ന്യൂദല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സുഡാനിലേക്ക് തിരിച്ചു. യാത്രയുടെ ഭാഗമായി 18, 19 തീയതികളില്‍ സുഡാനും, 20 മുതല്‍ 22 വരെ ദക്ഷിണ സുഡാനും മന്ത്രി സന്ദര്‍ശിക്കും.
സുഡാന് എസ്സിഎസ് പ്രസിഡന്റ് ഫസ്റ്റ് ലഫ്റ്റനന്റ് ജനറല്‍ അബ്ദല്‍ ഫത്താ അബ്ദല്‍ റഹ്മാന് അല്‍ ബുര്‍ഹാന്‍, പ്രധാനമന്ത്രി അബ്ദുള്ള ഹംദോക്ക് എന്നിവരുമായി വി. മുരളീധരന് കൂടിക്കാഴ്ച നടത്തും. സുഡാന് വിദേശകാര്യമന്ത്രി ഡോ. മറിയം അല്‍ സാദിഖ് അല്‍ മഹ്ദിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. സുഡാനിലെ ഇന്ത്യന്‍ സമൂഹവുമായും മന്ത്രി സംവദിക്കും.
ദക്ഷിണ സുഡാനിലെത്തുന്ന വി. മുരളീധരന്, പ്രസിഡന്റ് ജനറല്‍ സല്‍വാ കിര് മയാര്‍ദിത്ത്, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി മായിക്ക് ആയി ദെന്‍, ട്രാന്‍സിഷണല്‍ നാഷണല്‍ ലെജിസ്ലേറ്റിവ് അസംബ്ലി സ്പീക്കര്‍ ജെമ്മ നുനുകുംമ്പാ എന്നിവരുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടികാഴ്ച നടത്തും. ജുബയിലെ ഇന്ത്യന്‍ സമൂഹവുമായും ഇന്ത്യന്‍ സംരംഭകരുമായും മന്ത്രി സംവദിക്കും. ഇന്ത്യന്‍ സൈന്യത്തിലെ ഡോക്ടര്‍മാര്‍ നടത്തുന്ന ജുബയിലെ ഐക്യരാഷ്ട്ര സഭയുടെ മിഷന് ആശുപത്രിയും മന്ത്രി സന്ദര്‍ശിക്കും.
സുഡാനും ദക്ഷിണ സുഡാനുമായി അടുത്ത സൗഹൃദമാണ് ഇന്ത്യക്ക് ഉള്ളത്. നിരവധി ഇന്ത്യന്‍ കമ്പനികള്‍ ഇരു രാജ്യങ്ങളിലും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സുഡാനിലെ യുവ സമൂഹത്തെ നിപുണരാക്കാന്‍ വിവിധ പദ്ധതികള്‍ ഇന്ത്യ കാലങ്ങളായി നടപ്പാക്കി വരുന്നുണ്ട്. ഇന്ത്യയിലുടനീളമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരവധി സുഡാന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുമുണ്ട്. ആഴത്തിലുള്ള സംസ്കാരിക, സാമൂഹ്യ ബന്ധം പുലര്‍ത്തുന്ന സുഡാനില്‍ മന്ത്രിയുടെ സന്ദര്‍ശനം ഉഭയകക്ഷി സൗഹാര്‍ദം പുതിയ തലത്തിലെത്തിക്കുമെന്ന് ഇരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: