തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ വൻകിടക്കാരെ സംരക്ഷിച്ച് സാധാരണക്കാരെ കുരുതികൊടുക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് പറഞ്ഞു. സിപിഎമ്മിന്റെ പ്രധാന കള്ളപ്പണ വെളുപ്പിക്കൽ കേന്ദ്രമാണ് കരുവന്നൂർ സഹകരണ ബാങ്ക്. വ്യാജരേഖയുണ്ടാക്കി കോടികൾ തട്ടിയെടുത്ത വൻകിടക്കാർക്കെതിരെ ചെറുവിരലെനക്കാൻ ഇന്നേവരെ സിപിഎമ്മോ, ഭരണക്കാർത്താക്കളോ തയ്യാറായിട്ടില്ല.
സിപിഎം അല്ലാത്തവരെ തിരഞ്ഞുപിടിച്ച് ഭീക്ഷണിപ്പെടുത്തി മാനസിക സമ്മർദ്ദത്തിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സമീപനമാണ് കരുവന്നൂരിൽ നടക്കുന്നത്. മന്ത്രിയടക്കം സിപിഎം ഉന്നത നേതാക്കളാണ് കോടികൾ തട്ടിയ ഡയറക്ടർമാരെ ഇപ്പോഴും സംരക്ഷിക്കുന്നത്. കിരൺ എന്ന കമ്മീഷൻ ഏജന്റിനെ കസ്റ്റഡിയിലെടുക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. മന്ത്രിയടക്കമുള്ള ഉന്നതരുമായുള്ള കിരണിന്റെ ബന്ധമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂർ ബാങ്കിൽ നിന്നും വായ്‌പ്പയെടുത്തവരിൽ ഒരാൾ കൂടി ഇന്ന് ജീവനൊടുക്കിയിരുന്നു. ആലപ്പാടൻ ജോസ് (60) എന്നയാളാണ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദിയായ അഡ്മിനിസ്ട്രേറ്റർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാൻ തയ്യാറാകണമെന്നും ഇനിയും ഇത്തരം നടപടി തുടർന്നാൽ ശക്തമായ ജനകീയ പ്രതിരോധത്തിന് ബിജെപി തയ്യാറാകുമെന്നും നാഗേഷ് പറഞ്ഞു.
കൽപണിക്കാരനായിരുന്ന ജോസ് കരിവന്നൂർ ബാങ്കിൽ നിന്ന് നാല് ലക്ഷം രൂപ വായ്‌പ എടുത്തിരുന്നു. മകളുടെ വിവാഹാവശ്യത്തിനാണ് പണം കടമെടുത്തത്. കൊറോണയും ലോക്ഡൗണും അടക്കമുള്ള പ്രതിസന്ധി വന്നതോടെ തിരിച്ചടവ് മുടങ്ങി. ബാങ്കിൽ നിന്നും കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചതോടെ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്ന ജോസിനെ ഇന്ന് പുലർച്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: