ന്യൂദല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്ര ആയുഷ് വകുപ്പ് നിര്‍ദേശിച്ച ആഴ്സെനിക് ആല്‍ബം വിഷമാണെന്ന പ്രചാരണം വ്യാജമാണെന്ന് ഹോമിയോപ്പതി വകുപ്പ്. മരുന്നിന് പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി.
127 ലധികം രാജ്യങ്ങളില്‍ ഉപയോഗിച്ചു വരുന്ന ഈ മരുന്നിന് യാതൊരു പാര്‍ശ്വ ഫലങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്‍ഫഌമറ്ററി ഡിസീസ്, ആസ്ത്മ, ഇമ്യൂണോളജിക്കല്‍ പ്രശ്നങ്ങള്‍ തുടങ്ങി നിരവധി രോഗാവസ്ഥകള്‍ക്ക് കുട്ടികളുള്‍പ്പെടെ ഏതു പ്രായക്കാര്‍ക്കും ഫലപ്രദമായി ഉപയോഗിക്കാം. പ്രകൃതി ദത്തമായി ലഭിക്കുന്ന ആഴ്സെനിക് ഓക്സൈഡ് എന്ന മൂലകം ഉപയോഗിച്ചാണ് ഈ മരുന്ന് നിര്‍മ്മിക്കുന്നത്. ആഴ്സെനിക് എന്ന ഹെവി മെറ്റല്‍ ഉപയോഗിക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വകുപ്പ് വ്യക്തമാക്കി.
എച്ച്പിഐയുടെ മാനദണ്ഡങ്ങള്‍ പാലിച്ചു ജിഎംപി ഗുണനിലവാരത്തോടു കൂടി മാത്രമാണ് ഇന്ത്യയില്‍ ആഴ്സെനിക് ആല്‍ബം ഉള്‍പ്പെടെയുള്ള എല്ലാ ഹോമിയോപ്പതി മരുന്നുകളും നിര്‍മിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹോമിയോപ്പതി മരുന്നുകള്‍ നിര്‍മിക്കുന്നത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ആലപ്പുഴയിലെ ഹോംകോ എന്ന സഹകരണ മരുന്ന് നിര്‍മ്മാണ ശാലയാണ്.
ഇവിടെ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും ഇന്ത്യയ്ക്ക് പുറത്തു ഗള്‍ഫ് രാജ്യങ്ങളിലേക്കും മരുന്ന് കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. ഹോമിയോപ്പതിക്കെതിരായ ബോധപൂര്‍വമായ കുപ്രചാരണങ്ങള്‍ക്കെതിരെ ആരോഗ്യപ്രവര്‍ത്തകരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തുവാന്‍ വകുപ്പ് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: