ന്യൂദല്‍ഹി: ബംഗ്ലാദേശിലെ ഹിന്ദുവിരുദ്ധ കലാപത്തിന്റെ ലക്ഷ്യം സമ്പൂര്‍ണ ഉന്മൂലനമാണെന്ന് വിശ്വഹിന്ദുപരിഷത്ത്. ഭാരത വിഭജനകാലം മുതല്‍ ദശലക്ഷക്കണക്കിന് ഹിന്ദുക്കളാണ് ആ മേഖലയില്‍ കൊല്ലപ്പെട്ടത്. വിഭജനകാലത്ത് കിഴക്കന്‍ ബംഗാളിലെ ജനസംഖ്യയില്‍ മൂന്നിലൊന്ന് ഹിന്ദുക്കളായിരുന്നുവെങ്കില്‍ ബംഗ്ലാദേശില്‍ അത് ഇപ്പോള്‍ എട്ട് ശതമാനം മാത്രമാണെന്ന് വിഎച്ച്പി അന്തര്‍ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി സ്വാമി വിജ്ഞാനാനന്ദ ചൂണ്ടിക്കാട്ടി.
1947ലെ ഭാരത വിഭജനകാലത്ത്, ബംഗാളിന്റെ കിഴക്കന്‍ ഭാഗത്ത് രണ്ട് ദശലക്ഷം ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു, എണ്ണമറ്റജനത ഇന്ത്യയിലേക്ക് പലായനം ചെയ്തു. 1950ല്‍ ഒരു ദശലക്ഷം ഹിന്ദുക്കളെ വീണ്ടും കൊലപ്പെടുത്തി. മറ്റൊരു അഞ്ച് ദശലക്ഷം ആളുകള്‍ ഇന്ത്യയിലേയ്ക്ക് ഓടിയെത്തി. 1964-ല്‍ ആയിരക്കണക്കിന് ആളുകളെയാണ് കൊന്നൊടുക്കിയത്. 2050ഓടെ സമ്പൂര്‍ണമായും ഹിന്ദുക്കള്‍ ഇല്ലാതാകണമെന്ന ലക്ഷ്യത്തോടെയാണ് നിരന്തരമായ ഈ അതിക്രമങ്ങളെന്നും സ്വാമി വിജ്ഞാനാനന്ദ ചൂണ്ടിക്കാട്ടി.
അതിനിടെ, ബംഗ്ലാദേശി ഹിന്ദുസമൂഹത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര സംഘടനകള്‍ക്ക് കത്തെഴുതി. ബംഗ്ലാദേശില്‍ ഒക്ടോബര്‍ 13ന് ആരംഭിച്ച അക്രമം ഇപ്പോഴും തുടരുകയാണ്. സര്‍ക്കാര്‍ നടപടികളെടുക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കുമ്പോഴും അക്രമങ്ങള്‍ക്ക് ശമനമില്ലെന്ന് വിഎച്ച്പി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ പന്ത്രണ്ട് ദിവസമായി ഇരുപത്തിരണ്ട് ജില്ലകളിലായി നിരപരാധികള്‍ കൊല്ലപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നു. ഒരു ഡസന്‍ ഹിന്ദുക്കളെ കൊന്നൊടുക്കി, ആയിരം പേര്‍ക്ക് പരിക്കേറ്റു. ചെറിയ പെണ്‍കുട്ടികളെയടക്കം കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് ബലാത്സംഗം ചെയ്യുന്നു. വീടുകളും വ്യാപാര സ്ഥാപനങ്ങളും കത്തിച്ചു.
ബംഗ്ലാദേശിലെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറംലോകത്തെത്തിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ അന്വേഷണ കമ്മിഷന് രൂപീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. അക്രമം ഭയന്ന് പലായനം ചെയ്യുന്നവര്‍ ഉപേക്ഷിച്ച സ്വത്ത് മറ്റുള്ളവര്‍ പിടിച്ചെടുക്കുന്നതിന് നിയമ പിന്തുണ നല്കുന്ന വെസ്റ്റഡ് പ്രോപ്പര്‍ട്ടി ആക്റ്റ് റദ്ദാക്കാന്‍ ബംഗ്ലാദേശ് തയ്യാറാകണമെന്ന് സ്വാമി വിജ്ഞാനാനന്ദ് ആവശ്യപ്പെട്ടു. ക്രിമിനല്‍ ജിഹാദി സംഘടനകളെ നിരോധിക്കണം, അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: