ദ്ര ആയുഷ് മന്ത്രാലയം ധന്വന്തരി ജയന്തി ആയുര്‍വേദ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ധന്വന്തരി ഭഗവാന് അമൃത കലശത്തോടെ ഉദയം ചെയ്തതായി വിശ്വസിക്കുന്ന ദിനമാണിത്.
മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരീ മൂര്‍ത്തി. ദേവന്മാരുടെ വൈദ്യനായും ആയുര്‍വേദത്തിന്റെ ഉപജ്ഞാതാവായും അറിയപ്പെടുന്നു. ഔഷധ വിജ്ഞാനത്തെയും അതിന്റെ ഉപയോഗത്തെയും രണ്ടായി വിഭജിച്ച ആദികാല വൈദ്യപ്രതിഭയാണ് അദ്ദേഹം. പ്രമാണം, പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്തോപദേശം എന്നിവയെ അടിസ്ഥാനമാക്കി, ആയുസ്സിന്റെ വേദമായ ആയുര്‍വേദത്തെ നിത്യനൂതനമായ ശാസ്ത്രമായി പരിപോഷിപ്പിക്കുകയായിരുന്നു അദ്ദേഹം.
വിദേശാധിപത്യത്തോടെ, ഭാരതീയരുടെ ആരോഗ്യ പ്രശ്നങ്ങള്‍ സമഗ്രമായും സമര്‍ത്ഥമായും കൈകാര്യം ചെയ്തിരുന്ന ആയുര്‍വേദത്തെ നിരുത്സാഹപ്പെടുത്തി, ആലോപ്പതിയെ പ്രതിഷ്ഠിച്ചു. പുതിയ ചികിത്സയിലെ സത്വര രോഗശാന്തിയില്‍ ആകൃഷ്ടരായ ഭാരതീയര്‍ അത് സ്വീകരിക്കുകയും ആയുര്‍വേദ ചികിത്സയെ പാര്‍ശ്വവത്കരിക്കുകയും ചെയ്തു. അതോടെ, സഹസ്രാബ്ദങ്ങളിലൂടെ ആയുര്‍വേദം നേടിയ സമ്പന്നമായ ചികിത്സാവിജ്ഞാനീയം നമുക്ക് അന്യമായി.
ആയുര്‍വേദത്തെ പൊതുധാരയിലേക്ക് തിരിച്ചുകൊണ്ടുവരികയെന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ദേശീയ ആരോഗ്യ പദ്ധതികളില്‍ ആയുര്‍വേദത്തെ ഉള്‍പ്പെടുത്തുക, നഷ്ടപ്പെട്ട വിശ്വാസം ജനങ്ങളില്‍ പുനഃസ്ഥാപിക്കുക, ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുക, ആയുര്‍വേദത്തിന്റെ സമഗ്രമായ കാഴ്ചപ്പാട് ആധുനിക തലമുറയ്ക്കും ലോകത്തിനും ബോധ്യപ്പെടുത്തുക എന്നിവയൊക്കെ ലക്ഷ്യമാണ്. കഴിഞ്ഞ വര്‍ഷം യുഎസ്, യുകെ, റഷ്യ, ജപ്പാന്, ആസ്ട്രേലിയ ഉള്‍പ്പടെ എഴുപത്തിയഞ്ചില്‍ പരം രാജ്യങ്ങളാണ് ദിനാചരണത്തില്‍ പങ്കാളിയായത്. ഇത് ആഗോള തലത്തില്‍ ആയുര്‍വേദത്തിന്റെ സ്വീകാര്യത സൂചിപ്പിക്കുന്നു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദയും ക്രോയേഷ്യയിലെ ക്വര്‍ണര്‍ ഹെല്‍ത്ത് ടൂറിസം ക്ലസ്റ്ററും തമ്മില്‍ ആയുര്‍വേദ മേഖലയിലെ ഗവേഷണത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും പരസ്പരം സഹകരിക്കാന്‍ ധാരണാ പത്രം ഒപ്പിട്ടത് ലോക ആയുര്‍വേദ ദിനത്തിന്റെ പരിണത ഫലമാണ്.
പ്രപഞ്ച തത്വങ്ങളെയും, ശാരീരിക ധര്‍മങ്ങളെയും, രോഗത്തിന്റെ, അനാരോഗ്യത്തിന്റെ കാര്യകാരണങ്ങളേയും വിശകലനം ചെയ്തു സമരസപ്പെടുത്തി സംസ്കരിച്ച അഷ്ടാംഗ ശാസ്ത്രത്തിന്റെ ശക്തമായ പിന്‍ബലം ആയുര്‍വ്വേദത്തിനുണ്ട്. ആയുസ്സിന് ഹിതമായിട്ടുള്ളതും, അഹിതമായിട്ടുള്ളതും, സുഖമായിട്ടുള്ളതും, ദുഖമായിട്ടുള്ളതും വേര്‍തിരിച്ചു അറിയിച്ചു തരുന്ന ശാസ്ത്രമാണ്.
കൊവിഡും ആയുര്‍വേദവും
ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ മരണനിരക്ക് കുറയ്ക്കാന്‍ സഹായിച്ചതില്‍ ഏറ്റവും വലിയ ഘടകം ആയുഷ് ഇടപെടലുകള്‍ ആണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതാണ് ആയുര്‍വേദ രീതികളെക്കുറിച്ച് പഠനം നടത്താന്‍ ലോകാരോഗ്യ സംഘടന ഇന്ത്യയിലേക്ക് തിരിയുന്നതിന്റെ കാരണം. 80,000 ദല്‍ഹി പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് ആയുഷ് മന്ത്രാലയം പ്രൊഫൈല്‍ ആക്സസ് പഠനം നടത്തി, അവര്‍ക്ക് മെയ്20 മുതല്‍ ജൂലൈ 19 വരെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ആയുര്‍ രക്ഷാ കിറ്റുകള്‍ നല്കി. അവരെ ഒരു മാസത്തേക്ക് നിരീക്ഷിച്ചു. തല്‍ഫലമായി, കൊവിഡ് വ്യാപനം നാല് മടങ്ങ് കുറഞ്ഞുവെന്ന വിവരം ആയുഷ് മന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്. എയിംസിലെ 50 കിടക്കകളുള്ള കൊവിഡ് കെയര്‍ സെന്റര്‍ ആയുഷ് മന്ത്രാലയത്തിന്റെ കീഴിലാണ് . അവിടെ 250 കൊവിഡ് രോഗികളെ രണ്ടര മാസത്തിനുള്ളില്‍, ഒരു മരണം പോലുമില്ലാതെ സുഖപ്പെടുത്തി.ദേശീയ ശരാശരി അണുബാധ നിരക്കായ ആറ് ശതമാനത്തില്‍ നിന്ന് പൂജ്യമായി. ഇവിടെ ഒരു ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലിന് പോലും രോഗം ബാധിച്ചിട്ടില്ല. ആയിരക്കണക്കിനാളുകള്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ ആയുര്‍വേദ ഔഷധങ്ങള്‍ നല്കിയപ്പോള് കൊവിഡില്‍ നിന്നും വേഗത്തില്‍ സുഖം പ്രാപിച്ചുവെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയം വളരെ കുറഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്.
പാശ്ചാത്യ വൈദ്യ സമ്പ്രദായവും ആയുര്‍വേദവും തമ്മില്‍ വലിയ അന്തരമുണ്ട്. പാശ്ചാത്യര്‍ പ്രത്യക്ഷ പ്രമാണത്തിനു വശംവദമായി, സ്ഥൂല വസ്തുക്കള്‍ക്കു പ്രാധാന്യം നല്കുന്നു. അതിനെ എവിഡന്സ്ഡ് ബേസ്ഡ് എന്നൊക്കെ വിശേഷിപ്പിക്കും. എന്നാല്‍, ഭാരതീയര്‍ പ്രത്യക്ഷ പ്രമാണത്തിനോടൊപ്പം, കാഴ്ചകള്‍ക്ക് അപ്പുറമുള്ള സൂക്ഷ്മ ഭാഗങ്ങള്‍ക്കും പ്രാമുഖ്യം കല്പ്പിക്കുന്നു. ആയിരക്കണക്കിന് വര്‍ഷം മുന്‍പ് ച്യവനപ്രാ
ശം ശരീരത്തില്‍ ഉണ്ടാക്കുമെന്നു കണ്ടറിഞ്ഞ ഗുണങ്ങള്‍ ഇന്നും മാറ്റമില്ലാതെ അനുഭവിക്കുന്നത് ഈ ദാര്‍ശനിക സ്വഭാവം കൊണ്ടാണ്. തിരുത്തി പഠിക്കേണ്ട ആവശ്യമില്ലാതെ വ്യാഖ്യാനിച്ചു വികസിപ്പിക്കുകയും പുതിയ അറിവുകളെ കൂട്ടിച്ചേര്‍ത്തു പുഷ്ടിപ്പെടുത്തുകയും ചെയ്യാവുന്ന വൈദ്യ ശാസ്ത്രമായി ആയുര്‍വ്വേദം നിലനില്‍ക്കുന്നത്, പ്രപഞ്ചത്തിലെ മൂല കാരണങ്ങളെ അനുസരിക്കുന്ന തത്വങ്ങളില്‍ അധിഷ്ഠിതമായതിനാലാണ്.
പോഷകാഹാരക്കുറവ് നികത്താന്‍ ആയുര്‍വേദം എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ പ്രമേയം. പ്രധാനമന്ത്രിയുടെ പോഷണ്‍ അഭിയാന് പ്രവര്‍ത്തന തുടര്‍ച്ചയാണ് ഇതും. മനുഷ്യരെ ബാധിക്കുന്ന ഇരുനൂറില്‍പ്പരം രോഗങ്ങളുടെ കാരണം സുരക്ഷിതമല്ലാത്ത ആഹാരവും, തെറ്റായ ആഹാരശീലങ്ങളുമാണ് എന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്. ഹിതവും മിതവുമായ ആഹാരം, അന്ന കാലങ്ങളില്‍ തന്നെ കഴിക്കണം എന്ന് ആയുര്‍വേദം പറഞ്ഞിട്ടുണ്ട്. ആയുര്‍വേദത്തെ എന്റെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു, അതുവഴി എന്റെ ആരോഗ്യത്തിനും എന്റെ കുടുംബത്തിനും
സമൂഹത്തിനും നല്ല ആരോഗ്യവും പ്രകൃതിയുമായി ചേര്‍ന്ന് പ്രാപ്തമാക്കും.കഴിഞ്ഞ ദിനാചരണത്തിന്റെ ഭാഗമായി എടുത്ത പ്രതിജ്ഞ ഇതാണ്. അത് വീണ്ടും നമുക്ക് പുതുക്കാം, ആയുര്‍വേദത്തെ ”ദേശീയ വൈദ്യ ശാസ്ത്രമായി” പ്രഖ്യാപിക്കുവാന്‍ ഭാരത സര്‍ക്കാര്‍ മുന്നോട്ടു വരുമെന്നും പ്രതീക്ഷിക്കാം.
(ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് മുന്‍ സംസ്ഥാന അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: