തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന് ദോഷകരമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പദ്ധതിക്കുവേണ്ടി കേന്ദ്രത്തില്‍ യാതൊരുവിധ സമ്മര്‍ദവും ചെലുത്തില്ല. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ രാഷ്‌ട്രീയ നിലപാടിനും തട്ടിപ്പിനും കൂട്ടുനില്‍ക്കാനാകില്ല. കേരളത്തില്‍ പുതിയൊരു റെയില്‍വെ ലൈന്‍ ആവശ്യമില്ല. നിലവിലുള്ള ലൈനിന്റെ സാങ്കേതിക ശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നിരിക്കെ 34,000 കോടി കടമെടുത്ത് പുതിയ പദ്ധതി തുടങ്ങുന്നതിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയിക്കണം. ലാവ്‌ലിന്‍ പോലുള്ള എന്തു തട്ടിപ്പിനുവേണ്ടിയാണ് പുതിയ പദ്ധതിയുടെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുന്നതെന്നും വി. മുരളീധരന്‍ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സില്‍വര്‍ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടികളില്‍ ദുരൂഹതയുണ്ട്. ഇത്തരമൊരു പദ്ധതി നടപ്പാക്കുമ്പോള്‍ അതിന്റെ പാരിസ്ഥിതിക ആഘാതത്തെയും സാമൂഹ്യാഘാതത്തെയും കുറിച്ച് പഠനം നടത്തണം. 34,000 കോടിയുടെ വിദേശ വായ്പ എങ്ങനെ, എത്രകാലം കൊണ്ട് തിരിച്ചടയ്‌ക്കുമെന്ന കാര്യത്തിലും ആസൂത്രണം വേണം. വിദഗ്ധന്മാരുമായി ആലോചിച്ചിട്ടാണോ പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന കാര്യത്തിലും സംശയമുണ്ട്.
റെയില്‍വെ ബോര്‍ഡിലെയും വകുപ്പിലെയും ഉദ്യോഗസ്ഥരോടും മന്ത്രിയോടും സംസാരിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ഒരു പുതിയ പാതയുടെ ആവശ്യമില്ലെന്നാണ് അവരുടെ അഭിപ്രായം. നിലവിലുള്ള പാതയുടെ ശേഷി വര്‍ധിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഇന്നുണ്ട്. ഈ ലൈനില്‍ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് 250 കിലോമീറ്റര്‍ വേഗത്തില്‍ വരെ ട്രെയിന്‍ ഓടിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണ് വിദഗ്ധാഭിപ്രായം.
കേരളത്തിലെ വിമാനത്താവളങ്ങള്‍ വികസിപ്പിച്ചാല്‍ എല്ലാ ഭാഗത്തുമുള്ള ആളുകള്‍ക്ക് എത്താനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ സാധിക്കും. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കുന്നതിന് എതിരുനില്‍ക്കുന്നവരാണ് മണ്ണിടിച്ചും നിലം നികത്തിയും സ്ഥലമെടുപ്പും നടത്തി പരിസ്ഥിതിയെ അട്ടിമറിക്കുന്ന പദ്ധതിയുമായി ഇറങ്ങിയിരിക്കുന്നത്.
പരിസ്ഥിതിയെ തകിടം മറിക്കുന്ന പദ്ധതിക്കുവേണ്ടി വായ്പയ്‌ക്ക് നെട്ടോട്ടമോടുന്നത് സംശയിക്കണം. വായ്പയ്‌ക്ക് ഗാരന്റി നില്‍ക്കാന്‍ കേന്ദ്രം തയ്യാറല്ലെന്നു മാത്രമല്ല, ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട തരത്തില്‍ ആവശ്യമില്ലാത്തൊരു പദ്ധതിയെന്നാണ് റെയില്‍വെയുടെ നിലപാട്. മുരളീധരന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: