ന്യൂഡല്‍ഹി: നിലവിലെ ഇന്തോ-യുഎസ് പ്രതിരോധ സഹകരണത്തിന്റെ ഭാഗമായി, യുഎസ്എ-യിലെ അലാസ്കയില്‍ ഉള്ള ജോയിന്റ് ബേസ് എല്‍മെന്‍ഡോര്‍ഫ് റീചാര്ഡ്സനിലാണ് ഒക്ടോബര്‍ 15 മുതല്‍ 29 വരെ സംയുക്ത സൈനിക പരിശീലന അഭ്യാസമായ ‘എക്സ് യുദ്ധ് അഭ്യാസ് 2021’ നടക്കുക. ഒരു ഇന്‍ഫന്‍ട്രി ബറ്റാലിയന് ഗ്രൂപ്പിലെ 350 പേര് ഉള്‍പ്പെടുന്ന സംഘമാണ് യാത്രതിരിച്ചത്.
ഇന്ത്യയ്ക്കും യുഎസ്എ-യ്ക്കും ഇടയില്‍ നിലവിലുള്ള ഏറ്റവും വലിയ സംയുക്ത സൈനിക പരിശീലനവും, പ്രതിരോധ സഹകരണ നടപടിയും ആണ് എക്സര്‍സൈസ് യുദ്ധ് അഭ്യാസ്. ഒന്നിടവിട്ട വേളകളില്‍ ഇരുരാജ്യങ്ങളും ആതിഥേയത്വം വഹിക്കുന്ന സംയുക്ത അഭ്യാസത്തിന്റെ പതിനേഴാം പതിപ്പാണ് ഇത്.
2021 ഫെബ്രുവരിയില്‍ രാജസ്ഥാനിലെ ബിക്കാനേറില്‍ ഉള്ള മഹാജന് ഫീല്‍ഡ് ഫയറിങ് റേഞ്ചിലാണ് ഇതിന് മുന്‍പുള്ള പതിപ്പ് നടന്നത്. ഇരു രാജ്യങ്ങള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന സൈനിക സഹകരണത്തിനുള്ള അടുത്ത പടിയാണ് ഈ അഭ്യാസം.
ഇരു സൈന്യങ്ങള്‍ക്കും ഇടയില്‍ ധാരണ, സഹകരണം, പരസ്പരമുള്ള ഇടപെടലുകള്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് ഈ സൈനിക അഭ്യാസം. ശൈത്യ കാലാവസ്ഥകളിലുള്ള സംയുക്ത സൈനിക നീക്കങ്ങള്‍ക്ക് അഭ്യാസത്തില്‍ പ്രത്യേക പ്രാധാന്യം ലഭിക്കും. നയപരമായ പരിശീലനങ്ങള്‍ പങ്കുവെക്കുന്നതിനും, മികച്ച മാതൃകകളില്‍ പരസ്പരം അറിവ് നേടുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് സൈനികാഭ്യാസം. 48 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സാധൂകരണ പ്രക്രിയകള്‍ക്ക് ശേഷമാകും അഭ്യാസം അവസാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: