മുംബൈ: ആദ്യം മയക്കമരുന്ന് കേസില്‍ ജയിലില്‍ പോയ സ്വന്തം മരുമകനെ ആദ്യം നന്നാക്കുകയാണ് വേണ്ടതെന്നും മഹാരാഷ്ട്ര മന്ത്രിയുടെ എന്‍സിപി നേതാവുമായി നവാബ് മാലിക്കിനെതിരെ ആഞ്ഞടിച്ച് സമീര്‍ വാങ്കഡെയുടെ ഭാര്യ.
സമീര്‍ വാങ്കഡെ മുസ്ലിമായിരുന്നുവെന്നതുള്പ്പെടെ ഒട്ടേറെ വ്യക്തിപരമായ ആരോപണങ്ങള്‍ നവാബ് മാലിക്ക് സമീര്‍ വാങ്കഡെയ്ക്കെതിരെ ഉയര്‍ത്തിയിരുന്നു. തങ്ങളുടെ കുടുംബത്തിന്റെ നേരെ വ്യക്തിപരമായ പ്രതികാരത്തിന് വരേണ്ടെന്നും നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ സോണല്‍ മേധാവി സമീര്‍ വാങ്കെഡെയുടെ ഭാര്യ ക്രാന്തി റെഡ്കര്‍ തിരിച്ചടിച്ചു.
സമീറിന്റെ അന്തരിച്ച അമ്മ മുസ്ലീമായിരുന്നെന്നും അവര്‍ക്ക് സമീര്‍ നിക്കാഹ് കഴിക്കണമെന്ന് മോഹമുണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം ഒരിയ്ക്കലും തന്റെ ജാതിയോ മതമോ മാറ്റാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ക്രാന്തി റെഡ്കര്‍ പറഞ്ഞു.
‘ഞങ്ങളുടെ സ്വകാര്യ രേഖകള്‍ പൊതുമാധ്യമങ്ങളില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് എന്തധികാരമാണുള്ളത്? ഈ കേസിനെ സഹായിക്കാനാണോ അങ്ങിനെ ചെയ്തത്? മന്ത്രിയായി സ്ഥാനമേല്ക്കുമ്പോള് പ്രജകളുടെ രേഖകള്‍ പരസ്യപ്പെടുത്തില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണ് അദ്ദേഹം. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹം ഇത് ചെയ്തത്? മുസ്ലിമായ അമ്മ മകനെ നിക്കാഹ് ചെയ്യിക്കാന്‍ ആഗ്രഹിച്ചിരുന്നു. അദ്ദേഹം ഒരു തവണ അത് ചെയ്തു. എങ്കിലും അദ്ദേഹം എവിടെയും തന്റെ ജാതിയും മതവും മാറ്റിയിട്ടില്ല,’- ക്രാന്തി റെഡ്കര്‍ വിശദീകരിച്ചു.
‘യുപിഎസ് സി പരീക്ഷയ്ക്ക് വേണ്ടി കുടുംബത്തിലുള്ളവര്‍ മുഴുവന്‍ ജാതി മാറ്റുമെന്നാണോ കരുതുന്നത്? അത് തെറ്റാണ്. വിഡ്ഢിത്തവുമാണ്. അദ്ദേഹത്തിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് മാധ്യമങ്ങളില്‍ കാണിച്ചിരുന്നു. അദ്ദേഹം ഒരു ചെറിയ ജാതിയില്‍ നിന്നുള്ളയാളാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ അനാവശ്യമായി വിമര്‍ശനവിധേയനാക്കുന്നത്. മയക്കമരുന്ന് ബിസിനസ്സിലേര്‍പ്പെട്ട എല്ലാവര്ക്കും സമീറിന്റെ ശിക്ഷയ്ക്ക് പാത്രമായിട്ടുണ്ട്. ഇത് പലരെയും അസ്വസ്ഥരാക്കുന്നു,’- ക്രാന്തി റെഡ്കര്‍ പറഞ്ഞു.
ഇനിയെങ്കിലും വ്യക്തിപരമായി തങ്ങളെ ആക്രമിക്കരുതെന്നും അവര്‍ മന്ത്രി നവാബ് മല്ലിക്കിനോട് അഭ്യര്‍ത്ഥിച്ചു. പകരം മയക്കമരുന്ന് കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന മരുമകനെ പരിവര്‍ത്തനം ചെയ്യാന്‍ സ്വന്തം കഴിവുകള്‍ ഉപയോഗിക്കാനും അവര്‍ നവാബ് മാലിക്കിനോട് ഉപദേശിച്ചു.
‘ഇനിയും വ്യക്തിപരമായ പ്രതികാരത്തിന് ശ്രമിക്കരുത്. എന്റെ ഭര്‍ത്താവ്, ഞാന്‍, എന്റെ ഭര്‍ത്താവിന്റെ സഹോദരി ഇവരൊന്നും താങ്കള്‍ക്ക് ഒരു ഉപദ്രവവും ചെയ്തിട്ടില്ല. താങ്കളുടെ മരുമകന് അറസ്റ്റിലായതിന്റെ പേരില്‍ ഞങ്ങളെ ആക്രമിക്കരുത്. നമുക്ക് നല്ലൊരു നിയമസംവിധാനമുണ്ട്. കരുത്തുറ്റ നിയമവുമുണ്ട്. അവിടെ താങ്കള്‍ക്ക് യുദ്ധം ചെയ്യാം. ഒപ്പം താങ്കള്‍ക്ക് സ്വന്തം വകുപ്പിലെ ജോലികളില്‍ ശ്രദ്ധകേന്ദ്രീകരിക്കാം,’ മറാത്തി അഭിനേത്ര കൂടിയായ ക്രാന്തി റെഡ്കര്‍ പറഞ്ഞു. ആദ്യ വിവാഹമോചനത്തിന് ശേഷം സമീര്‍ വാങ്കഡെ ക്രാന്തി റെഡ്കറെ വിവാഹം കഴിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: