തൃശ്ശൂര്‍: പീച്ചി വനമേഖലയില്‍ നടന്ന സര്‍വേയില്‍ 72 ഇനം തുമ്പികളെ കണ്ടെത്തി. പീച്ചി വന്യജീവി ഡിവിഷന് കീഴില്‍ ആദ്യമായി നടത്തിയ തുമ്പി സര്‍വേയിലാണ് 72 ഇനം തുമ്പികളെ കണ്ടെത്തിയത്. പീച്ചി വന്യജീവി വിഭാഗവും സൊസൈറ്റി ഫോര്‍ ഓഡോണേറ്റ് സ്റ്റഡീസും സംയുക്തമായി നടത്തിയ പഠനത്തിലാണ് 31 ഇനം സൂചി തുമ്പികളെയും 41 ഇനം കല്ലാര്തുമ്പികളെയും കണ്ടെത്തിയത്.
പശ്ചിമഘട്ട മലനിരകളില്‍ മാത്രം കണ്ടു വരുന്ന കുങ്കുമ നിഴല്‍ത്തുമ്പി, പുള്ളി നിഴല്‍ത്തുമ്പി, ചെങ്കറുപ്പന്‍ അരുവിയന്‍, വയനാടന്‍ മുളവാലന്‍, തെക്കന്‍ മുളവാലന്‍, പത്തി പുല്‍ച്ചിന്നന്‍, മഞ്ഞവരയന്‍ പൂത്താലി, വയനാടന്‍ കടുവ, തീക്കറുപ്പന്‍ തുടങ്ങിയ തുമ്പികളെ പീച്ചി വന്യജീവി ഡിവിഷനില്‍ കണ്ടെത്തി.
വംശനാശ ഭീഷണി നേരിടുന്ന സ്ഥാനീയ തുമ്പിയായ കുങ്കുമനിഴല്‍ തുമ്പിയെ (ഇന്‍ഡോസ്റ്റിക്ടാ ഡെകാനെന്‍സിസ്) ഏഴ് ക്യാമ്പുകളില്‍ നിന്നും കണ്ടെത്തി. ആപൂര്‍വ്വ ഇനങ്ങളായ തുമ്പികളെ കണ്ടെത്തിയത് ഈ കാടുകളുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് സര്‍വ്വെയ്ക്ക് നേതൃത്വം നല്കിയ പീച്ചി വൈല്‍ഡ്ലൈഫ് വാര്ഡന് പി.എം.പ്രഭു അഭിപ്രായപ്പെട്ടു.
വിവിധ തരത്തിലുള്ള ആവാസ വ്യവസ്ഥകള്‍ ആരോഗ്യകരമായി നിലനില്ക്കുന്നു എന്നതിന്റെ സൂചകമാണ് തുമ്പികളും പൂമ്പാറ്റകളും. പീച്ചി വന്യജീവി സങ്കേതം, ചിമ്മിനി വന്യജീവി സങ്കേതം, ചൂലന്നൂര്‍ മയില്‍ സങ്കേതം എന്നിവിടങ്ങളില്‍ 9,10,11 ദിവസങ്ങളില്‍ നടന്ന സര്‍വ്വെയില്‍ വനംവകുപ്പ് ജീവനക്കാരോടൊപ്പം 38 വളണ്ടിയര്‍മാരും പങ്കെടുത്തു. ഇതു സംബന്ധിച്ച് തുടര്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും വാര്ഡന് പി.എം. പ്രഭു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: