ന്യൂദല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്ക് മോദി സര്‍ക്കാരിലുള്ള വിശ്വാസം വര്‍ദ്ധിച്ചുവെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. ന്യൂനപക്ഷ മോര്‍ച്ച ദേശീയ സമ്മേളനം ദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ പിന്തുണ നേടിയെടുത്തത് എന്തെങ്കിലും തരത്തിലുള്ള പ്രീണനം കൊണ്ടല്ല, മറിച്ചു ഭേദഭാവം കൂടാതെയുള്ള ഭരണവും സേവനവും കൊണ്ടാണ്. മോദി അധികാരത്തില്‍ വന്ന സമയം ഇസ്ലാമിക രാഷ്‌ട്രങ്ങളുമായുള്ള ബന്ധം അവസാനിക്കുമെന്ന് സിന്‍ഡിക്കേറ്റ് പാര്‍ട്ടികള്‍ പ്രചരിപ്പിച്ചു. എന്നാല്‍ മോദിക്ക് അവാര്‍ഡുകള്‍ കൊടുക്കാന്‍ മത്സരിക്കുന്ന ഇസ്ലാമിക രാഷ്‌ട്രങ്ങളെയാണ് പിന്നീട് കണ്ടത്. സര്‍ക്കാരിന്റെ ജനപ്രിയ പരിപാടികളില്‍ ഏകദേശം 33 ശതമാനവും ലഭിച്ചത് ന്യൂനപക്ഷങ്ങള്‍ക്കാണ്. രാജ്യത്ത് ഇപ്പോള്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെക്കുറിച്ച് കേള്‍ക്കാനേയില്ല. ന്യൂനപക്ഷങ്ങളെ ബിജെപിയുമായി അടുപ്പിക്കുന്നതില്‍ ന്യൂനപക്ഷ മോര്‍ച്ചക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജി ഇന്ത്യയുടെ രാഷ്‌ട്രപിതാവാണെങ്കില്‍ മോദി ഇന്ത്യയുടെ രക്ഷിതാവാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുളളക്കുട്ടി പറഞ്ഞു. കുടുംബഭരണത്തില്‍ നിന്ന്, അഴിമതിയില്‍ നിന്ന്, വികസന മുരടിപ്പില്‍ നിന്ന്, മഹാമാരിയില്‍ നിന്ന് ആധുനിക ഇന്ത്യയെ രക്ഷിച്ചത് മോദിയാണെന്ന് ചരിത്രം രേഖപ്പെടുത്തും. സഹനമാണ് ഇന്ത്യയുടെ രാഷ്‌ട്രീയ തത്വശാസ്ത്രം. അതാണ് ഇന്ത്യയില്‍ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് കാരണം. മതത്തിന്റെ പേരില്‍ ഭാരതമാതാവിനെ മുറിച്ചെടുത്തു രൂപീകരിച്ച പാകിസ്ഥാനില്‍ ഇപ്പോഴും സ്ഫോടനങ്ങളും അക്രമങ്ങളുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ ദേശീയ അധ്യക്ഷന്‍ ജമാല്‍ സിദ്ധിഖി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഡി. പുരന്ദേശ്വരി, സഹ സംഘടന സെക്രട്ടറി ശിവപ്രകാശ്, ഷാസിയ ഇല്‍മി തുടങ്ങിയവര്‍ സംസാരിച്ചു.
ദേശീയ സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികളായി ഡോ. അബ്ദുല്‍ സലാം, അഡ്വ. ജോജോ ജോസ്, അഡ്വ. ജിജി ജോസഫ്, അനീഷ് ആന്റണി, സുമിത് ജോര്‍ജ്, നിധിന്‍ ജയ്ക്, ജോസഫ് പടമാടന്‍, ഡോ. അനില്‍ തോമസ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: