അരിമ്പൂർ: വിശ്രമ ജീവിതം ആനന്ദകരമാക്കാൻ ന്യൂസ് പേപ്പർ കൊണ്ട് കലാവിരുത് തീർക്കുകയാണ് എഴുപത്തിയൊന്നുകാരനായ കല്ലാറ്റ് വേണുഗോപാലൻ. പത്ര താളുകൾ കൊണ്ട് സ്വയം നിർമ്മിച്ച നൂറിലധികം വസ്തുക്കളാണ് ഇദ്ദേഹത്തിന്റെ കൈവശം ഉള്ളത്. പത്രക്കടലാസുകളാൽ നിർമ്മിച്ചവയെങ്കിലും നിർമ്മാണത്തിലെ വൈദഗ്ധ്യം മൂലം എല്ലാം ആകർഷകമാണ്. നാലടി ഉയരമുള്ള നിലവിളക്ക് മുതൽ ദീപാരാധന തട്ടുകൾ, ധൂപകുറ്റി, മണികൾ, കിണ്ടി, ടീ സെറ്റുകൾ, ഐസ്ക്രീം ബൗളുകൾ, വൈൻ ബോട്ടിൽ, ചെരാത്, പെൻ സ്റ്റാന്റ്, മാലകൾ, ഭരണി, പറ തുടങ്ങി നിരവധി വ്യത്യസ്തങ്ങളായ സാധങ്ങളിൽ വേണുഗോപാലന്റെ കരവിരുത് കാണാം.
ഹൗസ് ബോട്ട്, ഗ്രാമഫോൺ, നിലവളക്ക് തുടങ്ങിയ ചുമർ അലങ്കാരങ്ങളും ശ്രദ്ധേയമാണ്. ജ്വല്ലറി ബോക്സ്, നിലവിളക്ക് എന്നിവ പല ഭാഗങ്ങളായി അഴിച്ചെടുക്കാവുന്നവയാണ്. പേപ്പറിൽ നിർമ്മിച്ച കാളവണ്ടിയും കൂട്ടത്തിൽ വ്യതസ്തമാണ്. നാലും അഞ്ചും മണിക്കൂറെടുത്താണ് കൂടുതൽ സാധനങ്ങളും വേണുഗോപാലൻ നിർമ്മിച്ചത്. ദിവസങ്ങളോളം പ്രയത്നം വേണ്ടി വന്നവയും കൂട്ടത്തിലുണ്ട്. ന്യൂസ് പേപ്പർ ക്രാഫ്റ്റ് ചെയ്യണം എന്ന ആശയം ഉദിക്കുന്നത് മൂന്ന് വർഷം മുമ്പാണ്. സൂറത്തിലെ ക്രിഷക് ഭാരതി കോ- ഓപ്പറേറ്റീവ് ലിമിറ്റഡിലെ ജീവനക്കാരനായിരുന്നു വേണുഗോപാലൻ. ഭാര്യ: ശാന്തകുമാരി.
കൂടുതൽ വ്യതസ്മായ വസ്തുക്കൾ നിർമ്മിച്ച് എക്സിബിഷൻ നടത്താനുള്ള ശ്രമത്തിലാണ് വേണു ഗോപാലൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: