പ്രൊഫ. ജി.ആര്. രാജഗോപാലക്കുറുപ്പ്
1921 ലെ മാപ്പിളലഹളയെക്കുറിച്ച് അന്നത്തെ സിലബസ് അനുസരിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും പുസ്തകങ്ങള്‍ എഴുതുകയും ചെയ്യേണ്ടിവന്നതില് ദുഃഖിക്കുന്ന ഒരു ചരിത്ര അധ്യാപകനാണ് ഞാന്‍.
ചരിത്രം, കഴിഞ്ഞകാല സംഭവങ്ങളുടെ സത്യവും വസ്തുനിഷ്ഠവുമായ രേഖയാണെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ മലബാര്‍ കലാപത്തെ വളച്ചൊടിച്ച്, അതിനെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള ചിലരുടെ ബോധപൂര്‍വമായ ശ്രമം കാലങ്ങളായി തുടരുന്ന ഒന്നാണ്. എന്നാല്‍ ഇപ്പോഴാണ് അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാന്‍ കേരളജനതക്കു കഴിഞ്ഞത്. ഈ സമരത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയ ഇന്ത്യയിലേയും വിദേശത്തേയും ചരിത്രകാരന്മാര് ഇതു തികച്ചും ഹിന്ദുഹത്യയായിരുന്നു എന്നു സ്ഥാപിച്ചിട്ടുണ്ട്. ഹിന്ദുക്കളെ ക്രൂരമായി കൊലചെയ്യുകയും, ഹിന്ദുസ്ത്രീകളെ ബലാല്‍സംഗത്തിന് ഇരയാക്കിയും, ഹിന്ദുക്കളുടെ വീടുകള്‍ കൊള്ളയടിക്കുകയും, ഗര്‍ഭിണികളുടെ വയര്‍ വാളുകൊണ്ട് കുത്തിക്കീറി ഭ്രൂണം വെളിയില്‍ വരുന്നതുകണ്ട് ആര്‍ത്തു ചിരിച്ച കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമരനായകനാക്കാനുള്ള ചിലരുടെ നീക്കം ദുഷ്ടലാക്കോടെയുള്ളതാണ്. വിവരവും വിദ്യാഭ്യാസവുമുള്ള ആരുംതന്നെ ഇത്തരക്കാരുടെ മതപ്രീണന നയത്തില്‍ ഇനിയും വീണുപോകില്ല.
മലബാര്‍ കലാപകാരികള്‍ ഒരിക്കലും സ്വാതന്ത്ര്യസമരസേനാനികളായിരുന്നില്ല എന്ന് പല ചരിത്രകാരന്മാരും പറഞ്ഞിട്ടുണ്ട്. ഡോ. അംബേദ്കറും ആനി ബസന്റിനെപ്പോലെയുള്ളവരും ഇതു ഹിന്ദുവംശഹത്യയായിരുന്നു എന്നു പറഞ്ഞിട്ടുണ്ട്.
കമ്യൂണിസ്റ്റ് താത്വികാചാര്യനായ ഇ.എം.എസ് തന്റെ ആത്മകഥയില്‍ അദ്ദേഹവും കുടുംബവും ലഹളക്കാരെ പേടിച്ച് നാടുവിട്ട് ഇരിങ്ങാലക്കുടയ്ക്കടുത്ത് അഭയം തേടിയതായി പറയുന്നുണ്ട്. 1921 സെപ്തംബര്‍ 14-ാം തീയതിയിലെ ന്യൂയോര്‍ക്ക് ടൈംസ് പത്രത്തില്‍ മലബാര്‍ ലഹളയെക്കുറിച്ച് പരാമര്‍ശമുണ്ട്. മണ്ണാര്‍ക്കാട്ടുനിന്നും സെപ്തംബര്‍ 13 ന് ആയിരത്തോളം വരുന്ന ആയുധധാരികളായ മാപ്ലമാര് പാലക്കാട് പോലീസ് സ്റ്റേഷന് ആക്രമിക്കുകയും അവിടെയുണ്ടായിരുന്ന സബ് ഇന്സ്െപക്ടറെയും പോലീസുകാരെയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി. അവര്‍ ഒറ്റപ്പാലത്തേക്ക് ഓടി രക്ഷപ്പെട്ടു എന്നാണ് പറഞ്ഞിരിക്കുന്നത്. ലഹളക്കാര്‍ പിന്നീട് പോലീസ് സ്റ്റേഷന് കൊള്ളയടിക്കുകയും അവിടെയുണ്ടായിരുന്ന എല്ലാ രേഖകളും അഗ്നിക്കിരയാക്കിയതായും പറഞ്ഞിട്ടുണ്ട്.
ലഹളക്കാര്‍ ഹിന്ദുക്കളുടെ കുടുമകള് മുറിച്ചുനീക്കുകയും, അവരുടെ വസ്തുവകകള്‍ കൊള്ളയടിക്കുകയും ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറാകാത്തവരെ ദാരുണമായി കൊലപ്പെടുത്തിയതായും, താമരശ്ശേരിയിലെ ഉക്കപ്പന്‍ നായരും തിരുവാലി തങ്കകായത്തില് കുഞ്ഞിക്കാരിയും നാരായണിയമ്മയും കരുണാകരന് നായരും പറഞ്ഞിട്ടുണ്ട്. രക്ഷപ്പെട്ട ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് ദീര്‍ഘനാള്‍ കോഴിക്കോട് പുതിയറയില്‍ റിലിഫ് കമ്മറ്റി ഒരുക്കിയ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ കഴിയേണ്ടതായും വന്നിട്ടുണ്ട്. താനൂര്‍ പോക്കാട്ട് ഊലിക്കുട്ടിയമ്മ തന്റെ പതിനേഴാം വയസില്‍ ലഹളക്കാര്‍ അവരെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരുന്നെന്നും, അവിടെവച്ച് മുസ്ലിം വേഷം നിര്‍ബന്ധമായി ധരിപ്പിക്കുകയും മറ്റും ചെയ്തുവെന്നും ഒടുവില്‍ പോലീസ് അവരെ വീണ്ടെടുത്ത് സ്വന്തം പിതാവിനെ ഏല്‍പ്പിച്ചതായും പറഞ്ഞിട്ടുണ്ട്. ആര്യസമാജവും മറ്റും കോഴിക്കോട്ട് നടത്തിയ ദുരിതാശ്വാസക്യാമ്പില്‍ ആയിരക്കണക്കിന് ഹിന്ദുക്കളാണ് അഭയാര്‍ത്ഥികളായി താമസിച്ചിരുന്നത്.
മേല്പുത്തൂരെ നാല്പതു വയസായ സ്ത്രീയെ, അഭിനവ സ്വാതന്ത്ര്യസമരനായകനായി ചിത്രീകരിക്കപ്പെടുന്ന ചെമ്പ്രശ്ശേരി തങ്ങള്‍ വലിച്ചിഴച്ച് മൈതാനത്തിനു നടുവില്‍ കൊണ്ടുനിര്‍ത്തി. അവരെ പൂര്‍ണ നഗ്നയാക്കി, കൈകള്‍ പിറകോട്ടു കെട്ടി. ഇതു കണ്ടുനിന്ന ഭര്‍ത്താവും സഹോദരന്മാരും ഈ കാഴ്ച കാണാന്‍ ശക്തിയില്ലാതെ കണ്ണുകള്‍ മുറുക്കിയടച്ചു. അവരെ വാളുകൊണ്ട് വിരട്ടി കണ്ണുതുറപ്പിച്ചശേഷം അവിടെയുണ്ടായിരുന്ന കലാപകാരികള്‍ ഓരോരുത്തരായി അവരെ മാനഭംഗപ്പെടുത്തി. അങ്ങനെ അവര്‍ കൊല്ലപ്പെട്ടു. ആനി ബസന്റ് വരച്ചുകാട്ടിയതാണ് ഈ ചിത്രം. കുമാരനാശാന്റെ ദുരവസ്ഥയിലും ഹിന്ദു വംശഹത്യയെക്കുറിച്ചും മാപ്ലമാരുടെ ക്രൂരതകളെക്കുറിച്ചുമാണുള്ളത്.
തുവ്വൂരിലെ കിണറു നിറയെ ഹിന്ദുക്കളുടെ ജഡമായിരുന്നു. അവിടുത്തെ ഹൈന്ദവ ഭവനങ്ങള്‍ കൊള്ളയടിക്കുകയും, ഹിന്ദുക്കളെ വെട്ടിക്കൊന്ന് കിണറ്റില്‍ തള്ളുകയുമായിരുന്നു. സ്ത്രീകളെയും കുട്ടികളെയും പോലും കൂട്ടബലാല്‍സംഗത്തിനിരയാക്കി. ഇത്രമാത്രം ക്രൂരത കാണിച്ചിട്ടുള്ള വാരിയംകുന്നനേയും ചെമ്പ്രശ്ശേരി തങ്ങളേയും മഹാത്മാക്കളും സ്വാതന്ത്ര്യസമരനായകന്മാരുമാക്കാനുള്ള ചിലരുടെ വ്യഗ്രത ‘മുലപ്പാലിന് ഉപ്പു നോക്കുന്ന’തിനു സമമാണ്. മലബാര്‍ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്ന് 1973 ജൂലൈ 25 ന് അന്നത്തെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന എഫ്.എച്ച്. മൊഹിസിന്‍ പറഞ്ഞത് ഏതെങ്കിലും ഒരു കോണ്‍ഗ്രസുകാരനോ, ഇടതുപക്ഷ ബുദ്ധിജീവിയോ, വാരിയംകുന്നനെയും മറ്റും മഹാത്മാക്കളാക്കാന് കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരും വായിക്കണം. അതോടൊപ്പം ഇഎംഎസിന്റെ ആത്മകഥയും അക്ഷരാഭ്യാസമുണ്ടെങ്കില്‍ കുമാരനാശാന്റെ ദുരവസ്ഥയും വായിച്ചു മനസിലാക്കണമെന്നും ഒരഭ്യര്‍ത്ഥനയുണ്ട്.
ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തി, അവരുടെയും നാടിന്റെയും പുരോഗതിക്കാവശ്യമായ കാര്യങ്ങള്‍ ഉന്നയിക്കേണ്ടതിന് പകരം, പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നവരും ഇതൊക്കെ ഒന്നു വായിച്ചു മനസിലാക്കുന്നതു നന്നായിരിക്കും.
ഹിസ്റ്ററി ഓഫ് എന്‍ഷ്യന്റ് ഇന്ത്യ, ഹിസ്റ്ററി ഓഫ് മിഡീവല്‍ ഇന്ത്യ, ഹിസ്റ്ററി ഓഫ് മോഡേണ്‍ ഇന്ത്യ, ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്റ് ഇന്‍ ഇന്ത്യ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവും ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജില്‍ മുന്‍ ചരിത്രാധ്യാപകനുമാണ് ലേഖകന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: