11 രാജ്യങ്ങളില്‍ പരന്നുകിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ് ഇന്ന് ജോയ് ആലുക്കാസ്. കോവിഡ് മഹാമാരി സാമ്പത്തിക മേഖലയെ ആകെ ഉലയ്ക്കുമ്പോഴും ശുഭപ്രതീക്ഷയോടെ, നിറഞ്ഞ ചിരിയോടെ തന്നെ ബിസിനസിനെ നോക്കിക്കാണുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്. ബിസിനസിലെ അടുത്ത പ്രധാന ലക്ഷ്യമെന്ന നിലയില്‍ വലിയൊരു ഏറ്റെടുക്കല്‍ ഉള്‍പ്പെടെ പലതും ജോയ് ആലുക്കാസ് പദ്ധതിയിടുന്നുണ്ട്. 34 വര്‍ഷത്തിനിടെ 11 രാജ്യങ്ങളില്‍ 130 ഷോറൂമുകളും 60 മണി എക്സ്ചേഞ്ചുകളുമായി അദ്ദേഹത്തിന്റെ സുവര്‍ണ സഞ്ചാരം തുടരുകയാണ്
ഒരു ലക്ഷ്യമില്ലെങ്കില്‍ വളര്‍ച്ച സാധ്യമല്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു ജോയ് ആലുക്കാസ് എന്ന സംരംഭകന്. ആ വിശ്വാസം തന്നെയാണ് വിവിധ രാജ്യങ്ങളില്‍ പരന്നുകിടക്കുന്ന വലിയൊരു റീറ്റെയ്ല്‍ സ്ഥാപനത്തിന്റെ അധിപനായി ജോയ് ആലുക്കാസെന്ന തൃശൂരുകാരനെ മാറ്റിയതും. വര്‍ഷം 2000. ആലുക്ക ജോസഫ് വര്‍ഗീസിന്റെ അഞ്ച് ആണ്മക്കള് തങ്ങളുടെ കുടുംബ സംരംഭമായ ഗോള്‍ഡ് ജൂവല്‍റി ബിസിനസ് വിഭജിച്ച് സ്വന്തം വഴികളില്‍ സഞ്ചരിക്കാനുള്ള തീരുമാനത്തിലേക്കെത്തുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒമ്പത് വര്‍ഷത്തിന് ശേഷം 1956ലാണ് ജോസഫ് വര്‍ഗീസ് കേവലം 200 ചതുരശ്ര അടിയില്‍ ഒരു റീറ്റെയ്ല്‍ സ്റ്റോറിന് തുടക്കമിടുന്നത്, തൃശൂരില്‍ കുടുംബ ബിസിനസ് വിഭജിക്കുന്ന സമയത്ത് 11 റീറ്റെയ്ല്‍ ഷോറൂമുകള്‍ നിലവിലുണ്ടായിരുന്നു. ആ വേളയിലാണ് ഒരു മാധ്യമപ്രവര്ത്തകന് ഗള്‍ഫില്‍ വെച്ച് ജോയ് ആലുക്കാസിന് നേരെ ഒരു ചോദ്യമെറിയുന്നത്. എന്താണ് താങ്കളുടെ ഡ്രീം? ‘ഞാന്‍ പറഞ്ഞു എന്റെ ഗോള്‍ഡന്‍ ഡ്രീം, 2010ല്‍ 10 രാജ്യങ്ങളിലായി 100 ഷോറൂമുകളും ഒരു ബില്യണ്‍ ഡോളര്‍ വിറ്റുവരവുമാണെന്ന്,’ ജോയ്ആലുക്കാസിന്റെ കോര്‍പ്പറേറ്റ് ഓഫീസിലിരുന്ന് ബിസിനസ് വോയ്സിന് നല്കിയ അഭിമുഖത്തില്‍ ജോയ് ആലുക്കാസ് ഓര്‍ത്തെടുക്കുന്നു. ’10 രാജ്യങ്ങള്‍, 1 ബില്യണ്‍ ഡോളര്‍ വിറ്റുവരവ്, 100 ഷോറൂമുകള്‍ ഇത് പത്രത്തില്‍ വന്നു.
ഞാന്‍ ഒരു പ്രഖ്യാപനം നടത്തിയല്ലോയെന്ന ചിന്ത പിന്നങ്ങ് മനസില്‍ കൂടി. ഓരോ ദിവസവും ഉറക്കത്തില്‍ നിന്ന് എണീക്കുമ്പോള്‍ ഇതുതന്നെയാകും മനസിലുള്ളത്.അങ്ങനെ വിവിധ രാജ്യങ്ങളിലേക്ക് ബിസിനസ് വളര്‍ന്നു.’ വാശി ഉള്ളതുകൊണ്ടാണ് ആ വളര്‍ച്ച സാധ്യമായതെന്ന് ജോയ് ആലുക്കാസ്. ‘ഒരു ബില്യണ്‍ ഡോളര്‍ ബിസിനസിലേക്ക് 2008ല്‍ തന്നെ എത്തി. രണ്ട് വര്‍ഷം മുമ്പേ ഓടിയെത്തിയെന്ന് പറയാം. നമുക്കൊരു ലക്ഷ്യമില്ലെങ്കില്‍ പൊട്ടിയ പട്ടം പോലെ വെറുതെ പാറിനടക്കും,’ ജോയ് ആലുക്കാസ് പറയുന്നു. ലക്ഷ്യം നിശ്ചയിക്കുകയാണ് ഏതൊരു ബിസിനസിനും വളര്‍ച്ചയുടെ പടവുകള്‍ കയറാനുള്ള ഏറ്റവും മികച്ച വഴിയെന്ന് എപ്പോഴും കരുതുന്നു ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ അമരക്കാരന്.
തൃശൂരില്‍ നിന്ന് കറങ്ങിയില്ല
തന്റെ വളര്‍ച്ചയുടെ കാരണം ഗള്‍ഫാണെന്ന് പറയും ജോയ് ആലുക്കാസ്. 1987ല്‍ ഗള്‍ഫിലേക്ക് പോയില്ലായിരുന്നെങ്കില്‍ ഞാന്‍ തൃശൂരില്‍ ഒരു ഷോപ്പുമായി ചിലപ്പോള്‍ ഇരുന്നു പോയേനെയെന്നാണ് ജോയ് ആലുക്കാസ് ഓര്‍ത്തെടുക്കുന്നത്. ജോയ് ആലുക്കാസ് എന്ന വ്യക്തിയുടെ ബിസിനസ് വളര്‍ച്ചയില്‍ ഏറ്റവും നിര്‍ണായകമായത് അബുദാബിയിലേക്ക് പോകാനെടുത്ത തീരുമാനമായിരുന്നു.’1987ല്‍ യുഎഇയിലേക്ക് പോയില്ലായിരുന്നെങ്കില്‍ ഞാന്‍ തൃശൂരില്‍ ഒരു ഷോപ്പുമായി അങ്ങ് ഇരുന്നു പോയേനേ. പരമാവധി തൃശൂര്‍ റൗണ്ട് വരെ പോകും. അന്നത്തെ തൃശൂരില്‍ ഒരു ആളും അനക്കവും ഉണ്ടായിരുന്നില്ല. ബിസിനസ് ആക്റ്റിവിറ്റികളൊന്നും കാര്യമായി നടക്കുന്നുണ്ടായിരുന്നില്ല. ഞാനും ആ സംവിധാനത്തിന്റെ ഭാഗമായിപ്പോയേനേ,’ അദ്ദേഹം പറയുന്നു.
കോഴിക്കോടും ആലുക്കാസ് കുടുംബത്തിന് ബിസിനസുണ്ടായിരുന്നു. ഗള്‍ഫില്‍ നിന്നുള്ള കസ്റ്റമേഴ്സ് അവിടെ സ്വര്‍ണം വാങ്ങാനെത്തും. അവരുടെ പത്രാസും മറ്റുമെല്ലാം കണ്ടാണ് ഗള്‍ഫിലേക്ക് പോകാനുള്ള മോഹം ജോയ് ആലുക്കാസിലുണ്ടായത്. ‘വിദേശത്തേക്ക് ബിസിനസ് ചെയ്യാന്‍ പോയപ്പോള്‍ വളര്‍ച്ചയാണ് കാണാനായത്. അക്കാലത്ത് അവിടെ എത്തിയ എല്ലാവരും ആ ട്രെന്‍ഡിനൊപ്പം വളര്‍ന്നു, എംഎ യൂസഫലി, സണ്ണി വര്‍ക്കി, ഡോ. ആസാദ് മൂപ്പന്, ബി ആര് ഷെട്ടി എന്നിങ്ങനെ ധാരാളം ആളുകള്‍.
ഇവര്‍ക്കൊക്കെ നാട്ടിലും ബിസിനസ് ചെയ്യാമായിരുന്നോ എന്ന് ചോദിച്ചാല്‍ ഇവിടെ അത്തരമൊരു അവസരം കാണുന്നുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഗ്രോത്ത് ഉള്ളിടത്തേക്ക് നീങ്ങാന്‍ മടിയൊന്നും കാട്ടേണ്ടതില്ല. നന്നാവണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചവരെല്ലാം നന്നായിട്ടുണ്ട്.”ഉറക്കത്തില്‍ നിന്ന് എണീറ്റാല്‍ കാണുന്നത് അവിടത്തെ വളര്‍ച്ചയാണ്, ഒപ്പം നമ്മള് വളരുന്നു. അതിന്റെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും വളര്‍ന്നു,’ ഗള്‍ഫിലെ തുടക്കകാലം ജോയ് ആലുക്കാസ് ഓര്‍ത്തെടുക്കുന്നു.
‘നമ്മുടെ നാട്ടില്‍ ഒന്നും കാണുന്നില്ലായിരുന്നു. ഓപ്പര്‍ച്യൂണിറ്റി ഇല്ല. ഗ്രോത്തുള്ള രാജ്യത്തു പോയാല്‍ വളരും. നന്നാകണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും നന്നായിട്ടുണ്ട്. കേരളം വിടാന്‍ തീരുമാനിച്ചതാണ് നിര്‍ണായകമായത്,’ അദ്ദേഹം പറയുന്നു. വെട്ടിപ്പിടിക്കണം എന്നൊരു ആഗ്രഹം തുടക്കത്തില്‍ തന്നെ ഉണ്ടായിരുന്നു. ഗള്‍ഫില്‍ നിന്ന് പിന്നീട് കൂടുതല്‍ രാജ്യങ്ങളിലേക്ക് ഷോറൂമുകള്‍ വ്യാപിപ്പിച്ചപ്പോഴെല്ലാം ഒറ്റയ്ക്ക് തന്നെയാണ് അതിനായി ജോയ് ആലുക്കാസ് അധ്വാനിച്ചത്.
മലയാളികള്‍ കൂടുതലുള്ള ലണ്ടന്‍, യുഎസ്, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്കെല്ലാം ജോയ് ആലുക്കാസ് എത്തി. ‘എന്റെ ഓഫീസിലിരിക്കുന്ന ഒരു ക്ലോക്കില്‍ ഓസ്ട്രേലിയയിലെ സമയമാണ് കാണിക്കുന്നത്. ഓസ്ട്രേലിയയില്‍ ബിസിനസ് ആരംഭിക്കുകയെന്ന ലക്ഷ്യമാണ് അത് ഓര്‍മിപ്പിക്കുന്നത്. മരണം വരെയും കര്‍മനിരതനായി മുന്നോട്ടു പോകണമെന്ന ആശയക്കാരനാണ് ഞാന്‍.’ഓരോ നാട്ടിലും ആ നാടിന് അനുസരിച്ച തദ്ദേശീയ ഡിസൈനുകള്‍ വികസിപ്പിച്ചാണ് ജോയ്ആലുക്കാസ് ഗ്രൂപ്പ് വിപണി കീഴടക്കിയത്. ജൂവല്‍റിക്ക് പുറമെ മണി എക്സ്ചേഞ്ച്, ടെക്സ്റ്റൈല്‍സ്, റിയല്‍റ്റി രംഗങ്ങളിലേക്കും ബിസിനസ് സാമ്രാജ്യം കാലക്രമേണ വ്യാപിച്ചു.
എന്താണ് വിജയരഹസ്യം?
സംരംഭകനാവാന്‍ അടിസ്ഥാനപരമായി ഒരു ടാലന്റ് വേണമെന്നാണ് ജോയ് ആലുക്കാസ് കരുതുന്നത്. പാട്ടു പാടുന്നത് ഒരു കലയാണ്, ചിലര്‍ക്കത് ജന്മനാ ലഭിക്കും. ചിത്രം വരയ്ക്കുന്നതും എഴുത്തുമെല്ലാം കലയാണ്. അതുപോലെ തന്നെ ബിസിനസും ഒരു ആര്‍ട്ടാണെന്ന് ഞാന്‍ കരുതുന്നു. ആ ആര്‍ട്ട് ജന്മനാ കിട്ടിയവര്‍ എവിടെപ്പോയാലും ബിസിനസില്‍ ശോഭിക്കുംഅദ്ദേഹം പറയുന്നു. ഈ ആശയം ഉള്‍ക്കൊണ്ടാണ് ബിസിനസിലെ ഓരോ പ്രവര്‍ത്തനവും. തന്റെ റോള്‍മോഡല്‍ അച്ഛനാണെന്ന് പറയുന്നു ജോയ് ആലുക്കാസ്. ‘അദ്ദേഹത്തിന്റെ ക്വിക്ക് ഡിസിഷന്‍ എടുക്കലും ബിസിനസില്‍ പ്രോംപ്റ്റ് ആയിരിക്കണമെന്ന ഫിലോസഫിയുമെല്ലാം ഏറെ ഗുണം ചെയ്തു. എന്തൊക്കെ നല്ലത് വേണം അതൊക്കെ ചെയ്താലേ ബിസിനസ് വളരൂ എന്നെല്ലാം പഠിച്ചത് അവിടെനിന്നാണ്.’
സംരംഭകത്വത്തില്‍ ലക്ഷ്യബോധം പ്രധാനമാണ്. സംരംഭം അനുയോജ്യമായ ഇടങ്ങളില്‍ പോയി അത് ചെയ്യുകയാണ് നല്ലത്. ഒഴുക്കിനെതിരെ നീന്തിയാല്‍ കരയ്ക്കെത്താന്‍ സാധ്യത കുറവാണെന്നത് മനസിലാക്കണം. സംരംഭത്തിന് ഏറ്റവും അനുകൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ അത് യാഥാര്‍ത്ഥ്യമാക്കുക. ലോകം ഇന്നൊരു തുറന്ന വിപണിയാണ്, എവിടേക്കും യാത്ര ചെയ്യാനുള്ള അവസരമുണ്ട്ജോയ് ആലുക്കാസ് പറയുന്നു.
‘നമ്മള് വളരണമെങ്കില്‍ കറക്റ്റ് ആയിട്ട് കാര്യങ്ങള്‍ ചെയ്യണം. ബിസിനസിന് അനുയോജ്യമായിടത്തുചെന്നു വേണം തുടങ്ങാന്‍. മലയാളികള്‍ കൂടുതലുള്ള സ്ഥലമെന്ന നിലയിലാണ് ലണ്ടനില്‍ ബിസിനസ് തുടങ്ങിയത്. മറ്റൊരു പ്രധാന കാര്യം ജീവനക്കാരെ വിശ്വസിക്കണമെന്നതാണ്. അവര്‍ക്ക് എല്ലാ അധികാരങ്ങളും കൊടുക്കണം. അവരെ കള്ളന്മാരായി കാണാന്‍ പാടില്ല. അവര്‍ക്ക് ട്രെയ്നിംഗ് കൊടുക്കണം. ഒരു ജീവനക്കാരന് മോശമായാല്‍ ഉത്തരവാദിത്തം കമ്പനിയെ നയിക്കുന്നവര്‍ക്കാണ്. ജീവനക്കാരും സ്ഥാപനത്തിന്റെ ഭാഗമാണെന്ന് അവര്‍ക്ക് തോന്നണം. സ്നേഹം മാത്രം കൊടുത്തിട്ട് കാര്യമില്ല. ജീവിക്കാനുള്ള കാശും കൊടുക്കണം. ഇത് അവരുടെ ഷോപ്പാണെന്ന് തോന്നണം,’ തന്റെ എംപ്ലോയ്മെന്റ് സ്ട്രാറ്റജി വിശദമാക്കുന്നു ജോയ് ആലുക്കാസ്.
പരമാവധി പുതിയ ജീവനക്കാരെ ജോലിക്കെടുക്കുന്ന തന്ത്രമാണ് ഗ്രൂപ്പിന്റേത്. കമ്പനിയില്‍ ഒരു സിസ്റ്റം വേണമെന്നതാണ് അദ്ദേഹത്തിന്റെ നയം. ജോയ്ആലുക്കാസ് ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന മൊത്തം 7000 പേരില്‍ അഞ്ച് പേര് മാത്രമാണ് പുറത്തുനിന്നുള്ള സ്റ്റാഫ്. ബാക്കി എല്ലാവരും ഇവിടെത്തന്നെ ആദ്യം ജോലികിട്ടി, ഈ കമ്പനിയില്‍ തന്നെ വളര്‍ന്നുവന്നവരാണ്. ഓരോ നാട്ടിലും അതത് നാട്ടുകാരെ കൂടുതല്‍ ജോലിക്കെടുക്കുന്ന ശൈലിയാണ് ജോയ് ആലുക്കാസിന്റേത്. മറ്റ് രാജ്യക്കാര്‍ക്ക് അവരുടെ ലോക്കല്‍ ഭാഷ സംസാരിക്കാന്‍ വലിയ ഇഷ്ടമാണ്. കസ്റ്റമേഴ്സ് ഷോപ്പില്‍ വരുമ്പോള്‍ അവര്‍ക്ക് താദാത്മ്യം പ്രാപിക്കാന്‍ തോന്നുന്ന ജീവനക്കാരുണ്ടാകുമ്പോള്‍ കച്ചവടം കൂടുതല്‍ എളുപ്പമാകുമെന്നാണ് ചിന്ത.
തുടക്കത്തില്‍ കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിലും മുഴുവന്‍ മലയാളികളായിരുന്നു. ആ ശൈലി പിന്നീട് മാറ്റി. ആന്ധ്രയില്‍ മൊത്തം ജീവനക്കാരില്‍ കുറച്ച് ശതമാനമാണ് മലയാളികള്‍. ഇംഗ്ലീഷ് അറിയുന്നവരാണെങ്കില്‍ കൂടി ഷോപ്പില്‍ വരുമ്പോള്‍ പ്രാദേശിക ഭാഷയില്‍ സംസാരിക്കാനാണ് കസ്റ്റമേഴ്സിന് താല്‍പ്പര്യം. ഉല്‍പ്പന്നങ്ങളെ കുറിച്ച് മനസിലാക്കാന്‍ ജീവനക്കാര്‍ക്കായി ട്രെയ്നിംഗ് പദ്ധതി ആവിഷ്കരിച്ച ആദ്യ ജൂവല്‍റി സ്ഥാപനവും ജോയ് ആലുക്കാസ് തന്നെയാണ്. കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ മറ്റൊരു ഘടകം മള്‍ട്ടിപ്പിള്‍ ഷോറൂമെന്ന ആശയം അവതരിപ്പിച്ചതായിരുന്നു. ഇന്ത്യന്‍ റീറ്റെയ്ല്‍ രംഗത്ത് ഇങ്ങനെയൊരാശയം ആദ്യമായി കൊണ്ടുവന്നതും ജോയ് ആലുക്കാസ് തന്നെയാണ്. ഇതാണ് മറ്റ് ജൂവല്‍റി ശൃംഖലകളും പിന്നീട് പകര്‍ത്തിയത്.
പ്രതിസന്ധി വേണം, എന്നാലേ ത്രില്ലൊള്ളൂ
ബിസിനസ് ജീവിതത്തിലെ വലിയ പ്രതിസന്ധിയെന്ത് എന്ന ചോദ്യത്തിന് ഇതായിരുന്നു ജോയ് ആലുക്കാസിന്റെ ഉത്തരം. ‘എന്നും എന്തെങ്കിലും പ്രതിസന്ധി വേണം. പ്രതിസന്ധി ഇല്ലേല് എനിക്കൊരു പണിയില്ലാതിരിക്കില്ലേ.’
‘ഇപ്പോള്‍ 130 സ്ഥാപനങ്ങളുണ്ട് മൊത്തത്തില്‍. വിവിധ രാജ്യങ്ങളിലായി. 4000 ഷോപ്പ് തുടങ്ങിയാലും ഇതുപോലെ തന്നെ ഒക്കെ ആയിരിക്കും എന്റെ ചിന്താഗതി. ടെന്‍ഷന്‍ ഉണ്ടാകുന്നത് എന്റെ തലയിലാണ് ഭൂമി കിടന്ന് ഉരുളുന്നതെന്ന് വിചാരിക്കുമ്പോഴാണ്. സിസ്റ്റം ഡ്രിവണ്‍ ആകണം സകലതും. ഞാന്‍ ഗ്രോ ചെയ്താലല്ലേ മറ്റുള്ളവര്‍ക്കും അടുത്ത ലെവലിലേക്ക് പോകാനാകൂ എന്ന ചിന്ത എപ്പോഴുമുണ്ടായിരിക്കണം.’
‘മസ്ക്കറ്റില്‍ അഞ്ച് വര്‍ഷം മുമ്പ് രണ്ട് മണി എക്സ്ചേഞ്ചുകളായിരുന്നു. ഇപ്പോഴത് 27 എണ്ണമായി ഉയര്‍ന്നു. ദുബായില്‍ ഇപ്പോള്‍ 19 മണി എക്സ്ചേഞ്ചുകളായി. കുവൈറ്റിലുമുണ്ട് 14 മണി എക്സ്ചേഞ്ചുകള്‍, അങ്ങനെ മൊത്തം 60 എക്സ്ചേഞ്ചുകള്‍. സെയ്ല്സിലുള്ളവരെല്ലാം ഈ വികസനത്തിനൊത്ത് വളര്‍ന്നു. അവരെല്ലാം മാനേജര്‍മാരായി. ഒരു എക്സ്ചേഞ്ച് മതിയെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ ജീവനക്കാര്‍ക്ക് ഒരിക്കലും ഈ വളര്‍ച്ചയുണ്ടാകില്ല.
അസിസ്റ്റന്റ് മാനേജര്‍ മാനേജരായി. ഷോപ്പുകളുടെ എണ്ണം കൂടുന്നതനുസരിച്ച് മാനേജര്‍മാരുടെ എണ്ണവും കൂടും. ഞാന്‍ പുതിയ ഷോപ്പ് തുടങ്ങിയില്ലെങ്കില്‍ സെയ്ല്സ്മാന് മരിക്കുന്നതുവരെ സെയ്ല്സ്മാന് തന്നെയാകും. ഞാന്‍ വളര്‍ന്നാലേ എന്റെ കൂടെയുള്ളവര്‍ക്കും വളരാന്‍ സാധിക്കൂ. ഞാന്‍ ഓടിക്കൊണ്ടിരിക്കണം, എന്നാലേ മറ്റുള്ളവരും വളരൂ.’ ‘നമ്മള്‍ക്ക് ചെയ്യാന്‍ കഴിവുണ്ടെങ്കില്‍ ചെയ്തുകൊണ്ടേയിരിക്കുക. പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുക. വേറെ കാര്യങ്ങള്‍ അന്വേഷിക്കാതെയിരിക്കുക.’
ബിസിനസ് എളുപ്പം
എല്ലാ രാജ്യത്തും ബിസിനസ് ചെയ്യാന്‍ എളുപ്പമാണെന്ന് തന്നെയാണ് ജോയ് ആലുക്കാസ് പറയുന്നത്. ‘നമ്മുടെ രാജ്യത്തും അതിന് വ്യത്യാസമൊന്നുമില്ല. ആദ്യമൊക്കെ ഗള്‍ഫില്‍ ഒരു ടാക്സും വേണ്ടായിരുന്നു. ഇപ്പോള്‍ അവിടെയും ടാക്സായി. റീറ്റെയ്ല്‍ മേഖലയെ സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലും ബിസിനസ് ചെയ്യാന്‍ എളുപ്പമാണ്. ലണ്ടനിലും അമേരിക്കയിലുമെല്ലാം വാറ്റ് ലൈസന്‍സ് എടുക്കാന്‍ കുറേ പ്രൊസീജിയേഴ്സ് ഉണ്ടെന്ന് മാത്രം.’
സമൂഹത്തിന് തിരിച്ചുനല്കല്
വലിയ വിജയങ്ങള്‍ കീഴടക്കുമ്പോള്‍ സമൂഹത്തിന് തിരിച്ചുനല്‍കുന്നത് ബിസിനസിന്റെയും ജീവിതത്തിന്റെയും ഭാഗമായി കാണുന്നു ജോയ്ആലുക്കാസ് ഗ്രൂപ്പ്. ജോയ്ആലുക്കാസ് ഫൗണ്ടേഷന് എന്ന സിഎസ്ആര്‍ വിഭാഗത്തിന് കീഴില്‍ പാവപ്പെട്ടവര്‍ക്കുള്ള വീട് നിര്‍മാണവും പ്രകൃതി ദുരന്തങ്ങളില്‍ സര്‍വവും നഷ്ടപ്പെട്ടവരുടെ പുനരധിവാസവും പ്രവാസി ക്ഷേമവും എല്ലാം മികച്ച രീതിയില്‍ നടപ്പാക്കപ്പെടുന്നുണ്ട്. ഭാര്യ ജോളി ജോയ് ആണ് സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ബിസിനസ് വോയ്സ് എഡിറ്റര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: