അഡ്വ. ബി. ഗോപാലകൃഷ്ണന്
(ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍)
പെഗാസസ് വിഷയത്തില്‍ പൗരന്റെ സ്വകാര്യതയെ സംബന്ധിച്ച് പുതിയ നിര്‍വ്വചനവും നിരീക്ഷണവും നടത്തി, ഭേദഗതി വരെ ശുപാര്‍ശ ചെയ്യാനുള്ള അധികാരം നല്കിയ സുപ്രീം കോടതിയുടെ വിധിന്യായം ചരിത്രപരമാണ്. എന്നാല്‍ വിധിന്യായം കേന്ദ്ര സര്‍ക്കാരിനേറ്റ പ്രഹരമാണെന്ന ചിലരുടെ വിലയിരുത്തല്‍ മോദിവിരുദ്ധതയുടെ ജല്‍പ്പനമാണ്. സമീപകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് സ്വകാര്യത.
ഭരണഘടനാ സ്ഥാപനങ്ങളേയും പ്രമുഖരായ വിശ്വപൗരന്മാരെയും മോദി സര്‍ക്കാര്‍ വശത്താക്കുന്നതും തളച്ചിടുന്നതും സ്വകാര്യതയില്‍ കടന്നുകയറി ആധിപത്യം ഉറപ്പിച്ചിട്ടാണെന്നാണ് മോദിവിരുദ്ധരുടെ വാദം. പ്രസിദ്ധമായ ആധാര്‍ കേസില്‍ സ്വകാര്യത മൗലികാവകാശമാണെന്ന് പറഞ്ഞ സുപ്രീംകോടതി തന്നെ, വ്യക്തിയുടെ സ്വകാര്യതയിലെ സ്വാതന്ത്ര്യത്തിന് രാജ്യസുരക്ഷയുടെ ലക്ഷ്മണ രേഖയുണ്ടെന്ന് പെഗാസസ് വിധിന്യായത്തിലും ഊന്നിപ്പറയുന്നുണ്ട്. ഒരു വ്യക്തി സ്വകാര്യത എന്ന പരിചയിലൂടെ രാജ്യത്തിന് അഹിതമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ആ വ്യക്തിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യത്തെ ഭംഗിക്കാന് സംസ്ഥാനത്തിനും അവകാശമുണ്ട്. സര്‍ക്കാരിന് ആവശ്യം വന്നാല്‍ ആരുടെയും ആശയവിനിമയം പരിശോധിക്കാമെന്ന് ഇന്ത്യന്‍ ടെലിഗ്രാഫ് നിയമത്തില്‍ പറയുന്നുണ്ട്.
സ്വകാര്യതയിലെ നിരീക്ഷണം
ഭരണഘടന അനുസരിച്ച് ആര്‍ട്ടിക്കിള്‍ 19ല്‍ പറയുന്ന വ്യക്തിയുടെ സ്വകാര്യതയുടെ സ്വാതന്ത്ര്യത്തിന് മേല്‍ ആദ്യം വിലക്ക് ഏര്‍പ്പെടുത്തിയത് 1951 ല്‍ ജവഹര്‍ലാല്‍ നെഹ്റുവാണ്. റീസണബിള്‍ റസ്ട്രിക്ഷന്‍ എന്ന പേരിലുള്ള സര്‍ക്കാര്‍ നിരീക്ഷണം തുടങ്ങുന്നതിന് മുമ്പ്, രണ്ട് പതിറ്റാണ്ട് സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തിന്റെ സ്വകാര്യതയില്‍ കടന്നുകയറി അവരെ ക്രൂരമായി നെഹ്റു നിരീക്ഷിച്ചിരുന്നു. 2008ല്‍ യുപിഎയുടെ കാലത്ത് 9000 പേരുടെ ഫോണ്‍ സന്ദേശങ്ങളും ഇ-മെയില്‍ മെസ്സേജുകളും അവരറിയാതെ നിരീക്ഷിച്ചിരുന്നു എന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്തെല്ലാ സര്‍ക്കാരുകളും രാജ്യസുരക്ഷയ്ക്കും നീതിന്യായനിര്വ്വഹണത്തിനും വേണ്ടി വ്യക്തികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുകയും സംശയാസ്പദമായ സാഹചര്യത്തില്‍ അവരിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കാറുമുണ്ട്.
കോടതിവിധി മോദി വിരുദ്ധമോ?
സുപ്രീംകോടതി വിധി മോദി സര്‍ക്കാരിന് വിരുദ്ധമാണെന്ന് പറയുന്നവര്‍ സ്വയം വേവലാതിപ്പെടുന്നവരാണ്. രാജ്യത്തിന് ഹിതകരമല്ലാത്ത കാര്യങ്ങള്‍ ചെയ്തവര്‍ക്ക് മാത്രമേ ഈ വിഷയത്തില്‍ ഭയക്കേണ്ടതുള്ളൂ. ജനാധിപത്യവും ഭരണഘടനയിലെ പൗരന്മാരുടെ അവകാശങ്ങളും സംരക്ഷിക്കാനാണെങ്കില്‍ വിധിന്യായത്തില്‍ നേരിട്ടു പറയാത്തകാര്യങ്ങള്‍ ഉയര്‍ത്തി അട്ടഹസിക്കുന്നതെന്തിന്? വിധിന്യാ
യം വിശകലനവിധേയമാക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ താല്പര്യങ്ങളും നിര്‍ദ്ദേശങ്ങളും അടങ്ങിയതാണ് അതിന്റെ അന്തസത്ത എന്നു കാണാം. പ്രതി ആഗ്രഹിച്ചതും ജഡ്ജി കല്പ്പിച്ചതും ഒന്നുതന്നെ എന്ന് പറയുന്നതുപോലെ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന്റെ തലേദിവസം കേന്ദ്രസര്‍ക്കാരിനെ പ്രതികൂട്ടിലാക്കി ദി വയര്‍ കൊണ്ടുവന്ന വിഷയം ഏറ്റുപിടിച്ച് നിരന്തരം പാര്‍ലമെന്റ് സ്തംഭിപ്പിച്ച് കോടിക്കണക്കിന് രൂപയാണ് പാഴാക്കിയത്. പെഗാസസുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പ്രതിപക്ഷം ഉയര്‍ത്തിയ ആദ്യ ആരോപണം ഫോണ്‍ ചോര്‍ത്തിയത് സര്‍ക്കാര്‍ എന്നതായിരുന്നു. ഈ വിധിന്യായത്തില്‍ ഫോണ്‍ ചോര്‍ത്തി എന്നു പറഞ്ഞിട്ടില്ലെന്നു മാത്രമല്ല, ടേം ഓഫ് റഫറന്‍സില്‍ ഫോണ്‍ ചോര്‍ത്തിയോ ഇല്ലയോ എന്നന്വേഷിക്കണമെന്നും പറഞ്ഞിട്ടുണ്ട്. രാഹുല്‍ഗാന്ധി അടക്കമുള്ള മുന്നൂറില്‍പ്പരം പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തപ്പെട്ടു എന്ന് തെളിവുകളൊന്നുമില്ലാതെ തട്ടിവിട്ട ദി വയറിന്റെ റിപ്പോര്‍ട്ട് അപ്പാടെ വിഴുങ്ങിയാണ് പ്രതിപക്ഷം പാര്‍ലമെന്റില്‍ ബഹളം വെച്ചതും സഭ തടസ്സപ്പെടുത്തിയതു. തെളിവുകളില്ലാത്ത പത്രവാര്‍ത്തയ്ക്ക് മറുപടി പറയാന്‍ സഭ ബാധ്യസ്ഥമല്ലെന്ന വാദം പ്രതിപക്ഷം അംഗീകരിച്ചില്ല. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പന്ത്രണ്ട് ഹര്‍ജികളുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട കോടതി, പത്രവാര്‍ത്തയെ അടിസ്ഥാനപ്പെടുത്തി കേസ് എടുക്കാനോ നിലപാട് നിര്‍ണ്ണയിക്കാനോ സാധിക്കില്ല എന്ന് അസന്നിഗ്ധമായി പ്രസ്താവിച്ചിട്ടുമുണ്ട്. പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടും ഇതില്‍നിന്നും വ്യത്യസ്തമായിരുന്നില്ല. വാര്‍ത്തയുടെ ഉള്ളടക്കം പരിശോധിക്കാന്‍ വിദഗ്ധസമിതിയെ രൂപീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിദഗ്ധസമിതി വേണ്ട, പ്രതിപക്ഷം നിര്‍ദ്ദേശിക്കുന്ന പാര്‍ലമെന്റ്സമിതി വേണമെന്നായിരുന്നു പ്രതിപക്ഷവാദം. വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം പരിശോധിച്ച് പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ എന്നത് അന്വേഷിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടും പാര്‍ലമെന്റ് സമിതിക്കുവേണ്ടി ബഹളം ഉണ്ടാക്കുകയായിരുന്നു പ്രതിപക്ഷം.
കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞതും വിധിന്യായത്തില്‍ സുപ്രീംകോടതി സൂചിപ്പിച്ചതും വിദഗ്ധസമിതിയുടെ കാര്യം തന്നെയാണ്. ഇന്ത്യയില്‍ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം വിദഗ്ധസമിതി പരിശോധിക്കട്ടെയെന്നാണ് സുപ്രീംകോടതിയുടെ വിധിന്യായം. ക്യാബിനറ്റ് സെക്രട്ടറി രാജേന്ദ്രകുമാര്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായി സുപ്രീംകോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ വിദഗ്ധസമിതിയുടെ കാര്യം സൂക്ഷ്മമായി പറഞ്ഞിട്ടുണ്ട്. സുപ്രീംകോടതി നേരിട്ട് വിദഗ്ധസമിതിക്ക് രൂപം കൊടുക്കാം എന്ന് മാത്രമാണ് വിധിന്യായത്തില്‍ പറഞ്ഞിട്ടുള്ളത്. വിധിന്യായത്തിന്റെ 8, 9 പേജുകളില്‍ ഈ കാര്യം സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്: ‘With a view to dispel any wrong narrative spread by certain vested interests and with an object of examining the issue raised, the Union of India will constitute a committee of Experts in the field which will go in to all aspects of the issue.”
സുപ്രീംകോടതി വിധി കേന്ദ്രസര്‍ക്കാരിനേറ്റ പ്രഹരമാണെന്ന് വാദിക്കുന്നവര്‍ ഒരു കാര്യം ശ്രദ്ധിക്കാതെ പോയി. കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നതും സുപ്രീംകോടതിയുടെ നേതൃത്വത്തിലുള്ള ഒരു വിദഗ്ധസമിതി ഉണ്ടാകണമെന്ന് തന്നെയാണ്. എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ലിമിറ്റഡ് അഫിഡവിറ്റ് നല്‍കിയെന്നതിന്റെ മര്‍മ്മം മനസ്സിലാക്കുമ്പോള്‍ പെഗാസസ് വിഷയം ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നതുതന്നെയാണ്. വിദഗ്ധ സമിതിക്ക് രഹസ്യവിവരങ്ങള്‍ സീല്‍ഡ് കവറില്‍ കൊടുക്കാം, പരിശോധിക്കാം. അന്തിമതീരുമാനമെടുക്കാം. ഇതായിരിക്കാം കേന്ദ്രസര്‍ക്കാര്‍ ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ലിമിറ്റഡ് അഫിഡവിറ്റ് നല്കിയ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധസമിതിയുടെ നിര്‍ദ്ദേശം സമര്‍പ്പിച്ചത്. തെളിവുകള്‍ ഒന്നും ഇല്ലാതെ സ്വതന്ത്ര അന്വേഷണസമിതി വേണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടതും കേന്ദ്രസര്‍ക്കാരിന് അറിയുന്ന കാര്യമാണ്. എന്നിട്ടും വിദഗ്ധസമിതിയുടെ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ചതിന്റെ പിന്നിലെ ലക്ഷ്യം വ്യക്തമാണ്.
എന്താണ് പെഗാസസ്?പെഗാസസ് എന്നത് ഇസ്രായേലി ചാര സോഫ്റ്റ്വെയറാണ്. കാനഡയിലെ ടൊറന്റോ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് സിറ്റിസണ്‍ ലാബ് 2018 സെപ്തംബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇസ്രായേല്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പിന്റെ ചാര സോഫ്റ്റ്വെയറായ പെഗാസസിനെ കുറിച്ച് വിശദീകരിക്കുന്നത്. അമ്പത് രാജ്യങ്ങളിലെ അമ്പതിനായിരം ആളുകള്‍ ഈ സോഫ്റ്റ്വെയറിന്റെ ഇരകളാണെന്നും ഇന്ത്യയില്‍ രാഷ്ട്രീയ നേതാക്കളും പത്രപ്രവര്‍ത്തകരുമടക്കം പ്രമുഖരായ 300ല്‍പ്പരം വ്യക്തികളുടെ ഫോണ്‍ വിവരങ്ങള്‍ ഈ സോഫ്റ്റ്വെയറിലൂടെ ചോര്ത്തിയിട്ടുണ്ടെന്നുമാണ് ”ദി വയര്‍” എന്ന മാധ്യമ സ്ഥാപനം പുറത്തുവിട്ട റിപ്പോര്‍ട്ട്. അടിസ്ഥാനപരമായി യാതൊരു തെളിവുകളുമില്ലാതെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ തലേദിവസം കൊണ്ടുവന്ന ഈ വാര്‍ത്തയുടെ പിന്നിലെ അജണ്ട വ്യക്തമാണ്. ദി വയര്‍ എന്ന സ്ഥാപനത്തിന് വിദേശത്തു നിന്നും സാമ്പത്തിക സഹായം നല്കുന്ന എന്‍ജിഒയെ കേന്ദ്രസര്‍ക്കാര്‍ റദ്ദ് ചെയ്തതും, ഈ മാധ്യമ സ്ഥാപനം നിരന്തരം ബിജെപി സര്‍ക്കാരിനെതിരെ പടച്ചുണ്ടാക്കിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായി മാറിയതും ഈ വാര്‍ത്തയുമായി കൂട്ടി വായിക്കേണ്ടതുണ്ട്. |
പ്രതികരിക്കാൻ ഇവിടെ എഴുതുക: