ജിജേഷ് ചുഴലി
മലപ്പുറം: പ്രവാസികള്‍ തിരികെ പോകാന്‍ ആരംഭിച്ചതോടെ അവധിക്കാലത്തും ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി വിമാനക്കമ്പനികള്‍. സാധാരണ നിലയില്‍ ടിക്കറ്റ് നിരക്ക് ഏറ്റവും കുറയുന്ന സമയമാണിപ്പോള്‍. സപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയും ജനുവരി മുതല്‍ മാര്‍ച്ച് വരെയും ഗള്‍ഫ് മേഖലകളില്‍ അവധിയായാണ് കണക്കാക്കാറുള്ളത്. എയര്‍ ഇന്ത്യയടക്കം എല്ലാ കമ്പനികളും ഉയര്‍ന്ന ടിക്കറ്റ് നിരക്കാണിപ്പോള്‍ ഈടാക്കുന്നത്. ദുബായില്‍ എക്സ്പോ നടക്കുന്നതാണ് നിരക്ക് ഉയരാന്‍ കാരണമെന്നാണ് വിമാന കമ്പനികള്‍ നല്കുന്ന വിശദീകരണം.
എന്നാല്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് എന്തുകൊണ്ട് വര്‍ധിപ്പിക്കുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്. കൊവിഡ് വ്യാപനത്തോടെ വിവിധ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതോടെ അവധിക്ക് നാട്ടിലെത്തിയ പ്രവാസികള്‍ മാസങ്ങളോളം തിരിച്ചുപോകാനാവാതെ പ്രതിസന്ധിയിലായി. പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. വിസ കാലാവധി തീര്‍ന്നവര്‍ മടങ്ങിപ്പോകാന്‍ കഴിയാതെ നാട്ടില്‍ കുടുങ്ങി. ഏത് നിമിഷവും ജോലി നഷ്ടപ്പെടാമെന്ന അവസ്ഥയിലായിരുന്നു ഭൂരിഭാഗം പ്രവാസികളും.
ജോലി നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ കടം വാങ്ങി ടിക്കറ്റെടുത്ത് യാത്ര ചെയ്തവര്‍ അനവധിയാണ്. ഇതിനും പറ്റാത്തവര്‍ യാത്രാവിലക്ക് പിന്‍വലിക്കുന്നതും കാത്തുനില്പ്പായിരുന്നു.
യാത്രക്കാരുടെ വിലക്ക് ഗള്‍ഫ് രാജ്യങ്ങള്‍ നീക്കിയിട്ട് മൂന്ന് മാസമായെങ്കിലും ടിക്കറ്റ് നിരക്കില്‍ കാര്യമായ കുറവ് ഇതുവരെ ഉണ്ടായിട്ടില്ല. ജൂലൈയിലാണ് പ്രവാസികള്‍ക്ക് ഖത്തര്‍ വിലക്ക് പിന്‍വലിച്ചത്. ഇതോടെ ഖത്തര്‍ വഴി മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി മുതലെടുത്ത് കേരളത്തില്‍ നിന്ന് ഖത്തറിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാനകമ്പനികള്‍ മൂന്ന് മടങ്ങിലേറെ വര്‍ധിപ്പിച്ചു.
8,500 രൂപ വരെ ആയിരുന്നത് ഒറ്റയടിക്ക് 40,000 രൂപ വരെ ഉയര്‍ന്നു. അതേസമയം ദോഹയില്‍ നിന്ന് കേരളത്തിലേക്ക് 8,745 രൂപയ്ക്ക് ടിക്കറ്റ് ലഭ്യമായിരുന്നു. ഖത്തര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത് യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലാണ്. കൂടുതല്‍ യാത്രക്കാരുള്ള രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്ന തന്ത്രമാണ് വിമാന കമ്പനികള്‍ സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: