ന്യൂദല്‍ഹി : ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഒരു ഭീകരനും ജീവനോടെ തിരികെ പോകില്ല. എന്തുവിലകൊടുത്തും ജമ്മുകശ്മീരിലെ ഭീകരരെ ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. രജൗറിയില്‍ ഭീകരരുമായി ഏറ്റുമുട്ടലുണ്ടായതിന്റെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈനികരുടെ ബലിദാനം വ്യര്‍ത്ഥമാകില്ല. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളും. ഇതിന് ശക്തമായ തിരിച്ചടി സൈന്യം നല്‍കും. തിങ്കളാഴ്ച രജൗറിയിലെ വനമേഖലയില്‍ ഭീകരര്‍ക്കായി തിരച്ചില്‍ നടക്കുന്നതിനിടെയാണ് ഒരു ജൂനിയര്‍ കമ്മീഷന്റ് ഓഫീസറടക്കം അഞ്ച് സൈനികര്‍ വീരമൃത്യുവരിച്ചത്.
നുഴഞ്ഞു കയറ്റത്തിനെതിരെ ശക്തമായ റെയ്ഡുകള്‍ തുടരുന്നതിനിടെയാണ് സൈനികര്‍ വധിക്കപ്പെട്ടത്. ജമ്മുകശ്മീരിലെ ജനജീവിതം തികച്ചും സമാധാനപരമായിട്ടാണ് മുന്നോട്ട് പോകുന്നത്. ഇത് സഹിക്കാന്‍ പറ്റാത്തവരാണ് ഭീകരാക്രമണം നടത്തുന്നത്. അവരെ സഹായിക്കുന്നവരാണ് കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിക്കുന്നതെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
ജമ്മുകശ്മീരിലെ ജനങ്ങള്‍ ഒറ്റക്കെട്ടാണ്. മുന്‍കാലങ്ങളിലെ പോലെ ജനങ്ങളെ വിഭജിക്കാമെന്ന മോഹം ആര്‍ക്കും വേണ്ടെന്നും അനുരാഗ് പറഞ്ഞു. ജമ്മുകശ്മീര്‍ വികസനത്തിന്റെ പാതയിലാണ്. ഭീകരത എന്താണെന്നും ആരാണ് ഭീകരരെ വളര്‍ത്തുന്നതെന്നും ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ക്ക് ജനങ്ങളുടേയും രാജ്യത്തിന്റേയും പൂര്‍ണ്ണപിന്തുണയുണ്ടെന്നും അനുരാഗ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഇവരുടെ പക്കല്‍ നിന്നും നിരവധി വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരര്‍ ലഷ്കര്‍ ഇ തോയ്ബ, റെസിസ്റ്റന്റ് ഫ്രണ്ട് സംഘടനയിലെ അംഗമാണെന്നും റിപ്പോര്‍ട്ടുണ്ട്.
തിങ്കളാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. മറ്റുചില മേഖലകളില്‍ ഭീകരര്‍ക്കായി സൈന്യത്തിന്റെ തിരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: