ന്യൂദല്‍ഹി: ദല്‍ഹിയില്‍ മൂന്ന് നില കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം. കുടുബത്തിലെ നാല് പേര് മരിച്ചു . ഓള്‍ഡ് സീമാപുര്‍ നിവാസികളായ ഹരിലാല്‍ (58), ഭാര്യ റീന (55), മകന് ആശു (24), മകള്‍ രോഹിണി (18) എന്നിവരാണ് മരിച്ചത്. മറ്റൊരു മകന് അക്ഷയ് (22) രക്ഷപ്പെട്ടു.
ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ദല്‍ഹിയിലെ ഓള്‍ഡ് സീമാപുരിയില്‍ മൂന്ന് നില വീടിന് തീപിടിച്ചത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് എത്തി തീ അണച്ചെങ്കിലും നാല് പേരുടെ ജീവന് രക്ഷിക്കാനായില്ല. എല്ലാവരും ശ്വാസം മുട്ടിയാണ് മരിച്ചത്. കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അക്ഷ് രണ്ടാം നിലയിലായിരുന്നു ഉറങ്ങിയത്.
ഹരിലാല്‍ സര്‍ക്കാര്‍ ജീവനക്കാരനാണ്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിരമിക്കാനിരിക്കെയാണ് ദുരന്തം. കൊതുകിനെ തുരത്താനുള്ള മോസ്കിറ്റോ കോയിലിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നും പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: