തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് അനുപമ എസ്.ചന്ദ്രന്റെ കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നല്‍കിയതിന് പിന്നാലെ സംസ്ഥാന ശിശുക്ഷേമ സമിതിയിലെ ക്രമക്കേടുകള്‍ പുറത്ത്. ഡിവൈഎഫ്ഐ നേതാവും ശിശുക്ഷേമ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഷിജുഖാന് സര്‍വീസ് റൂള്‍ ലംഘിച്ച് ഡെപ്യൂട്ടേഷന് നിയമനങ്ങള്‍ നടത്തി. കൂടാതെ ബന്ധുനിയമനവും. സ്റ്റാമ്പ് വില്‍പ്പന നടത്തി കിട്ടുന്ന വരുമാനം മുഴുവന്‍ ധൂര്‍ത്തടിച്ചെന്നും ആരോപണം.
സമിതിയുടെ പ്രസിഡന്റായ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ 2019 സപ്തംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടേഷന് നിയമനങ്ങള്‍ വേണ്ടെന്ന് സര്‍വീസ് റൂള്‍ രൂപീകരിച്ചിരുന്നു. എന്നാല്‍, പിന്നാലെ ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയ ഷിജുഖാന് സര്‍വീസ് റൂള്‍ അട്ടിമറിച്ചു. അഞ്ച് മാസത്തിനിടെ സെക്രേട്ടറിയറ്റില്‍ നിന്നും തനിക്ക് വേണ്ടപ്പെട്ട രണ്ട് പേരെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചു. 15 സ്ഥിരം ജീവനക്കാര്‍ മാത്രമുള്ളപ്പോഴാണിത്. സമിതിയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നിവരെയാണ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ഡെപ്യൂട്ടേഷനില്‍ എത്തിച്ചത്. ജോയിന്റ് സെക്രട്ടറി തസ്തികയിലുള്ള എസ്. ജാഫര്‍ഖാനെ 1,18,100-1,63,400 രൂപ ശമ്പള സ്കെയിലിലാണ് സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിച്ചത്.
ധനകാര്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി എസ്.കെ.ഷീബ ബീഗത്തെ ഒരു ലക്ഷത്തില്‍പരം രൂപ ശമ്പളത്തില്‍ ഫിനാന്‍സ് ഓഫീസറായും നിയമിച്ചു. സമിതി നിത്യചെലവിനു പോലും ബുദ്ധിമുട്ടുമ്പോഴാണ് നിയമലംഘനത്തിലൂടെ ഡെപ്യൂട്ടേഷന് നിയമനം നടത്തിയത്.
സമിതി സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോള്‍ തന്നെ ബന്ധുനിയമനം നടത്തിയതിനും തെളിവുകള്‍. ഷിജുഖാന് ജനറല്‍ സെക്രട്ടറിയായി എത്തുമ്പോള്‍ ഡ്രൈവറായ രഞ്ജു എന്ന ജീവനക്കാരനെ പിരിച്ചുവിട്ടു. തന്റെ സ്ഥലവാസിയും അടുത്ത ബന്ധുവുമായ പത്താംകല്ല് ഷമീനാ മന്‍സില്‍ എന്‍.ബി. ഷമീറിനെ ഔദ്യോഗിക ഡ്രൈവര്‍ കം അറ്റന്‍ഡറായി നിയമിച്ചു. കൂടാതെ സീനിയര്‍ ഉദ്യോഗസ്ഥന് പിഎ തസ്തികയിലിരിക്കത്തന്നെ മറ്റൊരാളെ അതേ തസ്തികയില്‍ നിയമിച്ചു. സ്വന്തം നാട്ടുകാരനായ നെടുമങ്ങാട് കുളമ്പിക്കട എന്‍. ഷമീറിനെയാണ് നിയമിച്ചത്. ഉത്തരവ് നല്‍കാതെ നിരവധി താത്കാലിക നിയമനങ്ങളും നടത്തിയെന്നാണ് സൂചന.
ചാരിറ്റബിള്‍ സ്ഥാപനമായ ശിശുക്ഷേമ സമിതിക്ക് സര്‍ക്കാര്‍ നേരിട്ട് ധനസഹായം നല്‍കുന്നില്ല. പകരം അഞ്ചു കോടിയുടെ ശിശുവികസന സ്റ്റാമ്പ് വില്‍പ്പനയ്ക്കുള്ള അനുമതിയുണ്ട്. വര്‍ഷത്തില്‍ മൂന്ന് കോടി രൂപ ശരാശരി ലഭിക്കും. മാസം 55-60 ലക്ഷം നടത്തിപ്പിന് ചെലവു വരും. അതിനുപോലും ചിലപ്പോള്‍ ബുദ്ധിമുട്ടാണ്. ആശ്രയം സംഭാവനയാണ്. ഈ സ്ഥിതിയിലുള്ള സ്ഥാപനത്തില്‍ ഷിജുഖാന്റെ നേതൃത്വത്തില്‍ വന്‍ ധൂര്‍ത്ത് നടത്തിയെന്നാണ് പുറത്തു വരുന്ന വിവരം.
ജനറല്‍ സെക്രട്ടറിക്ക് പ്രതിമാസം ഓണറേറിയമായി 15,000 രൂപയാണ് ഉള്ളത്. കേരളത്തിലുടനീളം കാറിലാണ് യാത്ര. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ യാത്രകള്‍. യാത്രയില്‍ പിഎയും ഒപ്പം ഉണ്ടാകും. ചിലപ്പോള്‍ ലീഗല്‍ കണ്‍സള്‍ട്ടന്റും. ഇവരുടെയെല്ലാം താമസവും ഭക്ഷണത്തിന്റെ ചെലവുമടക്കം ശിശുക്ഷേമ സമിതിയില്‍ നിന്നാണ് ഈടാക്കിയിട്ടുള്ളത്.
ദത്തെടുക്കല്‍ കേന്ദ്രങ്ങളും ജില്ലാ ശിശുക്ഷേമ സമിതികളും സന്ദര്‍ശിക്കാനായി നടത്തിയ യാത്രകളെല്ലാം ഡിവൈഎഫ്ഐ പ്രവര്ത്തനത്തിനായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം ,ജീവനക്കാര്‍ക്ക് മൂന്നു മാസമായി ശമ്പളം പോലും കൊടുത്തിട്ടില്ല. സര്‍ക്കാര്‍ നേരിട്ട് ധനസഹായം നല്കാത്തതിനാല് സമിതി വിവരാവകാശ നിയമത്തിന് പുറത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: