കോട്ടയം : ദുരിതമഴയില്‍ പൂഞ്ഞാറിലുണ്ടായ വെള്ളക്കെട്ടിലൂടെ വണ്ടിയോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. അപകടകരമായ രീതിയില്‍ വെള്ളക്കെട്ടിലൂടെ വണ്ടിയോടിച്ച് യാത്രക്കാരുടെ ജീവന് മനപ്പൂര്‍വ്വം അപകടത്തിലാക്കിയെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.
ഡ്രൈവര്‍ ജയദീപനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി നല്കിയ പരാതിയിലാണ് ഡ്രൈവര്‍ ജയദീപിനെതിരായ നടപടി. ഡ്രൈവറുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ മൂലം കെഎസ്ആര്‍ടിസി ബസ്സിന് 5,33,000 രൂപയുടെ നാശനഷ്ടമുണ്ടായി. ബസ്സിന് നാശനഷ്ടമുണ്ടാക്കണമെന്ന കരുതലിനോടും ഉദ്ദേശത്തോടും കൂടിയാണ് ജയദീപന് നടപടി സ്വീകരിച്ചതെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.
ഈരാറ്റുപേട്ടയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ബസ്സും നാട്ടുകാര്‍ കെട്ടിവലിച്ചാണ് വെള്ളക്കെട്ടില്‍ നിന്നും കയറ്റിയത്.
സംഭവം വിവാദമായത്തിന് പിന്നാലെ ജയദീപനെ കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്യുകയും ഇയാളുടെ ലൈസന്‍സ് താത്കാലികമായി റാദ്ദാക്കാനുള്ള നടപടികള്‍ കെഎസ്ആര്‍ടിസി ആരംഭിക്കുകയും ചെയ്തിരുന്നു. ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കെഎസ്ആര്‍ടിസി നടപടി സ്വീകരിച്ചത്. വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയതാണ് ഡ്രൈവര്‍ ജയദീപിനെതിരെയുള്ള നടപടിക്ക് കാരണമായി കെഎസ്ആര്‍ടിസി മാനേജ്മെന്റ് ഉയര്‍ത്തിക്കാട്ടിയത്.
എന്നാല്‍ സസ്പെന്‍ഷനെ ജയദീപ് സാമൂഹ്യമാധ്യമങ്ങളിലൂടെ പരിഹസിക്കുകയും, വെള്ളത്തിന്റെ ഒഴുക്ക് കൂടിയപ്പോള്‍ തനിക്ക് വേണമെങ്കില്‍ നീന്തി രക്ഷപ്പെടാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ വണ്ടിയിലുണ്ടായിരുന്ന യാത്രക്കാരെ സമീപത്തെ പള്ളിയില്‍ സുരക്ഷിതമായി എത്തിക്കാനാണ് താന്‍ ശ്രമിച്ചത്. അതിനിടെ ബസ് ഓഫായി പോവുകയായിരുന്നെന്നും ജയദീപ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ഇതുസംബന്ധിച്ച കെഎസ്ആര്‍ടിസിക്ക് താന്‍ എഴുതി നല്കിയ പരാതിയും ഇയാള്‍ പങ്കുവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: