നെല്ലിയാമ്പതി: യോഗ്യതയില്ലെന്ന കാരണത്താല്‍ നിയമനം നിരസിച്ച ഗ്രാമപഞ്ചായത്ത് അംഗത്തെ സ്ഥിരം തൊഴിലാളിയായി നിയമിക്കാന്‍ കൃഷി വകുപ്പ് ഡയറക്ടറുടെ ഉത്തരവ്. നെല്ലിയാമ്പതി സര്‍ക്കാര്‍ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമിലെ ദിവസവേതന തൊഴിലാളിയായിരുന്ന നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തംഗം പി.സഹനാഥനെയാണ് സ്ഥിരം തൊഴിലാളിയായി നിയമിക്കാന്‍ ഉത്തരവിട്ടത്. നിയമനം നല്കിയാല് നിലവിലുള്ള മുന്‍ഗണനാ പട്ടിക അട്ടിമറിക്കപ്പെടും.
2003 മുതല്‍ 2007 വരെ ജോലി ചെയ്തിരുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2000 ത്തിലാണ് സഹനാഥന് ഫാമില്‍ ജോലിചെയ്തിരുന്നത്. ഇക്കാരണത്താല്‍ നിയമനത്തിന് പരിഗണിച്ചിരുന്നില്ല. സഹനാഥന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് പരാതിക്കാരനെ നേരില്‍ കണ്ട് നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൃഷി ഡയറക്ടര്‍ പരിശോധിക്കുകയും സഹനാഥനില് നിന്ന് മൊഴിയെടുക്കുകയും ചെയ്തു.
2003നും 2007നും ഇടയില്‍ സഹനാഥന് ജോലി ചെയ്യാത്തതിനാല്‍ അപേക്ഷ നിരസിച്ച് 2019ല്‍ ഉത്തരവിട്ടു. എന്നാല്‍ ഇതിനെതിരെ സഹനാഥന് വീണ്ടും ഹൈക്കോടതിയെ സമീപിച്ച് കൃഷി വകുപ്പ് ഡയറക്ടര്‍ക്ക് വിധിന്യായം നടപ്പിലാക്കുന്നതിന് അവസരം നല്കി. ഇതേ തുടര്‍ന്നാണ് പ്രത്യേക പരിഗണന നല്കി സ്ഥിരം തൊഴിലാളിയായി നിയമനം നല്‍കണമെന്ന് കൃഷി വകുപ്പ് ഡയറക്ടര്‍ ഉത്തരവിട്ടത്.
10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്നവരുടെ മുന്‍ഗണന പട്ടിക മറികടന്നാണ് സഹനാഥനെ നിയമിക്കുന്നത്. ഇതിനെതിരെ എസ്റ്റേറ്റ് ലേബര്‍ കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്. മുഹമ്മദ് റാഫി കൃഷി വകുപ്പ് ഡയറക്ടര്‍ക്ക് പരാതി നല്കി. ആര്‍എസ്പി അംഗമായ സഹനാഥന് ഫാമില്‍ ജോലി നല്കിയാല് ഗ്രാമപഞ്ചായത്ത് ഭരണം കോണ്‍ഗ്രസില്‍ നിന്ന് പിടിക്കാന്‍ കഴിയുമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്.
ആകെയുള്ള 13 മെമ്പര്‍മാരില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും അഞ്ചുവീതവും ആര്‍എസ്പിക്ക് രണ്ടും ബിജെപിക്ക് ഒന്നും മെമ്പര്‍മാരാണുള്ളത്. രണ്ടുപേരുള്ള ആര്‍എസ്പിയില്‍നിന്ന് സഹനാഥന് നിയമന ഉത്തരവ് നല്‍കിയതോടെ നെല്ലിയാമ്പതിയുടെ ഭരണം കൈക്കലാക്കാമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: