ഡോണപൗള: ഗോവ രാജ്ഭവന്റെ രണ്ടര ഏക്കർ സ്ഥലം ഇനി ശ്രദ്ധേയമാകും, രാജ്യത്തെ നരേന്ദ്ര മോദി പ്ലാവ് ഉദ്യാനം എന്ന പേരില്‍. ഒരു വര്‍ഷത്തിനുള്ളില്‍ ഇവിടെ നിറയെ പ്ലാവുകളുണ്ടാകും, സമൃദ്ധമായി ചക്കകളോടെ. ഗോവയുടെ ആകര്‍ഷക കേന്ദ്രങ്ങളില്‍ ഒന്നായി മാറുന്ന നരേന്ദ്ര മോദി പ്ലാവ് ഉദ്യാനത്തിന് വിത്ത് പാകിയിരിക്കുകയാണ് ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള.
രാജ്ഭവന്‍ പരിസരത്ത് വിശാലമായ വളപ്പില്‍ ആദ്യ പ്ലാവിന്‍ തൈ നട്ടാണ് നരേന്ദ്ര മോദി പ്ലാവ് ഉദ്യാനം അദ്ദേഹം ഉദ്ഘാടനം ചെയ്തത്. അത്യുല്‍പ്പാദന ശേഷിയുള്ള, ഒരു വര്‍ഷം കൊണ്ട് കായ്‌ക്കുന്ന പ്ലാവിന്‍ തൈകളാണ് ഇവിടെ നടുന്നത്. ചടങ്ങില്‍ രാജ്ഭവന്‍ സെക്രട്ടറി മിര്‍ വര്‍ദ്ധന്‍ ഐഎഎസ് അധ്യക്ഷത വഹിച്ചു. നാഷണല്‍ മോണിമെന്റ് അതോറിറ്റി ചെയര്‍മാന്‍ തരുണ്‍ വിജയ്, ഗ്രീന്‍ വേള്‍ഡ് ക്ലീന്‍ വേള്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര, ഭാരവാഹികളായ സുജിത്ത് ശ്രീനിവാസന്‍, സാജു കുര്യന്‍, വാസു നായര്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, പി.എന്‍. രവി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ 71 മത് ജന്മദിനത്തില്‍ രാജ്ഭവന്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ രണ്ടാമത്തെതാണ് പ്ലാവ് ഉദ്യാനം. ആദ്യഘട്ടത്തില്‍ ആതുരര്‍ക്കായുള്ള ധനസഹായ വിതരണമായിരുന്നു. ഗോവയിലെയും പരിസരങ്ങളിലെയും തിരഞ്ഞെടുത്ത 71 അനാഥാലയങ്ങള്‍ക്കും ഗുരുതര രോഗം ബാധിച്ച 71 ഡയാലിസിസ് രോഗികള്‍ക്കുമാണ് ധനസഹായം നല്‍കിയത്. ഗവര്‍ണറുടെ ഫണ്ടില്‍ നിന്നാണ് തുക നല്‍കിയത്. ഗോവ രാജ്ഭവന്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: