തിരുവനന്തപുരം: കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എ.ഐ.എസ്.എഫ് കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ ജാതിപ്പേര് പറഞ്ഞ് പരസ്യമായി ആക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത എസ്.എഫ്.ഐ ഗുണ്ടകളുടെ നടപടി പ്രാകൃതവും സംസ്ക്കാര ശൂന്യവുമാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.
എ.ഐ.എസ്.എഫ് കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ മോശമായ പദപ്രയോഗങ്ങളിലൂടെ വംശീയമായി അധിക്ഷേപിക്കുകയും കൂടുതല്‍ കളിച്ചാല്‍ കുടുംബം തന്നെ തകര്‍ത്തുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത എസ്.എഫ്.ഐ ഗുണ്ടകളെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും സ്വീകരിക്കുന്നതെന്ന് എം.പി കുറ്റപ്പെടുത്തി.
ദളിത് സമൂഹത്തോടുള്ള സി.പി.എമ്മിന്റെയും, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കന്മാരുടെയും മനുഷ്യത്വരഹിതമായ സമീപനമാണ് ഇതിലുടെ വ്യക്തമാകുന്നത്. സി.പി.എമ്മിലും എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും ഒക്കെ പ്രവര്‍ത്തിക്കുന്ന ദളിത് വിഭാഗത്തില്‍പ്പെട്ട നേതാക്കളും പ്രവര്‍ത്തകരും ആത്മപരിശോധന നടത്തി സി.പി.എമ്മിനെക്കൊണ്ട് ഇത്തരം നിലപാടുകള്‍ തിരുത്തിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. പിണറായി വിജയന് നയിക്കുന്ന സി.പി.എമ്മില്‍ അടിസ്ഥാന വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക് എന്നും അവഹേളനവും അപമാനവുമാണുണ്ടാകുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
എ.ഐ.എസ്.എഫ് കാരിയായ ദളിത് വിദ്യാര്‍ത്ഥിനിക്ക് കേള്‍ക്കേണ്ടി വന്ന അപമാനത്തിന് മേല്‍ കണ്ണടച്ചിരിക്കുന്ന ് കാനം രാജേന്ദ്രനും കൂട്ടരും സിപിഎമ്മിനോടൊപ്പം ചേര്‍ന്ന് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ആത്മാഭിമാനം പണയം വെയ്ക്കാനും തയ്യാറാണെന്ന തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്ഥാനത്ത് വെളിയം ഭാര്ഗ്ഗവനായിരുന്നെങ്കില് സി.പി.എമ്മിനെ വരച്ച വരയില്‍ നിര്‍ത്തി മാപ്പ് പറയിക്കുമായിരുന്നു. എന്നാല്‍ കാനം രാജേന്ദ്രന്റെ സി.പി.ഐക്ക് പിണറായിയുടെ മേല്‍ നിവര്‍ന്ന് നില്ക്കാന് പോലുമുള്ള കെല്പില്ലാത്ത അവസ്ഥയിലാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
തങ്ങളോടൊപ്പം നില്‍ക്കാത്തവരെ അപമാനിച്ചും ആക്ഷേപിച്ചും അപകീര്‍ത്തിപ്പെടുത്തിയും ഒതുക്കാമെന്ന് എസ്.എഫ്.ഐ കരുതേണ്ടെന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ മികച്ച വിദ്യാഭ്യാത്തിലൂടെ നല്ലരീതിയില്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും ഇത്തരം നെറികെട്ട അധിക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ കേരളത്തിലെ ദളിത് സമൂഹത്തിന് നല്ല ആര്‍ജ്ജവമുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രസ്താവനയില്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: