തിരുവനന്തപുരം: അനധികൃത പണമിടപാട് സ്ഥാപനം നടത്തി നിക്ഷേപകരില്‍ നിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ഒമര്‍ ലുലു ചിത്രത്തിന്റെ നിര്‍മാതാവും. പുഴയ്ക്കല്‍ ആനേടത്ത് വീട്ടില്‍ രതീഷ് (39) എന്ന ആനേടത്ത് രതീഷ് ആണ് ഒമര്‍ ലുലു സംവിധാനം ചെയ്യാനിരിക്കുന്ന പവര്‍സ്റ്റാര്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവ്. ഒമര്‍ ലുലു സിനിമ പ്രഖ്യാപിച്ചപ്പോള്‍ തന്നെ നിര്‍മാതാവ് രതീഷ് ആണെന്ന് അറിയിച്ചിരുന്നു. ബാബു ആന്റണിയെ നായകനാക്കി ചെയ്യുന്ന പവര്‍സ്റ്റാറിന്റെ തിരക്കഥ അന്തരിച്ച പ്രമുഖ തിരിക്കഥാകൃത്ത് ഡെന്നിസ് ജോസഫാണ്. ഡെന്നിസിന്റെ അവസാന തിരക്കഥ എന്ന രീതിയില്‍ പവര്‍സ്റ്റാര്‍ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം സിനിമ പ്രേമികള്‍ക്കിടിയില്‍ വലിയ വാര്‍ത്തയായിരുന്നു. ആ ചിത്രത്തിന്റെ നിര്‍മാതാവാണ് ഇപ്പോള്‍ വലിയ തട്ടിപ്പിന് അറസ്റ്റിലായിരിക്കുന്നത്. ഒമര്‍ലുലുവുമായി അടുത്ത ബന്ധമാണ് രതീഷിനുള്ളതെന്നാണ് ഫേസ്ബുക്ക് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. സിനിമ പ്രഖ്യാപത്തിനു പിന്നാലെ ഒമര്‍ ലുലുവിനെ രതീഷ് ആനേടത്ത് ഥാറിന്റെ പുതിയ മോഡല്‍ സമ്മാനമായി നല്‍കിയിരുന്നു. ഇതിന്റെ സന്തോഷം ഒമര്‍ ഫേസ്ബുക്ക് വഴി പങ്കുവച്ചിരുന്നു.
രതീഷിനെ കൂടാതെ, വില്‍വട്ടം പാടൂക്കാട് തൃപ്പേകുളത്ത് മാരാത്ത് വീട്ടില്‍ നവീന്‍ കുമാര്‍ (41) കോലഴി അരിമ്പൂര്‍ വീട്ടില്‍ ജുവിന് (42) എന്നിവരാണ് അറസ്റ്റിലായത്.തിരുവിതാംകൂര്‍ നിധി ലിമിറ്റഡ് എന്ന പേരില്‍ പാട്ടുരായ്ക്കലില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പിന്നീട് അയ്യന്തോള്‍ പഞ്ചിക്കലിലേക്കു മാറ്റിയിരുന്നു. ഈ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചവരാണ് തട്ടിപ്പിനിരയായത്.
10 ലക്ഷം രൂപ നഷ്ടമായ തൃശൂര്‍ സ്വദേശിയുടെ പരാതിയില്‍ വെസ്റ്റ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ നടന്ന അന്വേഷണത്തിലാണു കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് പുറത്തു വന്നത്. ഇതോടെ കൂടുതല്‍ പേര് പരാതി നല്‍കുകയായിരുന്നു. 12% പലിശയാണു നിക്ഷേപങ്ങള്‍ക്കു വാഗ്ദാനം ചെയ്തിരുന്നത്.
രതീഷ് ആനേടത്ത് ചെയര്‍മാനും നവീന്‍കുമാര്‍, ജുവിന് പോള്‍, ജാക്സണ് ആന്റണി, പ്രജോദ്, ജയശീലന്‍, തിതിന് കുമാര്‍,സൂരജ്, ഹരികൃഷ്ണന്, എന്നിവര്‍ ഡയറക്ടര്‍മാരുമാണ്. 5 ജീവനക്കാരെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. അസിസ്റ്റന്റ് കമ്മിഷണര്‍ വി.കെ. രാജു രൂപീകരിച്ച അന്വേഷണ സംഘത്തിലെ സബ് ഇന്‍സ്പെക്ടര്‍മാരായ കെ.ആര്. റെമിന്‍, കെ.എന്‍. വിജയന്, കെ.ജി. ജയനാരായണന്‍, പി.കെ. ഹരി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.എസ്. സുജിത്ത്, എം. അബീഷ് ആന്റണി, ടി.വി. വരുണ്‍കുമാര്‍, പി.ടി. റിക്സണ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
12% വരെ പലിശ നിക്ഷേപങ്ങള്‍ക്കു കൃത്യമായി നല്‍കുന്നുവെന്ന പ്രചാരണം കേട്ടു തിരുവിതാംകൂര്‍ നിധി ലിമിറ്റഡില്‍ ജനങ്ങള്‍ നിക്ഷേപിച്ചത് 5000 രൂപ മുതല്‍ 4 കോടി രൂപവരെയാണ്
ശോഭാസിറ്റിയില്‍ ഫ്ലാറ്റ്, എറണാകുളത്ത് വില്ല, ബിഎംഡബ്ലിയു കാര്‍ കോടികളുടെ സ്വത്തുള്ളയാള്‍. നിക്ഷേപത്തിനു 40%വരെ ലാഭമുണ്ടാക്കുന്ന ഒന്നാംകിട ഗോള്‍ഡ് ട്രേഡര്‍. തിരുവിതാംകൂര്‍ നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ചെയര്മാന് പുഴയ്ക്കല്‍ ആനേടത്ത് രതീഷിന്റെ വിശേഷണങ്ങള്‍ ഇതൊക്കെയായിരുന്നു. നിക്ഷേപകര്‍ മുടക്കു മുതലും പലിശയും കിട്ടാതെ അന്വേഷണം തുടങ്ങിയപ്പോഴാണ് കേട്ടതെല്ലാം കെട്ടിച്ചമച്ച കഥകളാണെന്നു മനസ്സിലായത്. അപ്പോഴേക്കും 100 കോടിയിലേറെ രൂപ സമാഹരിച്ച് ആഡംബരജീവിതം നയിക്കുന്ന സംഘമായി നിധി കമ്പനി ഉടമകള്‍ മാറിയിരുന്നു. കമ്പനി നയിച്ചിരുന്ന രതീഷ് ഡയറക്ടര്‍മാരായി കൂടെ കൂട്ടിയിരുന്നവരുടെ പേരിലും അക്കൗണ്ടിലുമാണു നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നതെന്നാണു വിവരം. 10 മാസം മുന്‍പാണ് കമ്പനി പ്രതിസന്ധിയിലായതും നിക്ഷേപകര്‍ക്കു പണം മുടങ്ങുകയും ചെയ്തത്. പ്രശ്നങ്ങള്‍ തുടങ്ങിയതോടെ രതീഷ് ദുബായിലേക്കു മുങ്ങി. 3 ദിവസം മുന്‍പ് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി തൃശൂരില്‍ ഹോട്ടല്‍ മുറിയെടുത്തു രഹസ്യമായി താമസിക്കുമ്പോഴാണു പൊലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: