തിരുവനന്തപുരം: പേരൂര്‍ക്കട ദത്ത് വിവാദത്തില്‍ പ്രതികരണവുമായി അജിത്തിന്റെ ആദ്യ ഭാര്യ നസിയ. സമ്മര്‍ദം മൂലമാണ് ബന്ധം വേര്‍പിരിഞ്ഞതെന്ന് നസിയ പറഞ്ഞു. ഡിവോഴ്സിനായി അജിത്ത് മാനസികമായി പീഡിപ്പിച്ചു. തന്നെ വീട്ടില്‍ കിടക്കാന്‍ അനുവദിച്ചില്ലെന്നും സഹായിക്കാനായി ആരുമില്ലെന്നും അവര്‍ പറയുന്നു.
അവിവാഹിതയായ എസ് എഫ് ഐ നേതാവായ അനുപമയ്ക്ക്് വിവാഹിതനായ ഡിവൈഎഫ് ഐ നേതാവായ അജിത്തില്‍ ഉണ്ടായ കുട്ടിയെ സിപിഎം നേതാവായ അച്ഛന് ജയചന്ദ്രന് തട്ടിയെടുത്ത് ശിശുക്ഷേമ സമിതിയില്‍ ഏല്പിച്ചതാണ് വിവാദമായത്.
തന്റെ വിവാഹ മോചനത്തിന് പിന്നില്‍ അനുപമയാണ്. ഒരുപാട് സഹിച്ചു. വിവാഹമോചനം നല്കാന് പറ്റില്ലെന്ന് അനുപമയുടെ വീട്ടില്‍വരെ പോയി പറഞ്ഞു. വിവാഹമോചനത്തിന് തയ്യാറല്ല എന്ന് പറഞ്ഞു അനുപമയെ കണ്ടിരുന്നു എന്നും നസിയ വ്യക്തമാക്കി.
” എന്റെ ഡാന്‍സ് മാസ്റ്റര്‍ ആയിരുന്നു അജിത്ത്. അനുപമ പറയുന്നതെല്ലാം വിശ്വസിക്കാനാകാത്ത കാര്യങ്ങളാണ്. കള്ളത്തരം കാണിച്ചതുകൊണ്ടാണ് പ്രതികരിച്ചത്. അനുപമയും അജിത്തുമായുള്ള ബന്ധം ചോദ്യം ചെയ്തിരുന്നു. അനുപമ സഹോദരിയെപ്പോലെയായിരുന്നു എന്നാണ് അജിത്ത് പറഞ്ഞിരുന്നത്.” നസിയ പറഞ്ഞു.
”2011-ല്‍ ആണ് കല്യാണം കഴിഞ്ഞത്, ഈ ജനുവരിയില്‍ വിവാഹ മോചനം നേടി. കമ്മിറ്റിയില്‍ ഒക്കെ ഇരിക്കുമ്പോള്‍ രണ്ടു പേരും ചേര്‍ന്നിരിക്കാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയിരിക്കുന്നത് എന്ന് ചോദിച്ചിട്ടുണ്ട്. ഒരു തവണ കമ്മിറ്റി കഴിഞ്ഞ ഉടനേ ഞാന്‍ ഇറങ്ങിപ്പോയി. എന്നാല്‍ എന്റെ പേരില്‍ അജിത്ത് കുറ്റം ചാര്‍ത്തി” നസിയ പറഞ്ഞു.
അജിത്തുമായുള്ള തന്റെ വിവാഹം സ്പെഷ്യല്‍ മാരിയേജ് ആക്ട് പ്രകാരമായിരുന്നു. ഒമ്പത് വര്‍ഷം ഒന്നിച്ച് ജിവിച്ചു. സ്നേഹത്തോടെയുള്ള ജീവിതമായിരുന്നു ആദ്യമൊക്കെ. അജിത്തിന് അനുപമയുമായുള്ള ബന്ധമാണ് തങ്ങളുടെ ദാമ്പത്യത്തെ ഉലച്ചത്. ഇക്കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും സ്വന്തം വീട്ടില്‍ പോയി നിന്നിട്ടില്ല. അജിത്തിനൊപ്പമായിരുന്നു താമസം.
അജിത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിരുന്നു. നെടുമങ്ങാടുള്ള ആളാണ് പെണ്‍കുട്ടിയെന്നാണ് എന്നോട് അജിത്ത് പറഞ്ഞത്. അജിത്ത് ജോലി ചെയ്യുന്ന ആശുപത്രിയില്‍ ഒപ്പം ജോലി ചെയ്യുന്ന ആളാണെന്നാണ് പറഞ്ഞത്.
പിന്നീടാണ് അനുപമയെ തിരിച്ചറിഞ്ഞത്.അനുപമയും അജിത്തും തമ്മിലുള്ള ബന്ധം അറിഞ്ഞപ്പോള്‍ തന്നെ അത് അവരുടെ കുടുംബത്തെ അറിയിച്ച് തടയാമായിരുന്നു. പക്ഷേ ഒമ്പത് വര്‍ഷം കൂടെ കഴിഞ്ഞ ഭര്‍ത്താവിനെ എങ്ങനെ നാണംകെടുത്തുമെന്നോര്‍ത്താണ് മടിച്ചതെന്നും നസിയ പറഞ്ഞു.
അനുപമ കുഞ്ഞിനെ ഉപേക്ഷിച്ചതാണ് .അജിത്തിന് വിവാഹമോചനം ലഭിക്കില്ല എന്ന് അറിഞ്ഞതോടെയാണ് അനുപമ കുഞ്ഞിനെ കൈവിട്ടതെന്ന് നസിയ ആരോപിച്ചു അതിനായി അവര്‍ ഒപ്പിട്ടു നല്കുമ്പോള് പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നു. താന്‍ ഇത് നേരിട്ട് കണ്ടതാണെന്നും നസിയ ആരോപിച്ചു.
വിവാഹമോചനം ലഭിക്കാതെ അനുപമയെ സ്വന്തമാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെ അജിത്ത് നിരന്തരമായി ഭീഷണിപ്പെടുത്തുകയും വീട്ടുകാരെ വരെ വിളിച്ച് അവഹേളിക്കുകയും ചെയ്തു. നസിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: