മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പങ്കാളിത്തത്തോടെ തങ്ങളുടെ ആദ്യത്തെ ജിയോ-ബിപി ബ്രാന്‍ഡിലുള്ള പെട്രോള്‍ പമ്പ് മുംബൈയില്‍ തുറക്കാനൊരുങ്ങുകയാണെന്ന് ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള എനര്‍ജി വമ്പനായ ബിപി.
2019ല്‍ റിലയന്‍സിന്റെ 49 ശതമാനം ഓഹരി ഒരു ബില്യണ്‍ ഡോളറിന് ബിപി സ്വന്തമാക്കിയിരുന്നു. റിലയന്‍സിന്റെ 1400 പെട്രോള്‍ പമ്പുകളും 31 ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ (എടിഎഫ്) സ്റ്റേഷനുകളും ഇതിലുള്‍പ്പെടും. റിലയന്‍സ് ബിപി മൊബിലിറ്റി ലിമിറ്റഡിന്റെ (ആര്‍ബിഎംഎല്‍) ബാക്കി 51 ശതമാനം ഓഹരി റിലയന്‍സിന്റെ കൈയ്യില്‍ തന്നെയാണ്.
റിലയന്‍സിന്റെ നിലവിലുള്ള പെട്രോള്‍ പമ്പുകള്‍ സംയുക്ത സംരംഭമായ റിലയന്‍സ് ബിപി മൊബിലിറ്റിയിലേക്ക് മാറ്റി. ഈ സംയുക്ത സംരംഭം ‘ജിയോബിപി’ എന്ന ബ്രാന്‍ഡിലായിരിക്കും പ്രവര്‍ത്തിക്കുക. 2025 ഓടെ പെട്രോള്‍ പമ്പുകളുടെ എണ്ണം 5,500 ആക്കാനാണ് പദ്ധതിയെന്ന് ബിപിയുടെ ചീഫ് എക്സിക്ക്യൂട്ടീവ് ബെര്‍ണാഡ് ലൂണി അറിയിച്ചു. അടുത്ത മാസം അദേഹം ഇന്ത്യ സന്ദര്‍ശിക്കും.
റിലയന്‍സിന്റെ സ്വന്തമായിരുന്ന 1500 ഓളം പെട്രോള്‍ പമ്പുകള്‍ ഇപ്പോള്‍ ജിയോ-ബിപി പമ്പുകളായി മാറ്റി. പൂര്‍ണ്ണമായ ജിയോ-ബിപിയുടെ ആദ്യത്തെ പെട്രോള്‍ പമ്പ് മുംബൈക്കടുത്തായിരിക്കും ആരംഭിക്കുക. വൈദ്യുത വാഹനങ്ങളുടെ ചാര്‍ജിങ് സൗകര്യങ്ങള്‍ സജ്ജീകരിക്കുമെന്നും ലൂണി പറഞ്ഞു. നിലവില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും മുച്ചക്ക്ര വാഹനങ്ങള്‍ക്കും ബാറ്ററി സ്വാപ്പിങ്ങിനായി പ്രത്യേക സംയുക്ത സംരംഭം ബിപിക്കുണ്ട്.
ഗതാഗത ഇന്ധനങ്ങളുടെ വിപണന അനുമതി ഇതിനോടകം തന്നെ ആര്‍ബിഎംഎല്‍ നേടിയിട്ടുണ്ട്. രാജ്യത്തെ 78,781 പെട്രോള്‍ പമ്പുകളില്‍ ഭൂരിഭാഗവും പൊതുമേഘലയിലെ എണ്ണ കമ്പനികളുടെ ഉടമസ്ഥതയിലാണ്. ആര്‍ബിഎംഎല്ലിന് 1427 പമ്പുകളാണ് നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: