ചെന്നൈ: എ ഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തന്നെ സ്വയം അവരോധിച്ച് വി.കെ. ശശികല.
കഴിഞ്ഞ ദിവസം എ ഐഎഡിഎംകെ സ്ഥാപകന്‍ കൂടിയായ എംജിആറിന്റെ ചെന്നൈയിലെ ടി നഗറിലെ വസതിയില്‍ എ ഐഎഡിഎംകെ സുവര്‍ണ്ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ശശികല തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്. എംജിആറിന്റെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം അവര്‍ പാര്‍ട്ടി പതാക ഉയര്‍ത്തുകയും ഒരു ശിലാഫലകം അവര്‍ അനാച്ഛാദനം ചെയ്യുകയും ചെയ്തു. ആ ശിലാഫലകത്തില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി ശശികലയുടെ പേരാണ് എഴുതിയിരിക്കുന്നത്. ഇതോടെ എ ഐഎഡിഎംകെയില്‍ പൊട്ടിത്തെറി തുടങ്ങി.
ശശികലയുടെ ഈ നടപടി നിയമവിരുദ്ധമാണെന്ന് എ ഐഎഡിഎംകെ എംഎല്‍എ ഡി. ജയകുമാര്‍ ആരോപിച്ചു. ‘ശശികലയ്ക്ക് ഈ പാര്‍ട്ടിയില്‍ ഒരു അവകാശവുമാില്ല. ഒരാള്‍ക്കും ആ പാര്‍ട്ടി ചിഹ്നം ഉപയോഗിക്കാനോ ജനറല്‍ സെക്രട്ടറി എന്ന പദവി ഉപയോഗിക്കാനോ നിയമപരമായി അധികാരമില്ല. ഈ പാര്‍ട്ടി ചിഹ്നത്തിന്റെയും പദവിയുടെയും ചുമതല തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയും തങ്ങള്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഇനിയും അവര്‍ ഇത് ഉപയോഗിച്ചാല്‍ അത് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതികള്‍ക്കും എതിരാകും,’- എ ഐഎഡിഎംകെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കവേ ജയകുമാര്‍ പറഞ്ഞു.
ശശികല തന്റെ കുടുംബതാല്‍പര്യങ്ങള്‍ മാത്രമാണ് സംരക്ഷിച്ചത്. ഇപ്പോള്‍ അവര്‍ പുരട്ചി തായര്‍ (വിപ്ലവകാരിയായ അമ്മ) എന്ന പുതിയ വിശേഷണം സ്വീകരിച്ചിരിക്കുകയാണ്. ത്യാഗ തലൈവി (ത്യാഗത്തിന്റെ നേതാവ്) എന്ന പദവി മാറ്റി പുതിയ വിശേഷണം അവര്‍ ഉപയോഗിച്ചതെന്തിനെന്ന് മനസ്സിലാവുന്നില്ല. എ ഐഎഡിഎംകെയുടെ ഒത്തൊരുമയ്ക്ക് മുന്നില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല. ബാംഗ്ലൂരിലെ ജയിലില്‍ നിന്നും മോചിതയായി കഴിഞ്ഞ എട്ട് മാസമായി അവര്‍ ഒന്നും ചെയ്തില്ലെന്നും ജയകുമാര്‍ വിമര്‍ശിച്ചു.
1996ല്‍ ശശികല കാരണമാണ് എ ഐഎഡിഎംകെ തെരഞ്ഞെടുപ്പില്‍ തോറ്റത്. ശശികലയും കുടുംബവും അവരുടെ താല്പര്യങ്ങള് മാത്രമാണ് സംരക്ഷിച്ചുപോന്നത്. അത് സ്വീകരിക്കാന്‍ എ ഐഎഡിഎംകെയ്ക്ക് കഴിയില്ല. അവര്‍ പാര്‍ട്ടിക്ക് വേണ്ടി ഒരു ത്യാഗവും ചെയ്തിട്ടില്ലെന്നും ജയകുമാര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: