ഇടുക്കി: ഒക്ടോബറില്‍ സംസ്ഥാനത്ത് ഇതുവരെ ശരാശരി ലഭിച്ചത് 138 ശതമാനം അധികമഴ. 17.34 സെ.മീ. കണക്ക് കൂട്ടിയ സ്ഥാനത്ത് 41.22 സെ.മീ. മഴയാണ് പെയ്തിറങ്ങിയത്. ഇന്ത്യന്‍ മണ്‍സൂണ്‍ എന്നറിയപ്പെടുന്ന കാലവര്‍ഷം അവസാനിച്ചിട്ടില്ലെങ്കിലും ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള മഴ സാങ്കേതികമായ തുലാമഴയായാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം കണക്ക് കൂട്ടുന്നത്.
വടക്ക്-കിഴക്കന്‍ മണ്‍സൂണ്‍ എന്ന തുലാമഴയില്‍ കേരളത്തില്‍ സാധാരണ ശരാശരി ലഭിക്കുക 50 സെ.മീ. മഴയാണ്. ഈ ഘട്ടത്തിലാണ് ഒക്ടോബര്‍ പാതി മാത്രം പിന്നിടുമ്പോള്‍ തുലാമാസം ആരംഭിക്കുന്ന ദിവസം തന്നെ ഇതിന്റെ 82.5 ശതമാനം മഴയും സംസ്ഥാനത്ത് പിന്നിടുന്നത്. ഇതില്‍ വലിയൊരുഭാഗം മഴയും ലഭിച്ചത് ശനിയാഴ്ച ഒരുദിവസം കൊണ്ട് മാത്രമാണ്. നേരത്തെ അധികമഴ 25 ശതമാനം മാത്രമായിരുന്നു.
പത്തനംതിട്ട ജില്ലയില്‍ 205 ശതമാനം അധിക മഴയാണ് ലഭിച്ചത്. കോഴിക്കോട്- 219, കണ്ണൂര്‍- 197, കാസര്‍കോട്- 176, പാലക്കാട്- 168, കോട്ടയം- 149, കൊല്ലം- 133, തിരുവനന്തപുരം- 127, മലപ്പുറം- 125, എറണാകുളം- 120, ഇടുക്കി- 108, ആലപ്പുഴ- 71, തൃശ്ശൂര്‍- 70, വയനാട് -96, ശതമാനം വീതവും മഴ കൂടി. തുടര്‍ച്ചയായി എത്തുന്ന ന്യൂനമര്‍ദങ്ങളും ചക്രവാതച്ചുഴിയുമാണ് കനത്ത മഴക്ക് കാരണമാകുന്നത്. കാലവര്‍ഷത്തിന്റെ വിടവാങ്ങല്‍ പ്രക്രിയ നിലവില്‍ പുരോഗമിക്കുകയാണ്. അതേ സമയം ഈ മാസം അവസാനത്തോടെ മാത്രമേ തുലാമഴയെത്തൂവെന്നാണ് പുതിയ വിവരങ്ങള്‍.
ആഗോളതാപനം മൂലം അറബിക്കടലില്‍ വരുന്ന മാറ്റങ്ങള്‍ കേരളത്തെ സാരമായി ബാധിക്കുന്നതായും സംസ്ഥാനത്തേക്ക് ഒരു ചുഴലിക്കാറ്റെത്തുക എന്നത് അതിവിദൂരമല്ലെന്നും കാലാവസ്ഥ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ പോലുള്ള ഇതര സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റുകള്‍ എല്ലാവര്‍ഷവും എത്തുമ്പോള്‍ നാം സുരക്ഷിതരെന്ന് വിചാരിച്ചിരുന്നു. ഈ വിശ്വാസം തെറ്റിച്ചുകൊണ്ടാണ് ചുഴലിക്കാറ്റിന്റെ ആദ്യരൂപമായ ശക്തി തീരെ കുറഞ്ഞ ഒരു ന്യൂനമര്‍ദം കേരള തീരത്തിന് വളരെ അടുത്തെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: