മലപ്പുറം: പീഢനത്തിനിരയായ 17കാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി അപമാനം ഭയന്ന് ഗര്‍ഭാവസ്ഥ മറച്ചുവെയ്ക്കുകയും ഒടുവില്‍ വീട്ടിലെ മുറിയ്ക്കുള്ളില്‍ യൂട്യൂബ് സഹായത്തോടെ പ്രസവിയ്ക്കുകയും പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റുകയും ചെയ്തു. മലപ്പുറം കോട്ടയ്ക്കലിലാണ് സംഭവം നടന്നത്.
പ്രസവിച്ച് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയ്ക്ക് ട്യൂഷന് നല്‍കിയിരുന്ന അയല്‍ക്കാരനായ യുവാവുമായുള്ള ബന്ധത്തിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരില്‍ നിന്നു പോലും മറച്ചുവെച്ചു. ഒടുവില്‍ വീട്ടുകാരെ അറിയിക്കാതെ തന്റെ മുറിക്കുള്ളില്‍ ഒറ്റയ്ക്ക് പ്രസവിക്കുകയായിരുന്നു.
യൂട്യൂബിലെ വീഡിയോകളുടെ സഹായത്തോടെയാണ് പ്രസവ രീതികള്‍ പെണ്‍കുട്ടി മനസ്സിലാക്കിയത്. ഈ വീഡിയോകളില്‍ നിന്നാണ് പ്രസവശേഷം പൊക്കിള്‍ക്കൊടി മുറിയ്ക്കേണ്ട രീതിയും മനസ്സിലാക്കിയത്. അത് അതുപോലെ അനുകരിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
ഒക്ടോബര്‍ 21-ാം തീയതി നടന്ന പ്രസവത്തെക്കുറിച്ച് ഒക്ടോബര്‍ 23നാണ് വീട്ടുകാര്‍ പുറത്തറിയുന്നത്. പെണ്‍കുട്ടിയും കുഞ്ഞും നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
പ്രണയം നടിച്ച് വിവാഹ വാഗാദാനം ചെയ്ത് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ ചെറുപ്പക്കാരന് പൊലീസ് പിടിയിലായി. പ്രതിയ്ക്കെതിരെ പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ അച്ഛന് സെക്യൂരിറ്റി ജീവനക്കാരനാണ്. അമ്മയ്ക്ക് കാഴ്ചവൈകല്യവുമുണ്ട്. ഈ സ്ഥിതിവിശേഷം മുതലെടുത്താണ് യുവാവ് പെണ്‍കുട്ടിയെ പീഢിപ്പിച്ചത്. ഇതേ സാഹചര്യം തന്നെ രഹസ്യമായി പ്രസവിക്കാനും പെണ്‍കുട്ടിയ്ക്ക് സഹായകരമായെന്ന് ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.
ഗര്‍ഭണിയായിരുന്നപ്പോള്‍ പെണ്‍കുട്ടി രണ്ട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്കായി പോയിരുന്നു. യഥാര്‍ത്ഥ പ്രായം മറച്ചുവെച്ചായിരിക്കാം ഈ ആശുപത്രികളില്‍ നിന്നും ചികിത്സ തേടിയതെന്നും സംശയിക്കുന്നു. പരസഹായമില്ലാതെ, യുട്യൂബ് സഹായത്തോടെ, തന്റെ മുറിയില്‍ ഒറ്റയ്ക്കാണ് പ്രസവിച്ചതെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ സത്യാവസ്ഥ പൊലീസ് പരിശോധിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: