ശബരിമല: ശബരിമലയില്‍ പുതിയ മേല്‍ശാന്തിയായി മാവേലിക്കര തട്ടാരമ്പലം സ്വദേശി എന്‍ പരമേശ്വരന് നമ്പൂതിരിയെ തെരഞ്ഞെടുത്തു. പന്തളം കൊട്ടാരത്തിലെ കുട്ടികളായ ഗോവിന്ദ്, വര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് ശബരിമല മേല്‍ശാന്തിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ഹൈക്കോടതി നിരീക്ഷകന് എന്‍ ഭാസ്കരന്, ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ എം മനോജ്എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.
കുട്ടികള്‍ക്കൊപ്പം കൊട്ടാരം നിര്‍വ്വാഹക സംഘം അംഗങ്ങളായ കേരളവര്‍മ്മ, ഹരിദാസ് വര്‍മ്മ, കുട്ടികളുടെ രക്ഷകര്‍ത്താക്കളായ മുന്‍ രാജപ്രതിനിധി ഉത്രംനാള്‍ കേരളവര്‍മ്മ, രാജേഷ് എന്നിവരും രാജകുടുംബത്തില്‍ നിന്നും പങ്കെടുത്തു. ഇന്നലെ രാവിലെ കൊട്ടാരത്തിലെ തിരുവാഭരണ മാളികയ്ക്ക് മുന്പില് കുട്ടികള്‍ ഇരുമുടിക്കെട്ടുനിറച്ചു. തുടര്‍ന്ന് വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ, സെക്രട്ടറി പി.എന്‍. നാരായണ വര്‍മ്മ, ട്രഷറര്‍ ദീപാവര്‍മ്മ, വലിയ കോയിക്കല്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി. പൃത്ഥ്വിപാല്‍, മുന്‍ പ്രസിഡന്റ് എസ്. അഭിലാഷ്രാജ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഗോപകുമാര്‍ എന്നിവര്‍ കുട്ടികളെ യാത്ര അയയ്ക്കാന്‍ എത്തിയിരുന്നു.
തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രനട ഇന്നലെ തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി നടതുറന്ന് വിളക്കുകള്‍ തെളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: