ഗുരു പാദങ്ങളിലേക്ക് സ്വയം സമര്‍പ്പിക്കപ്പെട്ടതാണ് അനുപമയുടെ ജീവിതം. കുച്ചുപ്പുടിയുടെ പര്യായമെന്ന് വിശേപ്പിക്കപ്പെടുന്ന വെമ്പട്ടി ചിന്നസത്യത്തിന്റെ അരുമ ശിഷ്യയായി എട്ടാം വയസ്സില്‍ തുടങ്ങിയതാണ് നൃത്ത സപര്യ. ആന്ധ്രാപ്രദേശിലെ നെല്ലൂരാണ് സ്വദേശം. ഒരു യാഥാസ്ഥിതിക സമീന്താര്‍ കുടുംബാംഗം. അച്ഛന്‍ വെങ്കയ്യ നായിഡു നന്നായി പാടുമായിരുന്നു. അദ്ദേഹമാണ് അനുപമയുടെ കലാവാസന തിരിച്ചറിഞ്ഞ് കോട്ട സുബ്രഹ്മണ്യ ശാസ്ത്രികളുടെ കീഴില്‍ നൃത്തം അഭ്യസിക്കാന്‍ ചേര്‍ക്കുന്നത്, നാലാം വയസ്സില്‍. ഗുരു ചിന്നസത്യത്തിന്റെ ശിക്ഷണത്തിലേക്ക് എത്തുന്നത് യാദൃച്ഛികമായി. നൃത്താവശ്യങ്ങള്‍ക്കായി ചമയങ്ങളും ആഭരണങ്ങളും വാങ്ങാന്‍ നെല്ലൂരില്‍ നിന്നും ചെന്നൈയില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയതായിരുന്നു അനുപമ. നല്ലത് എവിടെ കിട്ടും എന്ന അന്വേഷണം ചെന്നു നിന്നത് വെമ്പട്ടി പെദ്ദ സത്യത്തിനടുത്ത്. വെമ്പട്ടി ചിന്ന സത്യത്തിന്റെ മൂത്ത സഹോദരനായിരുന്നു അദ്ദേഹം. നൃത്തം ചെയ്യാന്‍ കുഞ്ഞനുപമയോട് അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടിത്തം നിറഞ്ഞ പ്രകടനത്തില്‍ ആകൃഷ്ടനായ പെദ്ദ സത്യം, അവരെ ചിന്ന സത്യത്തിന്റെ അടുത്തെത്തിച്ചു. അതായിരുന്നു അനുപമയുടെ ജീവിതത്തിന്റെ ഗതി നിര്‍ണയിച്ച മുഹൂര്‍ത്തം. അനുപമയെ തന്റെ അക്കാദമിയിലേക്ക് അയക്കാന്‍ താല്‍പര്യമുണ്ടോ എന്ന് അച്ഛന്‍ വെങ്കയ്യ നായിഡുവിനോട് ചിന്ന സത്യം തിരക്കി.
ഏകദേശം ഒരു വര്‍ഷമെടുത്തു തീരുമാനമെടുക്കാന്‍. എട്ടാം വയസ്സില്‍ അനുപമയും അമ്മ വനജാക്ഷിയമ്മയും രണ്ട് സഹോദരിമാരും ഒരു സഹായിയും ഒത്ത് ചെന്നൈയിലുള്ള ചിന്നസത്യത്തിന്റെ കുച്ചുപ്പുടി ആര്‍ട്ട് അക്കാദമിയിലേക്ക്. ഗുരുകുല സമ്പ്രദായത്തിലുള്ള ശിക്ഷണം. ഔപചാരിക വിദ്യാഭ്യാസം തൊട്ടടുത്തുള്ള കേസരി ഹൈസ്‌കൂളില്‍. നിരന്തരമായ പരിശീലനത്തിന്റെ നാളുകള്‍. സ്‌കൂളില്‍ പോകാന്‍ തെല്ലും ഇഷ്ടമുണ്ടായിരുന്നില്ല അനുപമയ്‌ക്ക്. ഗുരുവിന്റെ കൂടെ, ഗുരുമുഖത്ത് നിന്നും വരുന്ന നൃത്ത ചൊല്ലുകള്‍ കേട്ട്, ചുവടുകള്‍ വച്ച് നൃത്താഭിനിവേശം സിരകളില്‍ നിറച്ച് അങ്ങനെ ആ ലോകത്ത് മാത്രമായി മുഴുകാനായിരുന്നു ആഗ്രഹം. ഗുരുവിനെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടായിരുന്നു നൃത്ത പഠനം. അടവുകള്‍ നിത്യവും അഭ്യസിക്കണം. അതിലൊരു വിട്ടുവീഴ്ചയ്‌ക്കും ഗുരു തയ്യാറായിരുന്നില്ല. പഠിപ്പിക്കുമ്പോള്‍ മാസ്റ്ററുടെ ശ്രദ്ധ എപ്പോഴും കിട്ടണമെന്നായിരുന്നു ചിന്ത. ചുവടുകള്‍ വയ്‌ക്കുന്നതും മുദ്രകള്‍ കാണിക്കുന്നതും തെറ്റാണോ, അത് അദ്ദേഹം തിരുത്തിത്തരുന്നുണ്ടോ എന്നൊക്കെയായിരുന്നു ആശങ്കകള്‍. പക്ഷേ ചോദിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല. അമ്മയോട് പരാതി പറയും. നിന്നെ ഗുരു തിരുത്താതെ ഇരിക്കുമോ? നീ ചെയ്യുന്നത് ശരിയായതുകൊണ്ടല്ലേ എന്ന് അമ്മ ചോദിക്കും. വാത്സല്യം ആവോളം ലഭിച്ചിരുന്നു ഗുരുവില്‍ നിന്ന്. അനൂമ്മ എന്ന് വിളിക്കുമ്പോള്‍ വിളിപ്പാടകലെ ഉണ്ടാകുമായിരുന്നു അനുപമ.
മനസ്സിലെന്നും ഗുരു
നൃത്തം ചെയ്യുമ്പോഴും പഠിപ്പിക്കുമ്പോഴും എന്ന് വേണ്ട തന്റെ ഓരോ ചലനത്തിലും ഗുരു വെമ്പട്ടി ചിന്ന സത്യം ഒപ്പമുണ്ടെന്ന് അനുപമ. ”ഞാന്‍ ചെയ്യുന്ന കല അദ്ദേഹത്തിനുള്ള ആത്മസമര്‍പ്പണമാണ്. അച്ഛന്റെ ഒപ്പം ചിലവാക്കിയതിനേക്കാള്‍ കൂടുതല്‍ സമയവും ഗുരുവിനൊപ്പമായിരുന്നു. ആ ഒരു വാത്സല്യം എപ്പോഴും അനുഭവിച്ചിരുന്നു” വെന്ന് അനുപമ പറയുന്നു. എന്‍.ടി. രാമറാവുവിനേയും ഹേമാ മാലിനിയേയും പോലുള്ള പ്രഗത്ഭര്‍ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. പുലര്‍ച്ചെ തന്നെ എന്‍ടിആറിനെ പഠിപ്പിക്കാന്‍ പോകും. തിരികെയെത്തി ഏഴ് മണിയോടെ ആരംഭിക്കുന്ന ക്ലാസില്‍ ശിഷ്യര്‍ വിഐപികളായിരുന്നു. ഒമ്പത് മണിയോടെയായിരുന്നു ഗുരുകുലത്തിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള ക്ലാസ്. സംഗീതവും സംസ്‌കൃതവും നിര്‍ബന്ധമായും പഠിക്കണം. കഥാസന്ദര്‍ഭങ്ങള്‍ മനസ്സിലാക്കുന്നതിനും ഭാവ ഭംഗിയോടെയുള്ള നൃത്താവതരണത്തിനും അത് അനിവാര്യമായിരുന്നു.
മാസ്റ്റര്‍ ചെയ്യുന്ന കൊറിയോഗ്രഫി, പല പ്രമുഖരേയും പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം അക്കാദമിയിലെ കുട്ടികള്‍ക്കായിരുന്നുവെന്ന് അനുപമ പറയുന്നു. അദ്ദേഹം മനസ്സില്‍ കാണുന്നത് അതേപോലെ അവതരിപ്പിക്കാന്‍ പറ്റിയെന്നാണ് വിശ്വാസം. ചിലപ്പോള്‍ പാദ ചലനങ്ങള്‍, അല്ലെങ്കില്‍ ഭാവം അതൊന്നും മാസ്റ്റര്‍ പറയുന്നപോലെ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ അദ്ദേഹം അടുത്ത് വന്ന് തിരുത്തും. എപ്പോഴാണോ ഗുരുവിന് കൊറിയോഗ്രഫി ചെയ്യാന്‍ തോന്നുന്നത്, അപ്പോള്‍ അത് അവതരിപ്പിക്കാന്‍ തയ്യാറായി മുന്നില്‍ ഉണ്ടാവണം. അതിന് രാവെന്നോ പകലെന്നോ ഭേദമില്ല. ചിന്നസത്യത്തിന്റെ ശിഷ്യരില്‍ ഒരാളായ ബാല (പ്രശസ്ത കുച്ചുപ്പുടി നര്‍ത്തകി ബാല കൊണ്ഡല റാവു)യ്‌ക്കും പിന്നെ അനുപമയ്‌ക്കുമായിരുന്നു അതിനുള്ള അവസരങ്ങള്‍ കൂടുതല്‍ ലഭിച്ചത്. ”ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ നിന്നും വരും. അത് ഞങ്ങളിലൂടെ അദ്ദേഹം പുറത്തുകൊണ്ടുവന്നു. അതൊരു ഭാഗ്യമാണ്’. അനുപമ പറയുന്നു.
ഗുരു ചെയ്യുന്ന കൊറിയോഗ്രഫി സെലിബ്രിറ്റികളെ പഠിപ്പിക്കുക എന്ന ഉത്തരവാദിത്തവും ശിഷ്യര്‍ക്കായിരുന്നു. അദ്ദേഹത്തിന്റെ തിരക്കുകള്‍ അത്രമാത്രമായിരുന്നു. ബോളിവുഡില്‍ ഹേമാ മാലിനി തിളങ്ങി നില്‍ക്കുന്ന സമയം, അവരുടെ മുംബൈയിലെ വീട്ടിലെത്തി നൃത്ത പാഠങ്ങള്‍ അഭ്യസിപ്പിക്കാന്‍ ചിന്ന സത്യം കൂടുതലും നിയോഗിച്ചത് അനുപമയെയായിരുന്നു. ഹേമയുടെ വീട്ടില്‍ കൊണ്ടുവിട്ട ശേഷം ഗുരു തിരികെ പോരും. അതായിരുന്നു പതിവ്. സിനിമയിലെ തിരക്കുകള്‍ക്കിടയിലും ധാരാളം നൃത്ത പരിപാടികളും ആ കാലത്ത് ഹേമ മാലിനിക്ക് ഉണ്ടായിരുന്നു. ആ വേദികളില്‍ അനുപമയ്‌ക്കും അവസരം കിട്ടിയിരുന്നു. പഠനവും പഠിപ്പിക്കലും എല്ലാം വളരെയേറെ ആസ്വദിച്ചിരുന്നു. ഗുരു സമക്ഷത്തുനിന്ന് നൃത്തം മാത്രമല്ല, ഏത് പരിതസ്ഥിതിയോടും പൊരുത്തപ്പെടാനും പഠിച്ചു.
ശിഷ്യരിലുള്ള ഗുരുവിന്റെ വിശ്വാസം വളരെ വലുതായിരുന്നുവെന്ന് അനുപമ. വേദിയില്‍ ഒരു ഐറ്റം അവതരിപ്പിച്ച് കഴിഞ്ഞ് അടുത്തത് ഏത് വേഷമാണ് ചെയ്യേണ്ടതെന്ന് ഗുരു അനൗണ്‍സ് ചെയ്യുമ്പോള്‍ മാത്രമായിരിക്കും അറിയുന്നത്. തെല്ലും സങ്കോചം കൂടാതെ ആ വേഷം അവതരിപ്പിക്കാന്‍ കഴിഞ്ഞത് നിരന്തരമായ പരിശീലനം ഒന്നുകൊണ്ടുമാത്രമാണ്. വെമ്പട്ടി ചിന്ന സത്യം എന്ന നൃത്താചാര്യന്റെ ശിഷ്യ പരമ്പരയില്‍ ഏറെ ശ്രദ്ധേയയാണ് അനുപമ.
വേദികള്‍, വേഷങ്ങള്‍…
രാജ്യത്തിന് അകത്തും പുറത്തുമായി ഗുരുവിനൊപ്പവും അല്ലാതെയും രണ്ടായിരത്തിലധികം വേദികളില്‍ പെര്‍ഫോം ചെയ്തു. നാലാം വയസ്സില്‍ തുടങ്ങിയതാണ് ഈ നൃത്ത പ്രയാണം. കുച്ചുപ്പുടി ബാലെയും സോളോയുമായി പിന്നിട്ട വേദികള്‍ അനേകം. നിരവധി ഫെസ്റ്റിവലുകളുടെയും ഭാഗമായി. മൂന്ന് മാസത്തോളം നീണ്ടുനിന്ന യൂറോപ്യന്‍ പര്യടനത്തില്‍, വിവിധ രാജ്യങ്ങളിലായി 64 ഓളം വേദികളില്‍ പരിപാടി അവതരിപ്പിച്ചു. മറക്കാനാവാത്തതാണ് ആ യാത്ര. ശ്രീകൃഷ്ണ പാരിജാതം ബാലെയില്‍ നാരദനെ അവതരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. നൂറിലധികം വേദികളില്‍ നാരദനായി അരങ്ങിലെത്തി. പിന്നെ രുക്മിണിയായി, സത്യഭാമയായി. ശ്രീനിവാസ കല്യാണത്തില്‍ പാര്‍വ്വതിയായും ഏരുകയായും (കുറത്തി), പത്മാവതിയുടെ സഖികളായും വേഷമിട്ടു. ശാകുന്തളത്തില്‍ അനസൂയയായി. അക്കാലത്ത് കുച്ചുപ്പുടി ആര്‍ട്ട് അക്കാദമിയുടെ ഹീറോയിന്‍ ശോഭ നായിഡുവും ഹീറോ മഞ്ജു ഭാര്‍ഗവിയുമായിരുന്നു. കഥാപാത്രത്തെ നല്‍കുമ്പോള്‍ കളിക്കുന്നവരുടെ പ്രായം കൂടി ഗുരു നോക്കും. 1971-72 കാലയളവില്‍ ഗുരുവിനൊപ്പം കേരളത്തിലെ എല്ലാ ജില്ലകളിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
കുച്ചുപ്പുടിയും അനുപമയും
കുച്ചുപ്പുടിയെ അതിന്റെ തനത് ചിട്ടവഴികളില്‍ കൂടി സമീപിക്കുന്ന നര്‍ത്തകിയാണ് അനുപമ മോഹന്‍. അതുകൊണ്ടുതന്നെ കേരളത്തിലെത്തിയപ്പോള്‍ നിരവധി എതിര്‍പ്പുകള്‍ നേരിട്ടു. പരാതികള്‍ കേട്ടു. തളികയും കലശവും ഉപയോഗിക്കുന്നതാണ് കുച്ചുപ്പുടി എന്നതായിരുന്നു മലയാളികളുടെ ധാരണ. ആ ചിന്താഗതി മാറ്റിയെടുക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. എന്താണ് യഥാര്‍ത്ഥ കുച്ചുപ്പുടിയെന്ന് ജനങ്ങളെ മനസ്സിലാക്കിക്കുവാന്‍ സ്വന്തമായി ക്ലാസ് തുടങ്ങണം എന്ന് ഉപദേശിച്ചത് ഗുരു വെമ്പട്ടി ചിന്നസത്യമാണ്. ആ ഉപദേശം പ്രാവര്‍ത്തികമാക്കി. ക്രമേണ എതിര്‍പ്പ് കുറഞ്ഞു വന്നു. ”ഞാന്‍ പഠിച്ചത് 100 ശതമാനം ഉറപ്പാണെന്ന ബോധ്യം ഉള്ളതുകൊണ്ട് ആ നിലപാടില്‍ ഉറച്ചു നിന്നു. ഇനിയും അങ്ങനെ തന്നെയായിരിക്കു”മെന്ന് അനുപമ. കേരളത്തില്‍ മാത്രമാണ് കുട്ടികള്‍ പല നൃത്ത രൂപങ്ങളും ഒരുമിച്ച് അഭ്യസിക്കുന്നത്. മറ്റെവിടെയും ആ പ്രവണതയില്ല. കലോത്സവങ്ങളും അതില്‍ നിന്നു ലഭിക്കുന്ന ഗ്രേസ് മാര്‍ക്കും സിനിമയിലേക്ക് വഴിതുറക്കുമെന്ന പ്രതീക്ഷയുമാണ് ഇതിന് കാരണമെന്നാണ് അനുപമയുടെ പക്ഷം. കലോത്സവത്തില്‍ പങ്കെടുക്കുന്നതിന് മാത്രമായി ക്യാപ്‌സൂള്‍ രൂപത്തില്‍ ഒരു ഇനവും പഠിപ്പിക്കില്ല. എന്നാല്‍ ചെറുപ്രായത്തില്‍ തന്നെ തന്റെ അടുക്കല്‍ പഠിക്കാന്‍ എത്തിയ കുട്ടികള്‍, അവര്‍ക്ക് കലോത്സവത്തില്‍ പങ്കെടുക്കണം എന്ന ആഗ്രഹം അറിയിച്ചപ്പോള്‍ നിരുത്സാഹപ്പെടുത്തിയതുമില്ല. അവര്‍ക്ക് വേണ്ടി കൊറിയോഗ്രഫി ചെയ്തു.
സത്യാഞ്ജലിയുടെ ഉദയം
ഇരുപത് വര്‍ഷം മുമ്പ് വിജയദശമി ദിനത്തിലായിരുന്നു സത്യാഞ്ജലിയുടെ ജനനം, 2000ല്‍. അന്ന് കേരളത്തില്‍ കുച്ചുപ്പുടി പഠിപ്പിക്കുന്ന ഏക സ്ഥാപനമായിരുന്നു ഇത്. 1998ല്‍ ആരംഭിച്ചെങ്കിലും സംഗീത നാടക അക്കാദമിയില്‍ രജിസ്റ്റര്‍ ചെയ്തത് 2000ത്തിലാണ്.
സത്യാഞ്ജലി എന്നത് ഗുരുവിനോടുള്ള വന്ദനമാണ്, ആ പേര് അര്‍ത്ഥമാക്കുന്നതുപോലെ. സത്യാഞ്ജലിയിലെ അനുപമയുടെ കുട്ടികള്‍ എവിടെ കളിച്ചാലും പ്രത്യേകം ശ്രദ്ധിക്കപ്പെടും. ‘ഗുരു എനിക്ക് പകര്‍ന്നു തന്നത്, ഞാന്‍ എന്റെ ശിഷ്യരിലേക്കും പകരുന്നു. ഗുരുവിന്റെ ശൈലി ഞാന്‍ പിന്തുടരുന്നു. വെമ്പട്ടിയുടെ പെരുമ കേരളത്തിലെ കലാസ്വാദകരിലേക്ക് എത്തണം. അതിനാണ് പ്രയത്‌നിക്കുന്നത്’. അനുപമയുടെ വാക്കുകളില്‍ എല്ലാം ഗുരു സാന്നിധ്യമാണ് നിറയുന്നത്. തുടക്കത്തില്‍ ഫീസ് വാങ്ങാതെയായിരുന്നു കുട്ടികളെ പഠിപ്പിച്ചത്. യഥാര്‍ത്ഥ കുച്ചുപ്പുടി എന്തെന്ന് ജനങ്ങളെ മനസ്സിലാക്കാന്‍ അതേയുണ്ടായിരുന്നുള്ളു മാര്‍ഗ്ഗം. നൃത്തം അഭ്യസിച്ചതുകൊണ്ട് മാത്രം ആര്‍ക്കും ജോലി കിട്ടില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ തന്റെ ശിഷ്യരെയെല്ലാം പൊട്ടി ശ്രീരാമലു തെലുങ്ക് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ത്ത് പരീക്ഷ എഴുതിപ്പിക്കുന്നതും പതിവാണ്. നൃത്തം ഇന്ന് ഒരു ഉപജീവന മാര്‍ഗ്ഗമായി പലരും കാണുന്നില്ലെന്നാണ് ഈ നര്‍ത്തകിയുടെ അഭിപ്രായം.
നൃത്തം ഓഫ്‌ലൈനായും ഓണ്‍ലൈനായും
കൊവിഡ് മഹാമാരിയാണ് നൃത്തം ഓണ്‍ലൈന്‍ ആയും പഠിപ്പിക്കാം എന്ന ഓപ്ഷനിലേക്ക് അനുപമയെ എത്തിച്ചത്. നേരില്‍ പഠിപ്പിക്കുന്നതും അല്ലാതെ പഠിപ്പിക്കുന്നതും തമ്മില്‍ ഭൂമിയും ആകാശവും പോലുള്ള വ്യത്യാസമുണ്ട്. പഠിക്കാന്‍ ആഗ്രഹം ഉള്ള വിദൂരതയിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ പഠനം ഗുണം ചെയ്തു. ടീച്ചറെ ഒന്ന് കാണാനും ടീച്ചറില്‍ നിന്നും പഠിക്കാനും ഏറെ ആഗ്രഹിച്ചിരുന്നു എന്ന് പറഞ്ഞവര്‍ ഓണ്‍ ലൈന്‍ പഠനം ഭാഗ്യമായി കരുതുന്നു. എറണാകുളത്ത് ഉള്ളവര്‍ പോലും ഓണ്‍ലൈന്‍ ആയി പഠിക്കാന്‍ ഇഷ്ടപ്പെടുന്നു. അനുപമയുടെ ശിക്ഷ്യരില്‍ പലരും ഡോക്ടര്‍മാരാണ്. അവരുടെ സമയത്തിന് അനുസരിച്ച് പഠിക്കാന്‍ സാധിക്കുന്നു എന്നത് അവരെ സംബന്ധിച്ച് ഒരു വരമാണ്. ഗുരുവിന്റെ ഉള്ളില്‍ നിന്നും വരുന്നതാണ് പണ്ടുകാലത്ത് ശിക്ഷ്യര്‍ എടുക്കുക. ഇന്ന് അതിനുള്ള അവസരങ്ങള്‍ കുറഞ്ഞു. ഓണ്‍ലൈന്‍ തുടങ്ങില്ല എന്നത് ഒരു വാശിയായിരുന്നു. അതിന്റെ ടെക്‌നിക് ഒന്നും അറിയില്ലായിരുന്നു. അര്‍ജന്റീനക്കാരിയായ ഒരു റഗുലര്‍ സ്റ്റുഡന്റ് ഉണ്ടായിരുന്നു, ക്ലൗഡിയ. അവര്‍ വര്‍ഷത്തില്‍ ഒരുമാസം വന്ന് പഠിച്ചു പോകും. അവരാണ് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങണമെന്ന് നിര്‍ബന്ധിച്ചത്. അറിയില്ല എന്ന് തുറന്നു പറഞ്ഞു. പക്ഷേ അവരുടെ ആവശ്യം നിരസിക്കാന്‍ സാധിച്ചില്ല. മകന്‍ ആണ് സ്‌കൈപ് സെറ്റ് ചെയ്തു തന്നത്.
ഓണ്‍ലൈന്‍ ക്ലാസ് തുടക്കത്തില്‍ ബുദ്ധിമുട്ടായിരുന്നു. ക്ലാസിനിടയില്‍ ലാഗ് വരുന്നത് ശിക്ഷ്യരുമായുള്ള ആശയവിനിമയം ശരിയായി നടക്കുന്നതിന് തടസ്സമായി. ഇവിടെ കളിക്കുന്നതല്ല അവര്‍ കളിക്കുന്നത് എന്ന തോന്നല്‍ പ്രശ്‌നമായി. അവര്‍ താളത്തില്‍ അല്ല കളിക്കുന്നത് എന്നായിരുന്നു ധാരണ. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വശമായി. നേരിട്ട് ആകുമ്പോള്‍ ഒന്നോ രണ്ടോ പ്രാവശ്യം പറഞ്ഞാല്‍ മതി. അടുത്ത് ചെന്ന് തിരുത്തിക്കൊടുക്കാം. ഓണ്‍ലൈന്‍ ക്ലാസ് ആകുമ്പോള്‍ അത് സാധ്യമല്ല. അതാണ് ഒരു പോരായ്മ. നല്ല ക്ഷമയും വേണം. അവരിലേക്ക് പഠനം എങ്ങനെ എത്തിക്കാന്‍ പറ്റും എന്നതാണ് ഒരു നൃത്താധ്യാപികയുടെ മികവ്.
സാധാരണ ജീവിതത്തിലേക്ക് എത്തിയാലും നൃത്തം ഓണ്‍ലൈനായി പഠിപ്പിക്കുമോ എന്ന് ചോദിക്കാനാണ് സാധ്യത കൂടുതല്‍. ഒരു മുറിയില്‍ മൊബൈല്‍ സെറ്റ് ചെയ്ത് വച്ചാല്‍ പഠിക്കാം എന്ന സ്ഥിതി. അടുത്തുള്ളവരെ ഓണ്‍ലൈന്‍ പഠനം പ്രോത്സാഹിപ്പിക്കില്ല. തന്റെ ശിഷ്യരെ നേരിട്ട് തന്നെ നൃത്തം അഭ്യസിപ്പിക്കുന്നതാണ് കൂടുതല്‍ ഇഷ്ടം.
നൃത്തം, ജീവിതം
നൃത്തം സിനിമയിലേക്കുള്ള എളുപ്പവഴിയാണെന്ന് കരുതുന്നവര്‍ക്കിടയില്‍ വ്യത്യസ്തയാണ് അനുപമ. നൃത്തം മാത്രമായിരുന്നു സ്വപ്‌നം. സിനിമയോട് ഭ്രമം ഉണ്ടായിരുന്നില്ല. അതുണ്ടായിരുന്നുവെങ്കില്‍ ശങ്കരാഭരണത്തിലെ നായികയായി നാം അനുപമയെ കാണുമായിരുന്നു. കല്യാണം കഴിഞ്ഞ ഉടനെയാണ് ആ അവസരം തേടിവന്നത്. പ്രശസ്ത സംവിധായകന്‍ എം. മോഹനന്റെ ജീവിതസഖിയാണ് അനുപമ. അദ്ദേഹം നല്‍കുന്ന പിന്തുണയാണ് കലാസപര്യയ്‌ക്ക് കരുത്ത്. മോഹന്‍ സംവിധാനം ചെയ്ത രണ്ട് പെണ്‍കുട്ടികള്‍, വാടക വീട് എന്നീ ചിത്രങ്ങളില്‍ അനുപമയായിരുന്നു നായിക. ആ അടുപ്പം വിവാഹത്തിലെത്തി. വിവാഹത്തിന് തൊട്ട് മുമ്പാണ് ഭാരതീരാജയുടെ കിഴക്കേ പോകും റെയില്‍ എന്ന ചിത്രത്തിലേക്ക് നായികയാവാന്‍ ക്ഷണം കിട്ടിയത്. പക്ഷേ അതും നിരസിച്ചു. തെലുങ്ക് സംവിധായകരായ ദസരി നാരായണ റാവു, കെ.വിശ്വനാഥ് ഉള്‍പ്പടെയുള്ളവരാണ് ആ കാലത്ത് അവരുടെ പടത്തിലെ നായികയാവാന്‍ അനുപമയെ സമീപിച്ചത്. ശങ്കരാഭരണത്തിലെ അവസരം വേണ്ടെന്ന് വച്ചത്, ഇന്ന് ആലോചിക്കുമ്പോള്‍ ശ്ശൊ, കഷ്ടമായിപ്പോയി എന്ന തോന്നലിന് അപ്പുറം വലിയ ദുഖമൊന്നും ഉളവാക്കുന്നില്ല എന്ന് അനുപമ. നൃത്തത്തിന് പ്രാധാന്യമുള്ള ഒരു സിനിമയ്‌ക്ക് വേണ്ടി കൊറിയോഗ്രഫി ചെയ്യണമെന്നതാണ് ഒരു മോഹം. ഭര്‍ത്താവ് എം.മോഹന്‍ സംവിധാനം ചെയ്ത ദി ക്യാമ്പസ് എന്ന ചിത്രത്തില്‍ അത്തരത്തില്‍ ഒരു അവസരം വന്നതാണ്. പക്ഷേ അവസാന നിമിഷം ആ തീരുമാനം അണിയറപ്രവര്‍ത്തകര്‍ ഉപേക്ഷിച്ചു. ഒരു കന്നഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. പുരന്ദര്‍, ഉപേന്ദര്‍ എന്നിവരാണ് മക്കള്‍.
എപ്പോഴും പെര്‍ഫോം ചെയ്യണം എന്നാണ് ആഗ്രഹം. മറ്റ് സംസ്ഥാനങ്ങളിലേക്കും ഇതുമായി ബന്ധപ്പെട്ട് യാത്ര നടത്താന്‍ ഇഷ്ടമാണ്. സ്ഥലങ്ങള്‍ ആസ്വദിച്ചുള്ള അത്തരം യാത്രകള്‍ നവോന്മേഷം നല്‍കാറുണ്ട്. അത് മനസ്സില്‍ കണ്ടാണ് ഗുരു സ്മരണാഞ്ജലി നൃത്തോത്സവത്തിന് തുടക്കം കുറിച്ചത്. എത്ര ദൂരത്ത് നിന്ന് അപേക്ഷ കിട്ടുന്നോ ആ സ്ഥലത്ത് പോയി നേരില്‍ കണ്ടാണ് ആ അപേക്ഷ പരിഗണിക്കുക. അതുകൊണ്ടുതന്നെ വ്യത്യസ്ത കലാരൂപങ്ങള്‍ കേരളത്തിലുള്ളവര്‍ക്ക് കാണാന്‍ അവസരമൊരുക്കി. കൊവിഡിന് മുമ്പുവരെ ഇത് നല്ല രീതിയില്‍ നടത്തിയിരുന്നു. ജൂലൈ 29ന് ഗുരുവിന്റെ സ്മരണാര്‍ത്ഥം വെമ്പട്ടി ചിന്ന സത്യം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും ഏര്‍പ്പെടുത്തിയിരുന്നു. സൂര്യ കൃഷ്ണമൂര്‍ത്തി, കലാമണ്ഡലം ക്ഷേമാവതി, ഗുരു ചേമഞ്ചേരി, കലാമണ്ഡലം ഗോപി, ചൗ നര്‍ത്തകന്‍ ഗോപാല്‍ പ്രസാദ് ദുബെ, വിലാസിനി ടീച്ചര്‍ എന്നിവരാണ് ഈ പുരസ്‌കാരത്തിന് അര്‍ഹരായവര്‍. ഏപ്രില്‍, മെയ് മാസങ്ങളിലായി നാട്യാഭിവൃദ്ധി ശില്‍പശാലയും നടത്തിയിരുന്നു. ഇനി ഇതെല്ലാം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്‌കൂള്‍ കലോത്സവത്തില്‍, അപ്പീല്‍ നല്‍കാനാവാത്തതുകൊണ്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയ കുട്ടികള്‍ക്ക് വേണ്ടി അപ്പീല്‍ കലോത്സവം നടത്തിയും അനുപമ ശ്രദ്ധേയയായിരുന്നു.
1974ല്‍ സംഗീത നാടക അക്കാദമിയുടെ യുവ നര്‍ത്തകി പുരസ്‌കാരം, നാട്യ വിശാരദ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ദൂരദര്‍ശനില്‍ എ-ഗ്രേഡ് ആര്‍ട്ടിസ്റ്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക