തിരുവനന്തപുരം: ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് റിവോള്‍വിംഗ് ഫണ്ട് സ്‌കീമിന് കീഴില്‍ 10,000 രൂപ വരെ പലിശരഹിത വായ്പ വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി കേരള ടൂറിസം വകുപ്പുമായി ധാരണാപത്രം ഒപ്പുവച്ചു.
സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ടൂറിസം വ്യവസായത്തെ കോവിഡ് പ്രതിസന്ധിയില്‍ നിന്ന് പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായി ഈ മാസം ആദ്യം സംസ്ഥാന സര്‍ക്കാര്‍ ഒരു റിവോള്‍വിംഗ് ഫണ്ട് രൂപീകരിച്ചിരുന്നു. തുടക്കത്തില്‍ പത്ത് കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.
തിരുവനന്തപുരത്ത് ടൂറിസം ഡയറക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണതേജ, കെടിഎം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കെടിഎം സൊസൈറ്റി സെക്രട്ടറി ജോസ് പ്രദീപ് സന്നിഹിതനായിരുന്നു.
റിവോള്‍വിംഗ് ഫണ്ടിന്റെ നിയമാവലിയനുസരിച്ച് ഗുണഭോക്താക്കള്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ/ടൂറിസം മന്ത്രാലയത്തിന്റെ അംഗീകാരമോ കെടിഎമ്മിന്റെയോ ടൂറിസവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അംഗീകൃത സംഘടനയുടെയോ അംഗത്വമുള്ള ഒരു സ്ഥാപനത്തിലായിരിക്കണം ജോലി ചെയ്യേണ്ടത്. ജീവനക്കാര്‍ എടുത്ത വായ്പകള്‍ തിരിച്ചടയ്‌ക്കുമെന്ന് ഈ സ്ഥാപനം ഉറപ്പാക്കും. ഒരു വര്‍ഷത്തെ മൊറട്ടോറിയം കാലാവധി കഴിഞ്ഞ് രണ്ട് വര്‍ഷത്തിനകം ഗുണഭോക്താവ് വായ്പ തിരിച്ചടയ്‌ക്കണം.
റിവോള്‍വിംഗ് ഫണ്ട് പദ്ധതി വിനോദസഞ്ചാര മേഖലയുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണെന്ന് ബേബി മാത്യു പറഞ്ഞു. കോവിഡ് കാരണം ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിലച്ചപ്പോള്‍ ഉണ്ടായ തിരിച്ചടികളെ നേരിടാന്‍ പാടുപെടുന്ന ആളുകളുണ്ട്. പദ്ധതി 10,000 പേര്‍ക്ക് ഉപകാരപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും ബേബി മാത്യു കൂട്ടിച്ചേര്‍ത്തു.
ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് ധാരണാപത്രം ഏറെ പ്രയോജനകരമാകുമെന്ന് ജോസ് പ്രദീപ് പറഞ്ഞു. ഞങ്ങള്‍ പരമാവധി ഒരു ലക്ഷം രൂപ വായ്പയായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ 10,000 രൂപ അനുവദിച്ചു. എന്നിരുന്നാലും ഭാവിയില്‍ കൂടുതല്‍ ഫണ്ട് സര്‍ക്കാര്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. കോവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ട ടൂറിസം മേഖലയിലെ തൊഴിലാളികളെ സഹായിക്കാന്‍ ഇത്തരമൊരു സംരംഭം കൈക്കൊണ്ടതിന് ടൂറിസം വകുപ്പിനോട് കെടിഎമ്മിന്റെ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കെടിഎം മാനേജിംഗ് കമ്മിറ്റി അംഗം എസ്.സ്വാമിനാഥന്‍, ട്രഷറര്‍ ജിബ്രാന്‍ ആസിഫ് എന്നിവരും പങ്കെടുത്തു.
ഉത്തരവാദിത്ത ടൂറിസം മിഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകളില്‍ തൊഴിലെടുക്കുന്നവര്‍ക്കും വായ്പയ്‌ക്കായി അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിച്ചതു മുതല്‍ ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനായുള്ള പ്രവര്‍ത്തനങ്ങളില്‍ കെടിഎം സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: