കോഴിക്കോട്: ”ഏറെ വര്‍ത്തമാനം പറഞ്ഞു, പക്ഷേ, വേണ്ടതൊന്നും വേണ്ട വിധം ചെയ്തില്ല. അതിന്റെ ദുരിതമാണിപ്പോള്‍ കേരളം അനുഭവിക്കുന്നത്,” 1998 മുതല്‍ കേരളത്തിലെ പ്രശ്നങ്ങള്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പഠിക്കുന്ന ഡോ. അമിത സിങ് ദല്‍ഹിയില്‍ നിന്ന് ‘ജന്മഭൂമി’യോട് പറഞ്ഞു. ജെഎന്‍യുവിലെ സ്പെഷല്‍ സെന്റര്‍ ഫോര്‍ ഡിസാസ്റ്റര്‍ റിസര്‍ച്ച് മുന്‍ അധ്യക്ഷയും ഇപ്പോള്‍ ഏഷ്യ പെസഫിക് ഡിസാസ്റ്റര്‍ റിസര്‍ച്ചിന്റെ പ്രസിഡന്റുമാണ് ഡോ. അമിത.
അമിത സിങ് 1998 മുതല്‍ കേരളത്തിലെ നദികള്‍, അണക്കെട്ടുകള്‍, ദുരന്ത നിവാരണ സംവിധാനം, അതില്‍ ജനങ്ങള്‍ക്കുള്ള പങ്ക് തുടങ്ങിയവയില്‍ സര്‍വേയും പഠനങ്ങളും നടത്തുന്നു. 2018ലെയും 2019ലെയും പ്രളയത്തിന് ശേഷം, ദുരിതം ഏറെ ബാധിച്ച കേരളത്തിലെ 12 താലൂക്കുകളും നദീതീര പ്രദേശങ്ങളും സന്ദര്‍ശിച്ച് ജനങ്ങളില്‍നിന്ന് നേരിട്ട് വിവരം ശേഖരിച്ചിരുന്നു. കേരളത്തിലെ അണക്കെട്ടുകള്‍ സംബന്ധിച്ചും അവ കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ചും അമിത സിങ്ങിന്റെ വിദഗ്ധ പഠന സംഘം തയാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനും ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്കും നല്‍കിയിരുന്നു.
ഈ വര്‍ഷത്തെ ദുരന്തം തീര്‍ത്തും മനുഷ്യ നിര്‍മിതമാണ്. സര്‍ക്കാരാണ് ഉത്തരവാദി. പ്രകൃതി ക്ഷോഭം, കാലാവസ്ഥാ ഭേദം തുടങ്ങിയ കാരണങ്ങള്‍ പറയാം. പക്ഷേ, അത് ഭാഗികമാണ്. ജനങ്ങളുടെ ചില പ്രവൃത്തികളും സര്‍ക്കാരിന്റെ പ്രവൃത്തിയില്ലായ്മയുമാണ് പ്രധാന കാരണം, അമിത വിശദീകരിച്ചു. 1998ല്‍ ഇത് സംബന്ധിച്ച് ഏറെ ഗവേഷണം നടത്തി റിപ്പോര്‍ട്ട് കൊടുത്തിരുന്നു. 2015ലും പഠനം നടത്തി. ഡാം മാനേജ്മെന്റ് സിസ്റ്റത്തിലെ പോരായ്മകള്‍ അധികൃതര്‍ക്ക് ചൂണ്ടിക്കാട്ടിക്കൊടുത്തു. പക്ഷേ എന്ത് നടപടിയുണ്ടായി? ഡോ. അമിത സിങ് ചോദിച്ചു.
ജനങ്ങളും സര്‍ക്കാരും ദുരന്ത നിവാരണ അതോറിറ്റിയും തമ്മില്‍ തീരെ ബന്ധമില്ല. ജനങ്ങള്‍ക്ക് ദുരന്ത നിവാരണ കാര്യത്തില്‍ വലിയ പങ്കില്ല. എന്താണ് ചെയ്യേണ്ടതെന്നോ, അവരുടെ പങ്കെന്താണെന്നോ അവര്‍ക്ക് അറിയില്ല, ഡോ. അമിത പറഞ്ഞു. 2018ലെ പ്രളയത്തിന്റെ അടിസ്ഥാനത്തില്‍ ഭരണതലത്തില്‍ താഴേത്തട്ടില്‍ വരെ ചില തയാറെടുപ്പുകളും പുനഃക്രമീകരണങ്ങളും നടത്തണമെന്ന് ശിപാര്‍ശകള്‍ ഉണ്ടായിരുന്നു. വീണ്ടും ഇത് സംഭവിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷേ, വകവച്ചില്ല, 2019ലും പ്രളയ ദുരിതമുണ്ടായി. ഈ വര്‍ഷവും ആവര്‍ത്തിച്ചു. ഇതെല്ലാം നിയമസഭയിലും പുറത്തും ചര്‍ച്ചചെയ്തു. മാധ്യമങ്ങള്‍ വിശകലനം ചെയ്തു. പക്ഷേ ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ കാര്യത്തില്‍ കാര്യമായി ഒന്നും ചെയ്തില്ല. സ്ഥിതി ഏറെ ഗുരുതരമാണ്, ദയനീയമാണ്, അമിത സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: