ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേരളത്തിനും തമിഴ്നാടിനും വിമര്‍ശനവുമായി സുപ്രീംകോടതി. ഇരുസംസ്ഥാനങ്ങളും തമ്മില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന പ്രശ്നം സംബന്ധിച്ച് അന്യോന്യം കൂടിയാലോചനകള്‍ ഇല്ലെന്നായിരുന്നു സുപ്രിംകോടതിയുടെ വിമര്‍ശനം. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നതിലെ ആശങ്ക അറിയിച്ച് സുപ്രീംകോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
കേരളവും തമിഴ്നാടും പരസ്പരം ചര്‍ച്ചകളിലൂടെ ധാരണയിലെത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നൽകി. “മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് കണക്കാക്കണം. അത് ഉടനെ ചെയ്യണം. ഇത് വളരെ ഗൗരവപ്പെട്ട പ്രശ്നമാണ്. ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന പ്രശ്നമാണ്,”- കോടതി നിർദ്ദേശിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിലാണെങ്കിലും അതിന്റെ പ്രവര്‍ത്തനച്ചുമതല തമിഴ്നാടിനാണ്.
ജലനിരപ്പ് സംബന്ധിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുകയാണെങ്കില്‍ കോടതിക്ക് ഇടപെടേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് ബുധനാഴ്ചത്തേയ്‌ക്ക് മാറ്റി. കേരളവുമായും മേല്‍നോട്ട സമിതിയുമായും ആലോചിക്കാമെന്ന് തമിഴ്‌നാട് സുപ്രീംകോടതിയെ അറിയിച്ചു. “ഡാമില്‍ ഏത് അളവ് വരെ വെള്ളം നിലനിര്‍ത്താം എന്ന് അറിയിക്കണം. അത് എന്ന് വരെ നിലനിര്‍ത്താം എന്നും തീരുമാനിക്കണം,” സുപ്രീംകോടതി പറഞ്ഞു.
നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കേണ്ട അടിയന്തര സാഹചര്യമുണ്ടോ എന്നത് സംബന്ധിച്ച് കേന്ദ്ര ജലകമ്മീഷനോടും സുപ്രീംകോടതി നിലപാട് തേടി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി കുറയ്‌ക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.
മുല്ലപ്പെരിയാര്‍ ഡാം ദുര്‍ബലമാണെന്നും അത് ഉയര്‍ന്ന ജലനിരപ്പ് താങ്ങാനാവാതെ തകര്‍ന്നാല്‍ കേരളത്തിലെ അഞ്ച് ജില്ലകള്‍ വെള്ളത്തിനടിയിലാകുമെന്നാണ് ഭീതി. ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, തൃശൂര്‍ ജില്ലകള്‍ക്കാണ് ഈ ഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: