കോഴിക്കോട്: തുലാപ്പത്തിന് പുന്നപ്ര-വയലാര്‍ സ്മാരകം നിലനില്‍ക്കുന്ന ആലപ്പുഴ തിരുവമ്പാടി വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ഒന്നിക്കുമ്പോള്‍ അവരുടെ യുവജന-വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ തല്ലുകയാണ്. 1946 ഒക്ടോബര്‍ 24 മുതല്‍ 27 വരെ ആയിരുന്നു (1122 തുലാം ഏഴ് മുതല്‍ 10 വരെ) പോലീസ് വെടിവെപ്പ്. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നിരുന്നില്ല.
പിന്നീട് 1962ല്‍ പാര്‍ട്ടി പിളര്‍ന്ന് സിപിഎം ഉണ്ടായ ശേഷം ഇരു പാര്‍ട്ടികളും വെവ്വേറെയാണ് രക്തസാക്ഷി ദിനം ആചരിച്ചത്. പാര്‍ട്ടി ഒന്നായില്ലെങ്കിലും ആചരണം ഒന്നിച്ചാക്കി. എന്നാല്‍, തുലാപ്പത്തിന്റെ 75-ാം വാര്‍ഷികത്തില്‍ 60 വര്‍ഷമായി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യുന്ന കമ്യൂണിസ്റ്റുകളുടെ ലയനം നടന്നിട്ടില്ലെന്ന് മാത്രമല്ല, പുതിയ തലമുറ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ തല്ലുകയാണ്.
സിപിഎമ്മില്‍നിന്ന് സിപിഐക്ക് നടുവിന് കിട്ടിയ ചവിട്ടാണ് എംജി യൂണിവേഴ്സിറ്റി കാമ്പസില്‍ എഐഎസ്എഫ് നേതാവിന് കിട്ടിയത്. വനിതാ നേതാവിനെ ജാതിപ്പേരു പറഞ്ഞ് അപമാനിച്ചതും അവര്‍ക്കെതിരേ ലൈംഗികാതിക്രമം കാട്ടിയതും എസ്എഫ്ഐക്കാരാണ്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താല്‍, ഭരണമുന്നണിയില്‍ പ്രമുഖ കക്ഷിയായ സിപിഐ, അവരുടെ വിദ്യാര്‍ഥി സംഘടനയ്‌ക്കൊപ്പം നിന്നാല്‍ സര്‍ക്കാരിനെത്തന്നെ മുട്ടുകുത്തിക്കാവുന്നതാണ്. പക്ഷേ, ‘പിള്ളാരുകളി’യെന്ന പരിഗണന മാത്രമാണ് സിപിഎം നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ നേതാവ് കാനം രാജേന്ദ്രനും നല്‍കിയിരിക്കുന്നത്. പ്രശ്നം അവര്‍തന്നെ കൈകാര്യം ചെയ്യട്ടെ എന്ന വിചിത്ര സമീപനം.
പാര്‍ട്ടികളിലെ മുതിര്‍ന്ന തലമുറക്കാര്‍ ഒത്തുതീര്‍പ്പുകളും ധാരണകളും ഉണ്ടാക്കി, പുതുതലമുറയെ കൈയൊഴിയുന്നതില്‍ സിപിഐയുടെ വിദ്യാര്‍ഥി-യുവജന സംഘടനകള്‍ക്കുള്ളില്‍ കടുത്ത അമര്‍ഷമാണ്. കാനം രാജേന്ദ്രന്‍ സിപിഎമ്മിന്റെ ട്രാപ്പിലായതിന് ഞങ്ങള്‍ കീഴടങ്ങുന്നതെന്തിനെന്ന ചോദ്യമാണ് മറ്റു സിപിഐ നേതാക്കള്‍ വിദ്യാര്‍ഥികളില്‍നിന്ന് നേരിടുന്നത്.
സിപിഐ കേന്ദ്രഭരണത്തില്‍ വന്നതും ഇന്ദ്രജിത് ഗുപ്ത ആഭ്യന്തരമന്ത്രിയായതുമാണ് പുന്നപ്ര-വയലാര്‍ സമരം സ്വാതന്ത്ര്യ സമതരമാക്കി ചരിത്രം തിരുത്തിയതെന്ന കാര്യം സിപിഎം നേതാക്കളും പുതുതലമുറക്കാരും അറിയണമെന്നും എഐഎഎസ്എഫ് നേതാക്കള്‍ പറയുന്നു. 1946ല്‍ കോണ്‍ഗ്രസ് സ്വാതന്ത്ര്യ സമരം തന്നെ നിര്‍ത്തിവെച്ചിരിക്കെ, ആ വര്‍ഷം ഒക്ടോബറിലെ ‘സായുധ കലാപം’ സ്വാതന്ത്ര്യസമരമാക്കിയത് ചരിത്രം തിരുത്തലാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്.
പിളര്‍ന്ന കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഒന്നാകാതെ, ഇടതുപക്ഷ ഐക്യം പോലുമില്ലാതെ രക്താസാക്ഷി ദിനം ഒന്നിച്ച് ആചരിക്കുന്നത് രക്തസാക്ഷികളെ ആക്ഷേപിക്കലാണെന്നും മുന്നണിയില്‍പെട്ട പാര്‍ട്ടിയിലെ യുവജന-വിദ്യാര്‍ഥി പ്രവര്‍ത്തകരെ ചവിട്ടി ഒതുക്കി വിജയം ആഘോഷിക്കുന്നത് കമ്യൂണിസത്തെ അവഹേളിക്കുന്നതാണെന്നുമുള്ള പ്രചാരണമാണ് തുലാപ്പത്തിന് മുന്നോടിയായി പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത്. 75-ാം വര്‍ഷത്തില്‍ കമ്യൂണിസ്റ്റുകളുടെ പുതിയ തലമുറ അപഹാസ്യരായി മാറുന്നുവെന്ന് പരിതപിക്കുന്ന പഴയകാല പ്രവര്‍ത്തകരും ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: