ബീയാര്‍ പ്രസാദ്
കുട്ടനാട്ടുകാരനായിരിക്കുക എന്നത് നിര്‍ബന്ധമായിരുന്നു നെടുമുടി വേണു എന്ന ഞങ്ങളുടെ ശശിചേട്ടന്. വളരെ ചെറുപ്പം മുതല്‍ തന്നെ എനിക്ക് അദ്ദേഹവുമായി പരിചയമുണ്ടായിരുന്നു. അദ്ദേഹവും, ഫാസിലും ചേര്‍ന്ന് മിമിക്രിക്ക് മുമ്പുള്ള കലാരൂപമായ ഹാസ്യകലാപ്രകടനവുമായി നടക്കുമ്പോള്‍ മുതല്‍ അറിയും. സിനിമയില്‍ എത്തിയ ശേഷമാണ് അടുത്ത സൗഹൃദമുണ്ടായത്.
ആലപ്പുഴ എസ്ഡി കോളജിലെ ആദ്യ മലയാളം ബാച്ചിലെ ആദ്യ വിദ്യാര്‍ഥിയായിരുന്നു അദ്ദഹം. തമ്പുരാന്‍ സാറായിരുന്നു വകുപ്പ് തലവന്‍. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ സാറിനെ പോലെയുള്ള പ്രമുഖരായിരുന്നു അധ്യാപകര്‍. പിന്നീട് ഞാനും മലയാള വിഭാഗത്തിലെ വിദ്യാര്‍ഥിയായി. കുട്ടനാട്ടുകാര്‍, ഒരേ അധ്യാപരുടെ ശിഷ്യര്‍ തുടങ്ങി ഞങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പൊതുവായ നിരവധി കാര്യങ്ങളുണ്ടായിരുന്നു.
കുട്ടനാട്ടുകാരോട് ഔപചാരികതയില്ലാതെ പെരുമാറുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. തിരുവനന്തപുരത്തെ വീട്ടിലെത്തുന്നവരും, മറ്റു പൊതുവേദിയില്‍ കണ്ടു മുട്ടുന്നവരും കുട്ടനാട്ടുകാരാണെങ്കില്‍ അദ്ദേഹം ആളു മാറും. തനി കുട്ടനാട്ടുകാരനായി, അവിടുത്തെ പഴയകഥകള്‍ പറഞ്ഞ്, ഓര്‍മ്മകള്‍ പങ്കിടാന്‍ അതീവ തല്‍പ്പരനായിരുന്നു. നിരവധി തവണ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ തങ്ങാതെ മടക്കി അയയ്‌ക്കില്ല. ഞങ്ങള്‍ ഇരുവരെയും ബന്ധിപ്പിക്കുന്ന പ്രധാനഘടകം കഥകളി പ്രേമമായിരുന്നു. സകല കലകളും സംഗമിക്കുന്ന കഥകളിയില്‍ അഗാധ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. കഥകളിയെക്കുറിച്ച് മണിക്കൂറുകള്‍ സംസാരിച്ചിരിക്കുമായിരുന്നു.
എസ്ഡി കോളജിലെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് കഴിയുന്നത്ര അദ്ദേഹം പങ്കെടുക്കുമായിരുന്നു. നാട്ടിലെ ക്ഷേത്രോത്സവങ്ങള്‍ക്കും എത്തുമായിരുന്നു. ഒരു മേജര്‍ ശസ്ത്രക്രിയ എനിക്ക് വേണ്ടി വന്നപ്പോള്‍ സാമ്പത്തിക സഹായം നല്‍കി, മാത്രമല്ല ദിവസവും ബന്ധുക്കളെ വിളിച്ച് ചികിത്സാ വിവരങ്ങളും അന്വേഷിക്കുമായിരുന്നു. അവസാനമായി ഏഴു ദിവസം മുന്‍പാണ് എന്നെ വിളിച്ചത്.
ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ഫോണില്‍ നിന്നാണ് വിളിച്ചത്. സുഖവിവരങ്ങള്‍ അന്വേഷിക്കുകയും കാണണമെന്ന് പറയുകയും ചെയ്തിരുന്നു. സംസ്‌ക്കാരത്തിന് തിരുവനന്തപുരം വരെ യാത്ര ചെയ്യാനുള്ള ആരോഗ്യസ്ഥിതി എനിക്കില്ല. അപ്രതീക്ഷിതമായ വേര്‍പാടിനെക്കുറിച്ച് അധികം പറയാന്‍ തനിക്കാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: