ദുബായ്: ടി 20 ലോകകപ്പില്‍ കിരീട പ്രതീക്ഷ നിലനിര്‍ത്തുന്ന ഇംഗ്ലണ്ടിന് ആദ്യ അഗ്നിപരീക്ഷ. സൂപ്പര്‍ പന്ത്രണ്ട് ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക മത്സരത്തില്‍ അവര്‍ ഇന്ന് പരമ്പരാഗത വൈരികളായ ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും. രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
ഇതുവരെ തോല്‍വി അറിയാത്ത ഇംഗ്ലണ്ടും ഓസ്ട്രേലിയയും മിന്നുന്ന ഫോമിലാണ്. അതിനാല്‍ പോരാട്ടം പൊടിപാറും. ആദ്യ മത്സരങ്ങളില്‍ ഇംഗ്ലണ്ട് നിലവിലെ ചാമ്പ്യന്മാരായ വിന്‍ഡീസിനെയും ബംഗ്ലാദേശിനെയും പരാജയപ്പെടുത്തി. ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയേയും ശ്രീലങ്കയേയും മറികടന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ഓസ്ട്രേലിയ തുടക്കത്തില്‍ പതറിയെങ്കിലും ഒടുവില്‍ വിജയം നേടി. എന്നാല്‍ ശ്രീലങ്കക്കെതിരെ ഓസ്ട്രേലിയ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഫോമം കണ്ടെത്തിയത് ഓസീസിന്റെ വിജയ പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്. മുന്‍ നായകന് സ്റ്റീവ് സ്മിത്തും ഓള് റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിനും മികച്ച ഫോമിലാണ്. പേസര്‍ ജോഷ് ഹെയ്സല്‍വുഡ്, പാറ്റ് കമ്മിന്‍സ്, സ്പിന്നര്‍ ആദില്‍ സാമ്പ എന്നിവരാണ് ഓസീസിന്റെ ബൗളിങ്ങിനെ നയിക്കുന്നത്.
ഓയിന്‍ മോര്ഗന് നയിക്കുന്ന ഇംഗ്ലണ്ട് ടീം ആദ്യ രണ്ട് മത്സരങ്ങളിലും ആധികാരികമായ വിജയമാണ് നേടിയത്. ഓപ്പണര്‍ ജേസണ്‍ റോയ് , ഡേവിഡ് മലാന്, ജോണി ബെയര്‍സ്റ്റോ, മോര്ഗന് എന്നിവരാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ് ശക്തികള്‍. പേസര്‍മാരായ ക്രിസ് വോക്സ്, ക്രിസ് ജോര്‍ദാന്‍, ടി. മില്‍സ്, സ്പിന്നര്‍ ആദില്‍ റഷീദ് ,മോയിന്‍ ബാന്‍ എന്നിവരാണ് ഇംഗ്ലീഷ് ബൗളിങ്ങിനെ നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: