കാബൂള്‍: അഫ്ഗാനിലെ കാണ്ഡഹാറില്‍ ഷിയാ പള്ളിയില്‍ നടന്ന വമ്പന്‍ സ്ഫോടനത്തില്‍ 15 പേര് കൊല്ലപ്പെട്ടു. 31 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
സ്ഫോടനത്തിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് താലിബാന് ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് ഖാരി സയിദ് ഖോസ്തി പറഞ്ഞു. അഫ്ഗാനില്‍ ഷിയാ വംശജര്‍ക്ക് നേരെയുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം വടക്കന്‍ അഫ്ഗാനിസ്ഥാനിലെ നഗരമായ കുണ്ടൂസില്‍ ഷിയാ പള്ളിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ബോംബ് സ്ഫോടനത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടിരുന്നു.
കാണ്ഡഹാറിലെ ഷിയാ പള്ളിയില്‍ നടന്ന സ്ഫോടനത്തിന്റെ ചിത്രങ്ങളും വീഡിയോകളും പത്രപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നുണ്ട്. ഷിയാകളുടെ ഇമാം ബര്‍ഗ പള്ളിയുടെ നിലത്ത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മതവിശ്വാസികളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുന്നു.
കാണ്ഡഹാര്‍ നഗരത്തിലെ മിര്‍വെയ്സ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനാണ് 15 പേര് കൊല്ലപ്പെട്ടതും 31 പേര്‍ക്ക് പരിക്കേറ്റതും റിപ്പോര്‍ട്ട് ചെയ്തത്. പക്ഷെ മരിച്ചവരുടെയും കൊല്ലപ്പെട്ടവരുടെയും സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്. പള്ളി നില്ക്കുന്ന പ്രദേശം ഇപ്പോള്‍ താലിബാന് പ്രത്യേക സേന വളഞ്ഞിരിക്കുകയാണ്. പരിക്കേറ്റവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ ഇവര്‍ പരിസരത്തുള്ള പ്രദേശവാസികളോട് അഭ്യര്‍ത്ഥിച്ചു.
കുണ്ടൂസില്‍ ഷിയാ പള്ളിയില്‍ നടന്ന സ്ഫോടനത്തിന് തൊട്ടുപിന്നാലെ കാണ്ഡഹാറിലെ ഷിയാ പള്ളിയിലും സ്ഫോടനം നടന്നതോടെ താലിബാന് സര്‍ക്കാര്‍ പ്രതിരോധത്തിലായി. രാജ്യത്ത് സമാധാനം നിലനിര്‍ത്തുന്നതില്‍ താലിബാന് പരാജയമാണെന്ന വിമര്‍ശനം ഒരു ഭാഗത്ത് ഉയരുകയാണ്. രാജ്യത്ത് മാനുഷിക പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും മൂലം ലക്ഷങ്ങള്‍ വലയുന്നതിനിടെയാണ് ക്രമസമാധാനപ്രശ്നവും രാജ്യത്തെ ഗ്രസിക്കുന്നത്.
താലിബാന് ആഗസ്തില്‍ കാബൂള്‍ കിഴടക്കിയതിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ തുടര്‍ച്ചയായി അഫ്ഗാനിസ്ഥാനില്‍ സ്ഫോടനപരമ്പരകളാണ് നടത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും ക്രമസമാധാന ഭീഷണിയൊന്നുമുണ്ടാകില്ലെന്ന് താലിബാന് പറയുമ്പോഴും തുടര്‍ച്ചയായി ആക്രമണങ്ങള്‍ അരങ്ങേറുകയാണ്. ഷിയാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ ഇത്തരം ആക്രമണം ഉണ്ടാകുന്നതോടെ ഭൂരിപക്ഷം വരുന്ന സുന്നി വിഭാഗത്തിന് ഭൂരിപക്ഷമുള്ള രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ അക്രമാസക്തരാകാനുള്ള സാധ്യതയുള്ളതായി പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: