തൃശൂർ: കാൽപ്പാദമില്ലെങ്കിലും കാൽപ്പന്ത് കളി രൂപേഷിന് പ്രാണനാണ്. ജന്മനാ ഒരു കാൽപ്പാദമില്ലാത്ത രൂപേഷിന് രണ്ടു കൈപ്പത്തിയിൽ വിരലുകളും ഇല്ല. പരിമിതികളെ അതിജീവിച്ച് കായിക രംഗത്ത് സജീവമായ അരിമ്പൂർ സ്വദേശി ചങ്കരംകുളത്ത് രൂപേഷ് (42) നാട്ടുകാർക്കും, കൂട്ടുകാർക്കും എന്നും വിസ്മയമാണ്.
ചെറുപ്പം മുതൽ ഫുട്ബോൾ കളിക്കാൻ ആവേശമായിരുന്നു രൂപേഷിന്. വീടിന് സമീപമുള്ള അരിമ്പൂർ ഹൈസ്കൂൾ ഗ്രൗണ്ട് കാൽപ്പന്ത് കളിയിൽ തന്റെ മികവ് തെളിയിക്കാനുള്ള വേദി കൂടിയായി മാറുകയായിരുന്നു. ഒരു കാൽപ്പാദം മാത്രം ഉപയോഗിച്ച് ഗ്രൗണ്ടിൽ ഓടി നടക്കുന്ന രൂപേഷിനെ കണ്ടാൽ പരിമിതികൾ ഉള്ള ഒരാളെന്ന് ആരും പറയില്ല. അത്ര ചടുല വേഗതയിലാണ് ഗ്രൗണ്ടിൽ രൂപേഷിന്റെ പ്രകടനങ്ങൾ.
കാൽപ്പന്ത് കളിയിൽ മികച്ച പരിശീലകൻ കൂടിയാണ് ഇദ്ദേഹം. അരിമ്പൂർ സ്പോർട്സ് ക്ലബ്ബിൽ ഇരുനൂറ്റി അമ്പതോളം കുട്ടികൾ പരിശീലനത്തിനെത്തിയിരുന്നു. ഇവർക്ക് പരിശീലനം നൽകുന്നതിന് മുൻ സന്തോഷ് ട്രോഫി ടീം ക്യാപ്റ്റൻ സുർജിത്, എഫ്സി കേരള, ടൈറ്റാനിയം ഗോൾകീപ്പർ ഫെർണാണ്ടസ് എന്നിവർക്കൊപ്പം സജീവമാണ് രൂപേഷ്. കോവിഡ് മൂലം രണ്ട് വർഷമായി നിർത്തി വച്ച പരിശീലന കളരി അടുത്ത ആഴ്‌ച്ച സജീവമാകുന്നതിന്റെ സന്തോഷത്തിലാണ് രൂപേഷ്. അഞ്ച് വർഷം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ രൂപേഷിന് കഴിഞ്ഞു.
ഒരു കാൽപ്പാദവും രണ്ടു കൈകൾക്ക് വിരലുകളും ഇല്ലെങ്കിലും ക്രിക്കറ്റ് കളിയിലും രൂപേഷ് തന്റെ പാടവം തെളിയിച്ചിട്ടുണ്ട്. ഒളരിയിലെ സൂപ്പർമാർക്കറ്റിൽ പർച്ചേസ് മാനേജരായി ജോലി നോക്കുന്ന രൂപേഷ് ജോലിക്ക് പോകുന്നത് സാധാരണ സ്കൂട്ടർ ഉപയോഗിച്ചാണെന്ന് കൂടി കേൾക്കുമ്പോൾ അത്ഭുതപ്പെടേണ്ട കാര്യമില്ല. അതിരുകളില്ലാത്ത മോഹങ്ങളെ സ്വന്തമാക്കാൻ പരിമിതകളുടെ ചട്ടക്കൂടുകൾ പൊട്ടിച്ചെറിഞ്ഞ് മുന്നേറുകയാണ് രൂപേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: