കോഴിക്കോട്: ഭാരതത്തില്‍ ഋഷിത്വത്തിന് ലിംഗഭേദമുണ്ടായിരുന്നില്ലെന്ന് ഹരികൃഷ്ണന് ഹരിദാസ്. കേസരി സര്‍ഗോത്സവത്തില്‍ ‘ഉപനിഷദ് സംവാദങ്ങളിലെ സ്ത്രീ സാന്നിധ്യം’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വേദകാലം മുതല്‍ തന്നെ ഭാരതത്തില്‍ സ്ത്രീകള്‍ക്ക് ഉന്നതസ്ഥാനം കല്പിക്കപ്പെട്ടിട്ടുണ്ട്. വേദങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത് തന്നെ ശ്രുതിമാതാവ് എന്നാണ്. ബ്രഹ്മജ്ഞാനം നേടിയ അനേകം സ്ത്രീകള്‍ അക്കാലത്ത് തന്നെ ഭാരതത്തില്‍ ഉണ്ടായിരുന്നു. ശങ്കരാചാര്യരും മണ്ഡനമിശ്രനും തമ്മിലുള്ള സംവാദത്തിന് സാക്ഷിയായി ഇരുന്നത് ഉഭയഭാരതിയെന്ന സ്ത്രീയായിരുന്നു. ജനകസഭയില്‍ പണ്ഡിതനായ യാജ്ഞവല്ക്യനോട് സംവാദം നടത്തിയത് ഗാര്ഗ്ഗിയെന്ന ബ്രഹ്മവാദിനിയാണ്. സംവാദിവിദ്യ എന്നറിയപ്പെടുന്ന ഉപനിഷത്തുകളിലും ശക്തമായ സ്ത്രീ സാന്നിധ്യം കാണാന്‍ കഴിയും. ഐതരേയം പോലെ സ്ത്രീകളുടെ പേരില്‍ അറിയപ്പെടുന്ന ഉപനിഷത്തുകള്‍ പോലുമുണ്ട്. ഇതെല്ലാം ഭാരതം സ്ത്രീത്വത്തിന് നല്കിയ പ്രാധാന്യത്തെ എടുത്തു കാണിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. സുപ്രിയ എ.കെ. അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡോ. എന്‍.ആര്. മധു രചിച്ച ചെറുകഥാ സമാഹാരമായ ‘ബുദ്ധന് ചിരിക്കാത്ത കാലം’ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ചലച്ചിത്ര താരം വിധുബാലയ്ക്ക് നല്കി പ്രകാശനം ചെയ്തു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്. ഷാബുപ്രസാദ്. ഡോ. എന്‍.ആര്. മധു എന്നിവര്‍ സംസാരിച്ചു. പ്രിയ പി.ജി സ്വാഗതവും വനജ എസ്.നായര്‍ നന്ദിയും പറഞ്ഞു. അഡ്വ. വി. പത്മനാഭന് രചിച്ച ‘വേമ്പനാട്’ എന്ന നോവല്‍ വിധുബാല ഹരികൃഷ്ണന് ഹരിദാസിന് നല്കി പ്രകാശനം ചെയ്തു.
ഡോ. ഇടനാട് രാജന് നമ്പ്യാര്‍ അവതരിപ്പിച്ച ചാക്യാര്‍കൂത്തും യജ്ഞേശ്വര്‍ ശാസ്ത്രിയും സംഘവും ചേര്‍ന്ന് അവതരിപ്പിച്ച ഭജനയും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: