ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന്‍ അപ്രായോഗികമാണെന്ന് കേന്ദ്ര റെയില്‍ മന്ത്രാലയം വ്യക്തമാക്കി. പദ്ധതിയുടെ വായ്പാ ബാധ്യത ഏറ്റെടുക്കാനാവില്ലെന്നും റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ഇന്നലെ റെയില്‍ ഭവനിലെത്തി കേന്ദ്ര മന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തിയെങ്കിലും പദ്ധതിയിലുള്ള താല്‍പ്പര്യക്കുറവ് റെയില്‍ മന്ത്രി ആവര്‍ത്തിച്ചു.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നാലു മണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയുന്ന സെമി ഹൈസ്പീഡ് റെയില്‍ ലൈന്‍ (സില്‍വര്‍ ലൈന്‍) പ്രോജക്ടിനുള്ള അന്തിമ അനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര റെയില്‍വെ മന്ത്രിയെ മുഖ്യമന്ത്രി കണ്ടത്. എന്നാല്‍ പദ്ധതിക്കു വേണ്ട 33,700 കോടി രൂപയുടെ വായ്പാ ഭാരം റെയില്‍വെയ്ക്ക് ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാരും റെയില്‍ മന്ത്രാലയവും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ കേരള റെയില്‍ ഡവലപ്മെന്റ് കോര്പ്പറേഷന് (കെ-റെയില്‍) ആണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കേണ്ടത്.
അന്താരാഷ്ട്ര ഏജന്‍സികള്‍ മുഖേന എടുക്കുന്ന വായ്പകളുടെ ബാധ്യത ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നതായി സംസ്ഥാന സര്‍ക്കാര്‍ സമ്മതിക്കുന്നുണ്ടെങ്കിലും പദ്ധതിയില്‍ താല്‍പ്പര്യമില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് മറച്ചുവയ്ക്കുകയാണ്. കടബാധ്യത സംബന്ധിച്ച് വ്യക്തത വരുത്താന്‍ റെയില്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കട ബാധ്യത പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാനാവുമോ എന്ന് പരിശോധിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി അറിയിച്ചു. വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ വഴി ജിഐസിഎ, എഡിബി, എഐഐബി, കെഎഫ്ഡബ്ല്യു എന്നീ ഏജന്‍സികളില്‍ നിന്ന് 33,700 കോടി രൂപ വായ്പ എടുക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. 63,941 കോടി രൂപയുടെ പദ്ധതിയാണ് സില്‍വര്‍ ലൈന്‍. ഇതില്‍ 2150 കോടി കേന്ദ്ര വിഹിതമാണ്. 975 കോടി മതിപ്പുവിലയുള്ള 185 ഹെക്ടര്‍ ഭൂമി റെയില്‍വെയുടേതാണ്. ബാക്കി തുക സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തേണ്ടതുണ്ട്.
ഭൂമി ഏറ്റെടുക്കാന്‍ മാത്രം 13,362 കോടി വേണം. ഇത് ഹഡ്കോയും കിഫ്ബിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് വഹിക്കുമെന്നാണ് ധാരണ. ബാക്കി തുക റെയില്‍വെ, സംസ്ഥാന സര്‍ക്കാര്‍, ജനങ്ങള്‍ എന്നിങ്ങനെ ഓഹരി വഴി കണ്ടെത്തേണ്ടതുണ്ട്.
ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് റെയില്‍വെ വ്യക്തമാക്കിയതോടെ സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇത്ര വലിയ തുക വായ്പയായി കണ്ടെത്തേണ്ടി വരും. ഇതിന് സാധ്യമായില്ലെങ്കില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പിണറായി സര്‍ക്കാരിന്റെ സ്വപ്നമായി അവശേഷിക്കും. അടിക്കടി പ്രളയ ദുരന്തങ്ങളുണ്ടാവുന്ന സംസ്ഥാനത്ത് വീണ്ടും മലകള്‍ ഇടിച്ചുനിരത്തി പുതിയൊരു റെയില്‍പാത വേണ്ടെന്ന ചര്‍ച്ചകളും സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: