കൊണ്ടോട്ടി: മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ 21കാരിയായ കോളെജ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച് പീഢിപ്പിക്കാന്‍ ശ്രമിച്ച പത്താം ക്ലാസ്സുകാരന് ബലാത്സംഗശ്രമത്തിനിടയില് പെണ്‍കുട്ടിയെ കഴുത്തുഞെരിക്കുകയും കല്ലുകൊണ്ടടിക്കുകയും ചെയ്തതായി പൊലീസിനോട് സമ്മതിച്ചു. തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.
ആക്രമണശ്രമങ്ങളെല്ലാം സിസിടിവി ക്യാമറയില്‍ പതിഞ്ഞതിനാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലിന് മുന്നില്‍ പ്രതിയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. ജില്ലാ തല ജൂഡോ ചാമ്പ്യന്‍ കൂടിയായ പ്രതി പൊലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രതി കുറ്റം സമ്മതിച്ചതായി ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് പറഞ്ഞു.
ചെറുത്തുനില്പിനിടയില് പെണ്‍കുട്ടി പ്രതിയെ കൈനഖമുപയോഗിച്ച് എതിര്‍ത്തിരുന്നു. ഇത് മൂലം പ്രതിയുടെ ശരീരത്തില്‍ മുറിവേറ്റിരുന്നു. എന്നാല്‍ നായ ഓടിച്ചപ്പോള്‍ വീണതാണെന്നാണ് പ്രതി വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. പ്രതിയുടെ വസ്ത്രത്തില്‍ ചെളിപുരണ്ടിരുന്നു. ഈ വസ്ത്രങ്ങളും പൊലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. പ്രതിയെ വൈകാതെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കും.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് കൊട്ടൂക്കര അങ്ങാടിക്ക് സമീപം കോളെജ് വിദ്യാര്‍ത്ഥിനിയായ 21 കാരിക്ക് നേരെ ക്രൂരമായ ആക്രമണമുണ്ടായത്. യുവതിയുടെ അതേ നാട്ടുകാരനാണ് പ്രതി. പെണ്‍കുട്ടിയുടെ വീടും സംഭവസ്ഥലവും തമ്മില്‍ ഒന്നരകിലോമീറ്റര്‍ ദൂരമുണ്ട്. വീട്ടില്‍ നിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ അക്രമി കടന്നുപിടിക്കുകയും വലിച്ചിഴച്ച് വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. 15 കാരനാണെങ്കിലും പ്രതിക്ക് നല്ല ആരോഗ്യമുണ്ട്. റോഡരികിലെ ഉയരം കുറഞ്ഞ മതിലിന് മുകളിലൂടെ ബലം പ്രയോഗിച്ച് പെണ്‍കുട്ടിയെ വാഴത്തോട്ടത്തിലേക്ക് തള്ളുകയായിരുന്നു.
തോട്ടത്തിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനിടയില്‍ പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് തടയാന്‍ മുഖത്ത് കല്ല് കൊണ്ടിടിച്ചു. വസ്ത്രങ്ങള്‍ വലിച്ചുകീറുകയും കൈകള്‍ കെട്ടിയിടുകയും വായില്‍ തുണി തിരുകുകയും ചെയ്തു. എന്നാല്‍ ലൈംഗികപീഢനത്തിന് മുതിര്‍ന്നപ്പോള്‍ പെണ്‍കുട്ടി സര്‍വ്വശക്തിയും സംഭരിച്ച് എഴുന്നേറ്റോടുകയായിരുന്നു. ബലാല്‍സംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരി പരിസരത്തുള്ള വീട്ടില്‍ അര്‍ധനഗ്നയായി അഭയം തേടുകയായിരുന്നു.
അര്‍ദ്ധനഗ്നയായിട്ടായിരുന്നു പെണ്‍കുട്ടി അഭയം തേടിയതെന്നും, ദേഹത്താകെ മണ്ണ് പറ്റിയിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു. ഷാള്‍ പെണ്‍കുട്ടിയുടെ വായില്‍ കുത്തിക്കയറ്റിയിരുന്നുവെന്നും, കൈകള്‍ കെട്ടിയിരുന്നുവെന്നും ദൃക്സാക്ഷി വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പെണ്‍കുട്ടി ആശുപത്രി വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: