Categories: Kerala

മലാല എഡ്‌സണ്‍ പെലെ ആയി; അനുപയുടെ ആണ്‍കുട്ടി പെണ്‍കുട്ടിയുമായി; ഗൂഢാലോചനയ്‌ക്കു ചുക്കാന്‍ പിടിച്ചതില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനും

എന്നാല്‍ ആശുപത്രിയില്‍ നടന്ന ഗൂഢാചോനയും തിരിമറിയും ഒരു വിഭാഗം ജീവനക്കാര്‍ പുറത്തുവിട്ടതോടെ അബദ്ധം പറ്റിയതെന്നായിരുന്നു ഷിജു ഖാന്റെ ന്യായീകരണം .

Published by

തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ അനുപമയില്‍ അകറ്റാന്‍ വ്യാജരേഖ ചമച്ച് ശിശുക്ഷേമ സമിതി ദത്തുനല്‍കിയ സംഭവത്തില്‍ ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അനുപമ നൊന്തു പ്രവസിച്ച ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കിയും പിന്നീട് ആണ്‍കുട്ടിയാക്കിയും ഒടുവില്‍ ആള്‍മാറാട്ടം നടത്തിയും ശിശുക്ഷേമ സമിതിയുടെ ജനറല്‍ സെക്രട്ടറി ഷിജു ഖാന്റെ നേതൃത്വത്തിലാണ്.  

2020 ഒക്ടോബര്‍ 22ന് രാത്രി 12.30ന് അമ്മത്തൊട്ടിലിന്റെ മുന്‍വശത്തുനിന്ന് അനുപമയുടെ മാതാപിതാക്കളുടെ കൈയില്‍നിന്ന് കുട്ടിയെ ജീവനക്കാരന്‍ ഏറ്റുവാങ്ങിയത്. രാത്രി 12.45ന് തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ നിയമപരമായ ശാരീരിക പരിശോധനക്കെത്തിച്ച ആണ്‍കുട്ടിയെ ജനറല്‍ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് പെണ്‍കുട്ടിയായി രേഖപ്പെടുത്തിയത്. ഇതിന് ഡോക്ടര്‍മാരടക്കം ആശുപത്രി ജീവനക്കാരെയും സ്വാധീനിച്ചു.

അടുത്ത ദിവസം സമിതിയില്‍നിന്ന് തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പുതുതായി ലഭിച്ച കുഞ്ഞിന് ‘മലാല’ എന്ന് പേരിട്ടതായാണ് ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ അറിയിച്ചത്. ഇക്കാര്യം അറിയിച്ച് ഷിജു ഖാന്റെ പേരില്‍ വിശദമായ പത്രക്കുറിപ്പുമുറക്കി. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായാണ് മലാല യൂസഫ് സായിയോടുള്ള ബഹുമാനാര്‍ഥം ഈ പേര് നല്‍കിയതെന്നും പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.

എന്നാല്‍, മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്നെങ്കിലും കുഞ്ഞിനെ തേടി അനുപമ എത്തിയാല്‍ സത്യം മറച്ചുവെക്കാന്‍ നടത്തിയ നീക്കമായിരുന്നു ഇത്. എന്നാല്‍ ആശുപത്രിയില്‍ നടന്ന ഗൂഢാചോനയും തിരിമറിയും ഒരു വിഭാഗം ജീവനക്കാര്‍ പുറത്തുവിട്ടതോടെ അബദ്ധം പറ്റിയതെന്നായിരുന്നു ഷിജു ഖാന്റെ ന്യായീകരണം . കുട്ടിക്ക് ‘എഡ്‌സണ്‍ പെലെ’ എന്ന് പേരിട്ടതായും തൊട്ടടുത്ത ദിവസം പത്രക്കുറിപ്പിലൂടെ അറിയിച്ചു. എന്നാല്‍, ഒക്ടോബര്‍ 23ന് വൈകീട്ട് അമ്മത്തൊട്ടിലില്‍ ലഭിച്ച ആണ്‍കുട്ടിക്കായിരുന്നു പെലെ എന്ന പേര് നല്‍കിയത്. അനുപമയുടെ മകന് സിദ്ധാര്‍ഥ് എന്ന് പുനര്‍നാമകരണം ചെയ്തത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ്. ഈ വിവരം രഹസ്യമാക്കിവെച്ചു.

ദത്ത് നല്‍കല്‍ നടപടിയുടെ ഭാഗമായി ജില്ല ശിശുസംരക്ഷണ യൂനിറ്റ് നിയമപരമായി അവകാശികള്‍ക്ക് ബന്ധപ്പെടാന്‍ പത്രപ്പരസ്യം നല്‍കിയെങ്കിലും സിദ്ധാര്‍ഥിന്റെ കഥകള്‍ അറിയാമായിരുന്ന ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ സത്യം മൂടിവെച്ചു. കുഞ്ഞിന്റെ ലിംഗ നിര്‍ണയവും ഡി.എന്‍.എയും അട്ടിമറിച്ചാണ് കുട്ടിയെ ആന്ധ്ര സ്വദേശികള്‍ക്ക് കൈമാറിയത്.  

ഡി.വൈ.എഫ്.ഐ നേതാവായ അജിത്തുമായുള്ള പ്രണയത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 19നാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അജിത് വേറെ വിവാഹിതനായിരുന്നതിനാല്‍ അന്നു മുതല്‍ കുട്ടിയെ ഒഴിവാക്കുന്നതിന് അനുപമയുടെ മാതാപിതാക്കള്‍ സി.പി.എം സംസ്ഥാന, ജില്ല നേതാക്കളുമായും സര്‍ക്കാര്‍ പ്ലീഡര്‍മാരുമായും കൂടിയാലോചന നടത്തുകയായിരുന്നു. ഇവരുടെയെല്ലാം നിര്‍ദേശപ്രകാരമാണ് ശിശുക്ഷേമസമിതിയില്‍ കുട്ടിയെ ഏല്‍പിച്ചതത്രെ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക