തിരുവനന്തപുരം: മദ്യത്തിനും ലൈംഗികതയ്‌ക്കും എതിരായ മലയാളിയുടെ നിലപാടിനെ കടന്നാക്രമിച്ച സാംസ്‌കാരികമന്ത്രി സജി ചെറിയാന്റെ പ്രസംഗം വിവാദമാകുന്നു. സെക്‌സ് ടൂറിസം പ്രധാനമാക്കിയ സ്‌പെയിനിനെ കേരളവും പിന്തുടരണമെന്ന മന്ത്രിയുടെ വാദത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്ന് തുടങ്ങി.
ടൂറിസത്തില്‍ സെക്സ് പ്രധാനമെന്ന സജി ചെറിയാന്റെ പ്രസ്താവന കേരളത്തിന്റെ ടൂറിസം മേഖലയുടെ ദിശാഗതി വ്യക്തമാക്കുന്ന പ്രസ്താവനയാണ്. എന്നാല്‍ സജി ചെറിയാനല്ല കേരളത്തിന്റെ ടൂറിസം മന്ത്രി. മന്ത്രിസ്ഥാനം കയ്യാളുന്നത് റിയാസാണ്. അപ്പോള്‍ അദ്ദേഹം നടത്തേണ്ട ഒരു ടൂറിസം നയപ്രഖ്യാപനം എന്തുകൊണ്ട് സജി ചെറിയാന്‍ നടത്തി എന്നതും സിപിഎം നേതാക്കളെ അമ്പരപ്പിക്കുന്നു. സ്പെയിനിലേത് പോലുള്ള സെക്സ് ടൂറിസം കേരളത്തില്‍ നടപ്പക്കുകയാണോ രണ്ടാം പിണറായി സര്‍ക്കാരിലെ ടൂറിസം മന്ത്രിയുടെ നയം എന്ന ചോദ്യം ഭരണരംഗത്തെ എല്ലാ സഖ്യകക്ഷികളെയും കുഴക്കുന്നു.
‘സ്‌പെയിനില്‍ 2.56 ലക്ഷം മദ്യശാലകളുണ്ട്. തിരക്കും ക്യൂവുമില്ല. ഇവിടെ മദ്യശാല തുടങ്ങിയാല്‍ പ്രതിഷേധമാണ്. സമരം ചെയ്തിട്ട് എല്ലാവരും എവിടെയെങ്കിലും പോയി വാങ്ങിക്കുടിക്കും. സ്‌പെയിനിലെ ടൂറിസത്തില്‍ മുഖ്യം സെക്‌സ് ടൂറിസമാണ്. ഇവിടെ സെക്‌സ് എന്ന് പറഞ്ഞാല്‍തന്നെ പൊട്ടിത്തെറിയാണ്. സ്‌പെയിനില്‍ ചെറുപ്പക്കാര്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നത് വ്യാപകമായപ്പോള്‍ ആവശ്യമുള്ളവര്‍ക്ക് കഞ്ചാവ് ചെടി വളര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അതോടെ ഉപയോഗം നിലച്ചു.’- സജി ചെറിയാന്റെ പ്രസംഗത്തിലെ സെക്‌സിനെ അനുകൂലിച്ചുകൊണ്ടുള്ള പ്രസംഗമാണിത്.
സെക്സ് ടൂറിസത്തിന്റെ പേരില്‍ വേശ്യാവൃത്തി അതിവേഗം പടര്‍ന്ന് പിടിച്ച നാടാണ് സ്പെയിന്‍. വേശ്യാവൃത്തി സുഗമമായി നടത്താന്‍ വേണ്ടി അവിടെ പടര്‍ന്ന് പിടിച്ച മനുഷ്യക്കടത്ത് റാക്കറ്റുകള്‍ സ്പെയിന്‍ സര്‍ക്കാരിന് ഏറ്റവും വലിയ തലവേദനയാണ്. ലോകത്തിലെ തന്നെ മൂന്നാമത്തെ സെക്‌സ് തലസ്ഥാനമാണ് സ്‌പെയിന്‍. യൂറോപ്പിന്റെ വേശ്യാലയം എന്ന് സ്‌പെയിന് ചീത്തപ്പേര് വീണത് ഐക്യരാഷ്‌ട്രസഭ 2011ല്‍ സ്‌പെയിനിനെ വിമര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയതിന് ശേഷമാണ്. തായ്‌ലാന്റും പ്യൂര്‍ട്ടോ റി്‌കോയും കഴിഞ്ഞാല്‍ സെക്‌സിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ് സ്‌പെയിന്‍. 1995ല്‍ ലൈംഗികത്തൊഴിലിനെ ക്രിമിനല്‍ കുറ്റമല്ലെന്ന നിലപാടെടുത്തതോടെയാണ് സ്‌പെയിനില്‍ സെക്‌സ് ടൂറിസം തഴച്ചുവളര്‍ന്നത്.യുഎന്‍ കണക്ക് പ്രകാരം സ്പെയിനില്‍ 2016ല്‍ 70,260 ലൈംഗിക ത്തൊഴിലാളികളുണ്ട്. സ്പെയിനിലെ സ്വകാര്യ ഏജന്‍സികളുടെ കണക്ക് പ്രകാരം ഇത് 3 ലക്ഷം മുതല്‍ 4 ലക്ഷം വരെ വരും. സ്പെയിനിലെ സെക്സ് വ്യവസായം 31,450 കോടിയാണ്. എന്നാല്‍ സ്പെയിനിലെ ലൈംഗിക അരാജകത്വവും അവിടുത്തെ സര്‍ക്കാരിന്റെ തീരാത്തലവേദനയാണ്.തുറന്ന സെക്സ് കാരണം ദരിദ്രമായ അയല്‍രാജ്യങ്ങളില്‍ നിന്നും സെക്സ് ജോലിക്കും മറ്റും വന്‍കുടിയേറ്റമാണ് സ്പെയിനിലേക്ക് നടന്നത്. ഇത് സ്പെയിന്റെ സംസ്കാരത്തെ തെല്ലൊന്നുമല്ല നശിപ്പിച്ചത്. സ്പെയിനിലെ സമ്പദ്ഘടനയും സെക്സ് ടൂറിസത്തിന്റെ തീരാത്തലവേദനകളും വിശദമായി പഠിച്ചിട്ടാണോ സജി ചെറിയാന്‍ ഈ പ്രസ്താവന നടത്തിയത് എന്ന ചോദ്യം ഉയരുന്നു. കാരവന്‍ ടൂറിസമുള്‍പ്പെടെ ഭാവനയുള്ള ചില പദ്ധതികള്‍ നടപ്പിലാക്കി പേരെടുത്ത് വരികയാണ് റിയാസ്. അതിനിടയിലാണ് സെക്സ് ടൂറിസത്തെക്കുറിച്ചുള്ള സജി ചെറിയാന്റെ തുറന്നടിക്കല്‍. സാംസ്കാരിക മന്ത്രി എന്ന ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നുള്ള നിരുത്തരവാദപരമായ കമന്‍റാണോ അതോ റിയാസ് തന്നെ ഭാവിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ടൂറിസം ലൈനിന്റെ ബ്ലൂപ്രിന്‍റാണോ സജി ചെറിയാന്‍ അവതരിപ്പിച്ചത് എന്ന ചോദ്യത്തിന്റെ ഉത്തരത്തിന് കാത്തിരിക്കുകയാണ് മലയാളികള്‍.
‘നിയന്ത്രിക്കുന്നതും മറച്ചുവെയ്‌ക്കുന്നതുമാണ് അപകടമെന്ന് മനസ്സിലാക്കി എല്ലാം തുറന്നുകൊടുത്ത രാജ്യമാണത്. ഇവിടെ നമ്മള്‍ എല്ലാം മറുച്ചുവെയ്‌ക്കാനാണ് ശ്രമിക്കുന്നത്.’-സജി ചെറിയാന്‍ തുടരുന്നു.
സമം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള വിവാദപ്രസംഗത്തിലാണ് സജി ചെറിയാന്റെ ഈ വിവാദപരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: