തൊടുപുഴ: മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ 135 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിന്റെ നഷ്ടം 39,000 കോടി. സംസ്ഥാനത്തിന്റെ ആശങ്കയായ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പകരം പുതിയ ഡാം വേണമെന്ന ആവശ്യവും തുലാസില്‍.
1886 ഒക്ടോബര്‍ 29നാണ് തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാളും മദ്രാസ് സംസ്ഥാനം ഭരിച്ചിരുന്ന ബ്രിട്ടീഷ് സര്‍ക്കാരും മുല്ലപ്പെരിയാര്‍ കരാറില്‍ ഒപ്പുവച്ചത്. 999 വര്‍ഷത്തെ പാട്ടക്കരാര്‍ ചങ്കു പിടഞ്ഞാണ് ഒപ്പിടുന്നതെന്ന് അന്ന് രാജാവ് പറഞ്ഞിരുന്നു. കോണ്‍ക്രീറ്റ് ഡാമുകള്‍ക്ക് പോലും 50 വര്‍ഷം ആയുസ് പറയുമ്പോഴാണ് സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നിര്‍മിച്ച അണക്കെട്ട് ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിടുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളില്‍ ഒന്നാണിത്. പെരിയാറിന്റെ കൈവഴിയായ മുല്ലയാറിന് കുറുകെയാണിത്. അങ്ങനെയാണ് മുല്ലപ്പെരിയാര്‍ എന്ന പേര് ലഭിച്ചത്.
തമിഴ്നാട് ഇപ്പോഴും കേരളത്തിന് നല്കുന്ന പാട്ടത്തുക പ്രതിവര്‍ഷം 10 ലക്ഷം മാത്രം. അണക്കെട്ടിന്റെ വസ്തുക്കരമായ രണ്ടര ലക്ഷവും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ റോയല്‍റ്റി ഏഴര ലക്ഷവും ചേര്‍ത്ത് 10 ലക്ഷം തമിഴ്നാട് അടച്ച് രസീത് വാങ്ങുന്നുണ്ട്. ഈ തുക തേനിയിലെ പെരിയാര്‍ ഡിവിഷനില്‍ നിന്ന് ബാങ്ക് ഡ്രാഫ്റ്റായി പെരുമ്പാവൂരിലുള്ള ജലവിഭവ വകുപ്പിന്റെ പെരിയാര്‍വാലി സൂപ്രണ്ടിങ് എഞ്ചിനീയറുടെ ഓഫീസിലെത്തിക്കും.
വര്‍ഷം അണക്കെട്ടില്‍ നിന്ന് ശരാശരി 60 ടിഎംസി ജലമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. ഇതനുസരിച്ച് ഇതുവരെ ആകെ 8100 ടിഎംസി ജലം കൊണ്ടുപോയി. ഇപ്പോഴത്തെ നിരക്കനുസരിച്ച് ഇതിന്റെ വില മാത്രം 7500 കോടിയിലധികം വരും. തമിഴ്നാട് എടുത്ത വെള്ളം കൊണ്ട് വൈദ്യുതി ഉണ്ടാക്കിയിരുന്നുവെങ്കില്‍, വെള്ളത്തിനടക്കം അവരില്‍ നിന്ന് ന്യായമായ വില ലഭിച്ചിരുന്നുവെങ്കില്‍ കേരളത്തിന് 39,000 കോടി രൂപയെങ്കിലും നേടാന്‍ കഴിയുമായിരുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
2884 ഡിസംബര്‍ 31നാണ് മുല്ലപ്പെരിയാര്‍ കരാര്‍ അവസാനിക്കുന്നത്. കരാറനുസരിച്ച് ഇനി 867 വര്‍ഷം കൂടി മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലനില്‍ക്കണം. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ടിലെ ഏഴാം വകുപ്പ് അനുസരിച്ച് നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഇന്ത്യയുമായുള്ള എല്ലാ കരാറുകളും റദ്ദാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുല്ലപ്പെരിയാര്‍ കരാര്‍ മാത്രം റദ്ദായില്ല.
1970 മേയ് 29ന് ഇരുസംസ്ഥാനങ്ങളിലെയും ഗവര്‍ണര്‍മാര്‍ ഒപ്പുവച്ച അനുബന്ധ കരാര്‍ ദുരൂഹത ഒന്നു കൂടി വര്‍ദ്ധിപ്പിക്കുന്നു. സി. അച്യുതമേനോന് മുഖ്യമന്ത്രിയായിരുന്ന കാലത്താണിത്. ഇതനുസരിച്ചാണ് ജലവൈദ്യുത പദ്ധതിക്കുള്ള അനുമതി കൂടി തമിഴ്നാടിന് ലഭിച്ചത്. ഇതിനായി 42.17 ഏക്കര്‍ സ്ഥലം കൂടി വിട്ടുകൊത്തു. പാട്ടസംഖ്യ ഏക്കറൊന്നിന് അഞ്ച് രൂപയായിരുന്നത് അനുബന്ധ കരാര്‍ പ്രകാരം 30 രൂപയായി. ഓരോ 30 വര്‍ഷം കഴിയുംതോറും ഇത് പുതുക്കാനും വ്യവസ്ഥ ചെയ്തെങ്കിലും കാലാവധി കഴിഞ്ഞിട്ട് 21 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കരാര്‍ പുതുക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: