തിരുവനന്തപുരം: അനുപമ എന്ന യുവതിയുടെ കുഞ്ഞിനെ അമ്മ അറിയാതെ കടത്തിക്കൊണ്ടു പോയി ദത്ത് നല്കിയ കേസില്‍ അനുപമയുടെ മാതാപിതാക്കള്‍ അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സര്‍ക്കാരിനു വേണ്ടി ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ എ.എ.ഹക്കിം വാദിച്ചു.
അതേസമയം, പഠിക്കാന്‍ വിട്ട മകള്‍ ഗര്‍ഭിണിയായി തിരിച്ചുവന്നപ്പോള്‍ ഏതൊരു മാതാപിതാക്കളും ചെയ്യുന്നതാണ് അനുപമയുടെ മാതാപിതാക്കളും ചെയ്തത്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് പ്രതികള്‍ക്ക് ജാമ്യം നല്‍കണമെന്നും അഭിഭാഷകന് വാദിച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹര്‍ജിയില്‍ വിധി പറയരുത്. അനുപമയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ല. കുഞ്ഞ് സുരക്ഷിതമായി ജീവിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. ഇതിനു അനുപമയുടെ പിന്തുണ ഉണ്ടായിരുന്നു. അനുപമ രേഖാമൂലം എഴുതി നല്‍കിയതിനെത്തുടര്‍ന്നാണ് ദത്ത് നടപടികളുമായി മുന്നോട്ടുപോയത്.
കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുത്തതായി അനുപമയും പറയുന്നില്ല. മാതാപിതാക്കള്‍ക്ക് താല്കാലികമായി സംരക്ഷിക്കാന്‍ നല്‍കിയതാണെന്ന് അനുപമ തന്നെ കുടുംബ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്.
അതേസമയം, പ്രസവശേഷം തെറ്റിദ്ധരിപ്പിച്ച് ദത്തിനുള്ള സമ്മതപത്രം ഒപ്പിട്ടു വാങ്ങിയെന്നും ഈ സമ്മത പത്രത്തെ സംബന്ധിച്ചും ദത്തിനു പിന്നില്‍ നടന്ന നിയമലംഘനത്തെക്കുറിച്ചും വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും പ്രതികളെ വിശദമായി ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷന് വാദിച്ചു. അനുപമ നല്കിയ പരാതിയില്‍ പേരൂര്‍ക്കട പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അനുപമയുടെ അച്ഛന് ജയചന്ദ്രന്, അമ്മ സ്മിത ജയിംസ്, സഹോദരി അഞ്ചു, അഞ്ചുവിന്റെ ഭര്‍ത്താവ് അരുണ്‍, അനുപയുടെ അച്ഛന്റെ സുഹൃത്തുക്കളായ രമേശ്, മുന്‍ കൗണ്‍സിലര്‍ അനില്‍ കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കേസില്‍ നവംബര്‍ രണ്ടിനു തിരുവനന്തപുരം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതി വിധി പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: